സണ്ണിച്ചന്റെ മദ്യനയം

കാലത്തെ വരാന്തയിലിരുന്നു പത്രം വായിച്ചുകൊണ്ടിരിക്കെയാണ് വികാരിയച്ചന്‍ വഴിയിലൂടെ ധൃതിയില്‍ നടന്നു വരുന്നത് സണ്ണി കണ്ടത്. പെട്ടെന്ന്‍ സണ്ണി എഴുനേറ്റു ഭാര്യ ജിന്‍സിയോടു “എടീ അച്ചന്‍ വരുന്നുണ്ട്. ഇങ്ങോട്ടാവും? രാവിലെ തന്നെ വരാന്‍ എന്താണാവോ കാര്യം?” എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് ഗേറ്റിനരികിലെക്ക് നടന്നു.

ഇപ്പോള്‍ അച്ചനിങ്ങടുത്തെത്തി.

“ആഹ്. സണ്ണി ഇവിടുണ്ടാരുന്നോ ,ഓഫീസില്‍ പോകാറായില്ലേ?”

“ഇന്നവധിയെടുത്തച്ചോ ഒരു കല്യാണമുണ്ട്. അച്ചന്‍ വാ”

“ഇപ്പൊ സമയമില്ല സണ്ണീ. ഞാനാ സേവിച്ചന്‍റെ വീടുവരെ പോകുവാ”

“ഇത്ര ധൃതി പിടിച്ചു വരുന്ന കണ്ടപ്പോള്‍ എനിക്ക് തോന്നി ഇങ്ങോട്ടാവുമെന്ന്. എന്നാ സേവിച്ചന്‍റെ വീട്ടില്‍ വിശേഷം? അതോ അച്ചനും ഉപദേശിക്കാന്‍ പോകുവാണോ?”

“സണ്ണീ ഉപദേശങ്ങള്‍ ചിലര്‍ക്ക് മാത്രമുള്ളതല്ല. മാന്യന്മാര്‍ എന്ന് പുറം മോടി കാട്ടുന്ന പലരും സേവിച്ചനെക്കാളിലും ഉപദേശിക്കപ്പെടെണ്ടവരാണ് എന്നതാണ് സത്യം… ആ അത് പോട്ടെ… ഞാന്‍ ഇപ്പൊ പോകുന്നത് സേവിച്ചനു തീരെ സുഖമില്ല എന്നറിഞ്ഞു അവനെയൊന്നു കാണാന്‍ പോകുവാ, താന്‍ കണ്ടിരുന്നോ?”

“ഇല്ലച്ചോ ഞാന്‍ അറിഞ്ഞില്ല. എന്നാല്‍ ഒരു നിമിഷം നില്‍ക്കച്ചോ ഞാനും വരാം”

സണ്ണി ഓടിപ്പോയി ഒരു ഷേര്‍ട്ടുമെടുത്തിട്ട് ജിന്‍സിയോടു പറഞ്ഞു “നീ ഒരുങ്ങിക്കോ അപ്പോഴത്തെക്ക് ഞാനിങ്ങു വരാം അച്ചനോടൊപ്പം ആ സേവിച്ചന്റെ വീടുവരെ പോകുവാ”.

“പെട്ടെന്ന് വരനെ സണ്ണിച്ചായാ പത്തു മണിക്കേലും ഇറങ്ങണം” ജിന്‍സി അകത്തു ഒരുങ്ങുന്ന തിരക്കിലാണ്.

“ആ ശരി”. സണ്ണി അച്ചനോടൊപ്പം നടന്നുകൊണ്ട് ചോദിച്ചു:

“സേവിച്ചന് എന്താ അച്ചാ, കുടിയുടെ കുഴപ്പങ്ങള്‍ ആണോ?”

 “അത് തന്നെ. ഇപ്പോള്‍ ഇന്റെര്‍ണല്‍ ബ്ലീഡിംഗ് ഒക്കെ തുടങ്ങി എന്നാണു അറിഞ്ഞത്. രാവിലെ അവള്‍ ഇളയ ചെക്കനെ വിട്ടു പറഞ്ഞത്, ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഇനി അവള്‍ക്ക് വകയില്ല എന്നാണു. ആ ചെന്ന് നോക്കാം എന്തേലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യണം”

“എന്ത് ചെയ്യാനാ അച്ചാ… ഇങ്ങനുണ്ടോ ഒരു കുടി! അതും ഇന്നതൊന്നൊന്നുമില്ല കിട്ടുന്നതെന്തും കുടിക്കും. ആ മക്കളെ കുറിച്ച് പോലും ചിന്തയില്ലാതെ ……”

അച്ചന്‍ സണ്ണിയുടെ മുഖത്തേക്കൊന്നു നോക്കി പിന്നൊന്ന് പുഞ്ചിരിച്ചു.

“എന്താ അച്ചാ ഒരു ചിരി?”

“അല്ല ഇതാരാ ഈ പറയുന്നതെന്ന് നോക്കിയതാ ഞാന്‍…” അച്ചന്‍ ചിരിയോടെ പറഞ്ഞു.

“അതച്ചന്‍ എനിക്കിട്ടൊന്നാക്കിയതാണല്ലോ. എന്‍റെ അച്ചാ ഞാനങ്ങനെ കുടിയനോന്നുമല്ല. വല്ലപ്പോഴും ഒന്ന് അത്രമാത്രം. അതൊടെതമ്പുരാനും അനുവദിച്ചു തന്നിട്ടുള്ളതല്ലേ?”

“സണ്ണീ നിങ്ങടെ കുടിക്ക് ഓടെ തമ്പുരാനേ കൂട്ട് പിടിക്കണ്ട കേട്ടോ…”

“അല്ലച്ചാ ഈ കര്‍ത്താവ് തമ്പുരാന്‍ തന്നെയല്ലേ ആ കാനാവില്‍ കല്യാണ വീട്ടില്‍ വീഞ്ഞ് തീര്‍ന്നപ്പോള്‍ വെള്ളം വീഞ്ഞാക്കി കൊടുത്തത്. അതിന്‍റെ അര്‍ത്ഥമെന്നതാ? കല്യാണങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കുമൊക്കെ അല്പം കഴിക്കുന്നതില്‍ കര്‍ത്താവിനു വിരോധമില്ലാരുന്നു എന്നല്ലേ?”

“സണ്ണീ നിന്നോട് പിന്നേം ഞാന്‍ പറയുവാ; ചുമ്മാ ബൈബിളിലെ ചില വാക്യങ്ങളും ചില സംഭവങ്ങളും അവനോന്റെ യുക്തിക്കനുസരിച്ച് പറഞ്ഞുകൊണ്ട് കള്ള്കുടിയെ ന്യായീകരിക്കരുത്”

“ശോ! ഈ അച്ചന്റെ ഒരു കാര്യം ഞങ്ങളെയൊക്കെ കള്ളുകുടിയന്‍ എന്ന ഗണത്തില്‍ പെടുത്തുന്നത് കഷ്ടമാണച്ചോ. വല്ലകാലത്തും ശകലം കഴിക്കുന്നത്തിനു അച്ചന്‍ ഇങ്ങനെ പറഞ്ഞാലോ?”

“സണ്ണീ ഒരു കള്ളന്‍ ഉണ്ട് നാട്ടില്‍, അവന്‍ നാട്ടിലെ സകല മാടക്കടെം ദിവസോം കുത്തിത്തുറന്ന്‍ എന്തേലുമൊക്കെ മോഷ്ടിക്കും. വേറൊരു പകല്‍മാന്യന്‍ ഉണ്ട് അങ്ങനല്ല വല്ലപ്പോഴുമേ മോഷ്ടിക്കൂ അത് പക്ഷെ ബാങ്ക് കൊള്ളയാരിക്കും… എന്ന് പറഞ്ഞപോലാ നിന്‍റെ ഈ വാദം. മോഷ്ടാവ് എന്നും മോഷ്ടാവ് തന്നെയാ സണ്ണീ. അതിന്‍റെ കൂടെ മാന്യന്‍ എന്ന് ചേര്‍ത്താല്‍ മാന്യനവില്ല. മാന്യനായ മോഷ്ടാവ് എന്ന് പറഞ്ഞാലും മോഷ്ടാവ് തന്നെയാണേ അത് മനസ്സിലാക്കണം നീ.”

“എന്‍റെ അച്ചാ… അച്ചന്‍ ഈ പഴഞ്ചന്‍ ചിന്താഗതികളുമായി നില്‍ക്കാത്. ഇന്നത്തെ ലോകത്തിന്‍റെ ടെന്‍ഷനുകളും അതിന്‍റെ ഇടയില്‍ വല്ലപ്പോഴും കുറക്കാന്‍ അല്പം കഴിക്കുന്നതുമോന്നും യേശുവിനു വിഷയമോന്നുമില്ല. ഞങ്ങളെക്കാളൊക്കെ വലിയ പാപികള്‍ കിടക്കുമ്പോള്‍ ദൈവം ഞങ്ങളെ ഈ ചെറിയ കുറ്റത്തിന് നരകത്തിലെക്കൊന്നും വിടില്ലച്ചോ…” ചിരിയോടെ സണ്ണി പറഞ്ഞു.

“ഞാന്‍ ഒന്ന് പറയട്ടെ സണ്ണീ. എന്ത് ഗുണമാണ് മദ്യപാനംകൊണ്ട് ലഭിക്കുന്നത്? തിരുവചനത്തിന്‍റെ കാഴ്ചപ്പാടനുസരിച്ച് അല്ലെങ്കില്‍ യേശുവിന്‍റെ കാഴ്ചപ്പാടനുസരിച്ച് വി. മത്തായിയുടെ സുവിശേഷം 24: 45-50, വി. ലൂക്കോസിന്റെ 12: 32-48 ഭാഗങ്ങളില്‍ പറയുന്നു, സ്വര്‍ഗ്ഗം ലഭിക്കണമെങ്കില്‍ യജമാനന്‍റെ വരവ് കരുതിയിരിക്കണം എന്ന്. അങ്ങനെ കരുതലുള്ളവര്‍ ആയിരിക്കണമെങ്കില്‍ മദ്യപിച്ചു ലഹരിച്ച് ബോധം നഷ്ടപ്പെട്ടവര്‍ ആയിരിക്കരുത്. ഇത് പറയുമ്പോള്‍ സണ്ണി പറഞ്ഞ വാദത്തോട് ചേര്‍ത്ത് ഒരുകാര്യം കൂടി മനസ്സിലാക്കണം: മരണം, ന്യായവിധി, സ്വര്‍ഗ്ഗം, നരകം എന്നീ ചിന്തകളെ മനസ്സില്‍നിന്നും മായിക്കത്തക്കവിധമുള്ള ഏതൊരു കാര്യവും, അത് മദ്യപാനം ആവട്ടെ, പണത്തോടുള്ള ആര്‍ത്തിയാവട്ടെ, തന്‍റെ സൌന്ദര്യത്തിലുള്ള അഹങ്കാരമാവട്ടെ അങ്ങനെ ദൈവത്തെക്കാള്‍ പ്രാധാന്യം കൊടുക്കുന്ന എന്തുമാവട്ടെ, അത് ലഹരിയാണ്. വി. ലൂക്കോസ് 21: 32-34 പറയുന്നു ‘ആകാശവും ഭൂമിയും കടന്നു പോകും എന്‍റെ വാക്കുകളോ മാറിപ്പോകയില്ല. അതിഭക്ഷണത്താലും മദ്യ ലഹരിയാലും ലൌകിക ചിന്തയാലും ഒരിക്കലും നിങ്ങളുടെ ഹൃദയങ്ങള്‍ ഭാരപ്പെടാതിരിപ്പാന്‍ സ്വയം കരുതിയിരിപ്പിന്‍’ എന്ന്. തുടര്‍ന്നങ്ങോട്ട് ഒരുപാട് വചനങ്ങളിലൂടെ ബൈബിള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു മദ്യമെന്ന ലഹരി പാപമാണെന്നു..”

“എന്‍റെ അച്ചാ ഈ ബൈബിളിലെ വചനങ്ങളില്‍ തന്നെ എത്രയിടത്ത് മദ്യത്തിന്‍റെ കാര്യം എടുത്തു പറയുന്നു. അവര്‍ക്കെല്ലാം മദ്യം ഒരു സാധാരണ കാര്യമായിരുന്നു. നിങ്ങളെല്ലാം കൂടെ അതിനെ വ്യാഖ്യാനിച്ചു പാപമാക്കി. ഉദാഹരണത്തിനു 1 ദിന. 12:40 , 2 ദിന. 31:5; 1 ശമു. 25:18; 2 ശമു. 16:1 തുടങ്ങി ഒരുപാട് ഭാഗത്ത് വീഞ്ഞ് അവരുടെ നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത കാര്യമായിരുന്നുവെന്നു കാണുന്നു. അവരെയൊക്കെ ബൈബിളില്‍ വാഴ്ത്തുന്നു. വല്ലപ്പോഴും അടിക്കുന്ന ഞങ്ങളെ അച്ചനൊക്കെ പാപീന്നു വിളിക്കുന്നു ഇതൊന്നും ശരിയല്ലച്ചോ… കൂടാതെ ‘മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക’ എന്ന് അപ്പോസ്തോലനായ പൌലോസ് തിമോത്തിയോസിനെഴുതിയ ഒന്നാം ലേഖനം അഞ്ചാം അധ്യായത്തില്‍ പറയുന്നില്ലേ അച്ചോ”

 “സണ്ണീ ആ വീഞ്ഞും നീയൊക്കെ ഉപയോഗിക്കുന്ന മദ്യവും ആയി എന്താണ് ബന്ധം? അല്ലെങ്കില്‍ തന്നെ പഴയനിയമകാലത്തെ കാര്യങ്ങളെല്ലാം നീയിന്ന് ചെയ്യുന്നുണ്ടോ? നീ കാളക്കുട്ടിയേം ആട്ടിന്കുട്ടിയെയും ഒക്കെ ബലിയായി അര്‍പ്പിക്കുന്നോ? ഇല്ലല്ലോ? ബൈബിള്‍ വ്യക്തമായി പറയുന്ന കാര്യങ്ങള്‍ നോക്കുക: ‘അന്യായം ചെയ്യുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിന്‍; ദുര്‍ന്നടപ്പുകാര്‍, വിഗ്രഹാരാധികള്‍, വ്യഭിചാരികള്‍, സ്വയഭോഗികള്‍, പുരുഷകാമികള്‍, കള്ളന്മാര്‍, അത്യാഗ്രഹികള്‍, മദ്യപന്മാര്‍, വാവിഷ്ഠാണക്കാര്‍, പിടിച്ചുപറിക്കാര്‍ എന്നിവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളും ചിലര്‍ ഈ വകക്കാരായിരുന്നു; എങ്കിലും നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിനാലും നിങ്ങളെത്തന്നേ കഴുകി ശുദ്ധീകരണവും നീതീകരണവും പ്രാപിച്ചിരിക്കുന്നു.’ (1 കൊരിന്ത്യര്‍ 6:9-11). മാത്രവുമല്ല ‘വീഞ്ഞ് പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു. അവയ്ക്ക് അടിമപ്പെടുന്നവന് വിവേകമില്ല’. (സദൃശ്യ. 20:1-2) എന്ന് ജ്ഞാനികളില്‍ ജ്ഞാനിയായ ശലോമോന്‍ പറയുന്നു. ‘മദ്യപാനി ദൈവരാജ്യം അവകാശപ്പെടുത്തുകയില്ല എന്ന്’ (ഗലാ:5-21) പ. പൌലോസ് അപ്പോസ്തോലന്‍ സ്പഷ്ടമായി പറയുന്നു. നീ പറഞ്ഞതിന് ഞാന്‍ പഴയ നിയമത്തില്‍ നിന്നും പുതിയ നിയമത്തില്‍ നിന്നും ഇനിയും വചനങ്ങള്‍ തരാം അവയോക്കെയോന്നു റെഫര്‍ ചെയ്തു നീ സ്വയം ചിന്തിക്ക്.”

അച്ചന്‍ ഒരു ചെറിയ കുറിപ്പ് എടുത്ത് സണ്ണിക്ക് കൊടുത്തു. അതില്‍ 1 കോരി. 11:20-21; എഫേ 5:17-18,19-21; 1 തെസ്സ 5:7-8; ലേവ്യ 10:8; ആവര്‍ 21:18-21; ഇയ്യോ 1:14,18; ന്യായാ 13:4,7,14; 2 ശമു:11:13; സദ്രിശ്യ 20:1; 23:20-22; 31:2-4; മീഖാ 2:3,11; നാഹൂം:1:9-11; ഹബക്കൂക്ക് 2:15-17; എന്നീ വാക്യങ്ങള്‍ കുറിച്ചിരുന്നു.

“ഇനിയുമോരുപാടുണ്ട് ഈ ഭാഗങ്ങളിലോക്കെയും ലഹരിക്കെതിരെയും അതുകൊണ്ട് വന്നുഭവിച്ച ദോഷങ്ങളെയുമൊക്കെ എടുത്തു കാണിക്കുന്നു.” അച്ചന്‍ പറഞ്ഞു.

“എന്റെ അച്ചാ… ബൈബിള്‍ പറയുന്നത് മുഴുവന്‍ അനുസരിക്കാനോക്കെ സാധിക്കുമോ?” സണ്ണി അല്‍പ്പം ചമ്മലോടെ ആണ് അത് പറഞ്ഞത്.

“എടാ സണ്ണി. നീ തന്നെയല്ലേ ബൈബിളില്‍ നിന്ന് മദ്യപിക്കുന്നതിനെ ന്യായീകരിച്ച് വചനങ്ങള്‍ ഉദ്ധരിച്ചത്. ഇപ്പോള്‍ നീ തന്നെ ബൈബിള്‍ അനുസരിക്കണ്ട എന്ന് പറയുന്നോ? ഇനി വചനം വിട്ട് ലോക രീതിയിലോ ആരോഗ്യ രീതിയിലോ നീ ഒന്ന് ചിന്തിച്ചേ… അല്‍പ നേരത്തെ സന്തോഷത്തിനു വേണ്ടി നിങ്ങള്‍ പൊടിച്ചു കളയുന്ന പണം എത്ര എന്ന്! സന്തോഷിക്കുവാന്‍ വേണ്ടി കളയുന്ന ആ പണംകൊണ്ട് വാങ്ങിയ ലഹരി നിങ്ങള്ക്ക് സന്തോഷം തരുന്നുണ്ടോ? ഇല്ല എന്നല്ലേ ശെരിയായ ഉത്തരം? എന്നാല്‍ ആ പണം ഉപയോഗിച്ച് വിശപ്പടക്കാനോന്നുമില്ലാതെ കഴിയുന്ന ഒരു കുട്ടിക്കെങ്കിലും ഒരു നേരത്തെ ഭക്ഷണം വാങ്ങിക്കൊടുത്തു നോക്കൂ… അപ്പോളറിയാം സന്തോഷമെന്തെന്ന്‍. പല കുടുംബങ്ങളിലും അപ്പന്മാരുടെ മദ്യപാനം ഒന്നുകൊണ്ടു മാത്രം സാമ്പത്തികമായി തകര്‍ന്ന് പഠിക്കാന്‍ പോകാന്‍ പോലും കഴിയാതെ മുരടിച്ചു പോകുന്ന കുട്ടികളെ നീ കണ്ടിട്ടില്ലേ? ദൈവം തന്ന ആയുസ്സിനെ ലഹരിക്കടിമപ്പെടുത്തി ആരോഗ്യം നശിപ്പിച്ച് കുടുംബത്തിനും സമൂഹത്തിനും ഉപയോഗമില്ലാത്തവരായി മാറുന്നവാനായി ജീവിക്കുന്നതാണോ, ആ ദൈവത്തെ അനുസരിച്ച് സമൂഹത്തിനും കുടുംബത്തിനും കൊള്ളാവുന്നവനായി ആരോഗ്യത്തോടെ ജീവിക്കുന്നതാണോ നല്ലത്? മദ്യപന്‍മാരുടെ മക്കളും വഴിപിഴച്ചു പോകുന്നത് പൊതുവേ നീ കാണാറില്ലേ? നിന്‍റെ മുന്നില്‍ തന്നെ ഉദാഹരണാമയിട്ടുള്ള ആളെ അല്ലെ നമ്മളിപ്പോള്‍ കാണാന്‍ പോകുന്ന സേവിച്ചന്‍?  ആ സേവിച്ചന്റെ വീടെത്തി ഇവിടുന്നിറങ്ങീട്ടു ഞാന്‍ ബാക്കി പറയാം…”

സണ്ണിക്കിപ്പോള്‍ അച്ചന്‍റെ കൂടെ പോന്നത് കുരിശായി എന്ന് തോന്നി. വല്ലകാലത്തും രണ്ടു പെഗ് അടിക്കുന്ന എന്നെയും മുക്കുടിയനായ സേവിച്ചനെയുമൊക്കെ അച്ചന്‍ ഒരു കണ്ണില്‍ കാണുക എന്നത് നീതീകരിക്കാന്‍ പറ്റുമോ? ഇത് നല്ല കൂത്ത്!

അകത്തു കയറി സേവിച്ചന്റെ അവസ്ഥ കണ്ടപ്പോള്‍ സണ്ണിക്കും വല്ലായ്മ തോന്നി ആകെ നീര് വച്ചിരിക്കുന്നു.

“അച്ചാ നമുക്കിവനെ ഹോസ്പിറ്റലിലോട്ടു കൊണ്ടുപോയാലോ?”. സണ്ണി അച്ചനോട് ചോദിച്ചു.

“വേണം കൊണ്ടുപോവണം”

“സേവിച്ചാ എന്താ? നമുക്ക് ഹോസ്പിറ്റലില്‍ പോകാം?” അച്ചന്‍ സേവിച്ചനോട് പതിയെ ചോദിച്ചു.

പ്രതിഷേധത്തോടെ തലയാട്ടിക്കൊണ്ട് സേവിച്ചന്‍ എതിര്‍ത്തു. പിന്നെ പതിയെ പറഞ്ഞു:

“വേണ്ടച്ചാ ഇനിയൊന്നും ചെയ്യാനില്ല. എന്‍റെ സമയമടുത്തു. ദൈവത്തെയും സമൂഹത്തെയും കുടുംബത്തെയും മാനിക്കാതെ ഞാന്‍ ചെയ്ത പ്രവര്‍ത്തികളുടെ ഫലമാണിപ്പോള്‍ ഞാന്‍ അനുഭവിക്കുന്നതച്ചാ. അച്ചനെയൊക്കെ ഞാന്‍ ഒരുപാട് പരിഹസിച്ചിട്ടുണ്ട്. ക്ഷമിക്കണം അച്ചോ. ഇന്നെനിക്കറിയാം അച്ചന്റെ ഉപദേശം അനുസരിക്കാതെ ഈ ലഹരിക്കടിമാപ്പെട്ടു നടന്നതിന്‍റെ ഫലമാനിതെന്ന്. ഇന്ന് ഞാന്‍ കാണുന്നു എന്നെ കൊണ്ടുപോകാനായി കാത്തു നില്‍ക്കുന്ന സംഘത്തെ. എന്‍റെ ആത്മാവ് കിടക്കേണ്ട കെടാത്ത തീയും ചാകാത്ത പുഴുക്കളും എല്ലാം എന്‍റെ വരവിനായി കാത്തിരിക്കുന്നതെനിക്ക് കാണാം… ആ എനിക്ക് മേലച്ചാ വേദന എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല….. എന്‍റെ കുഞ്ഞുങ്ങള്‍ ….. അവരെക്കുറിച്ച് ഞാന്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ലല്ലോ അച്ചോ. അച്ചന്റെ ദൈവത്തോടോന്നു പ്രാര്‍ത്തിക്കുമോ എനിക്കൊരവസരം തരാന്‍…? എന്‍റെ കുഞ്ഞുങ്ങള്‍ക്കായി ഒന്ന് ജീവിക്കാന്‍ ഒരവസരം …” അനിയന്ത്രിതമായ ചുമ കാരണം സേവിച്ചനൊന്നും പൂര്‍ത്തീകരിക്കാനായില്ല.

“സേവിച്ചാ അങ്ങനെയൊന്നും കരുതണ്ട. നമ്മുടെ ദൈവം പാപികളെ വീണ്ടെടുക്കാന്‍ വന്നവനാണ്. നീ മന:സ്ഥാപിക്കുന്നു എങ്കില്‍ ദൈവം നിന്നോട് കരുണ ചെയ്യും. പല അവസരങ്ങളിലും ദൈവം നിന്നെ വിടുവിചെങ്കിലും നീ വീണ്ടും വീണ്ടും തെറ്റിലേക്ക് പോകുകയായിരുന്നു. എങ്കിലും ഇന്ന് നീ മാനസാന്തരത്തോടെ ദൈവത്തോട് യാചിച്ചാല്‍ ദൈവം കരുണ ചൊരിയും. നമുക്ക് പ്രാര്‍ഥിക്കാം… എന്നിട്ട് നമുക്ക് ആശുപത്രിയിലേക്ക് പോകാം”

അച്ചന്‍ സണ്ണിയെ കണ്ണ് കാണിച്ചു വണ്ടി അറേഞ്ച് ചെയ്യാന്‍. സണ്ണി പെട്ടെന്ന് തന്നെ വെളിയിലേക്ക് പോയി ആംബുലന്‍സിനായി ഫോണ്‍ ചെയ്തു.

പ്രാര്‍ത്ഥന കഴിഞ്ഞു വെളിയിലിറങ്ങിയ അച്ചനോട് സണ്ണി പറഞ്ഞു “ആംബുലന്‍സ് ഇപ്പൊ വരുമച്ചോ”

“സണ്ണീ ഈ സേവിച്ചനും ഒരുകാലത്ത് നിന്നെപ്പോലെ ആയിരുന്നു. വല്ലപ്പോഴുമുള്ള മദ്യപാനം… പിന്നീട് കട നഷ്ടത്തിലേക്ക്‌ കൂപ്പു കുത്താന്‍ തുടങ്ങിയപ്പോള്‍ ദിവസേനയായി. ഇപ്പോള്‍ ഈ അവസ്ഥയിലും! ചിന്തിക്കൂ ദൈവം അവസരങ്ങള്‍ നമുക്ക് തരും അതിനെ ശെരിയായി ഉപയോഗിക്കാന്‍ നാമാണ് തയ്യാറാവേണ്ടത്‌ …”

സണ്ണി ഒന്നും മിണ്ടാതെ വഴിയിലേക്ക് നോക്കി നിന്നു… ദൂരെ നിന്നും ആംബുലന്‍സ് വരുന്നത് കണ്ടു അകത്തേക്ക് കയറി… “സേവിച്ചാ നമുക്ക് ആശുപത്രിയിലേക്ക് പോകാം…”

സേവിച്ചന്‍ അപ്പോഴേക്കും അബോധാവസ്ഥയിലേക്ക് വീണിരുന്നു.

വണ്ടി വന്ന ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് സേവിച്ചനെ ആംബുലന്‍സിലേക്ക് കയറ്റി. ആംബുലന്‍സ് ആശുപത്രിയെ ലക്ഷ്യമാക്കി നീങ്ങി…

സേവിച്ചന്റെ വീട്ടില്‍ നിന്നും വഴിയിലെക്കിറങ്ങുമ്പോള്‍ സണ്ണിയുടെ ചെവികളില്‍ സേവിച്ചന്‍റെയും അച്ചന്റെയും വാക്കുകള്‍ വീണ്ടും വീണ്ടും മുഴങ്ങുകയായിരുന്നു…