വലിയ മോര്‍ ബസേലിയോസ് (St. Basil the Great)

സീസറിയായിലെ (കേസര്യ) മോര്‍ ബസേലിയോസ് (Basil of Caesarea) എന്നും വിളിക്കപ്പെടുന്ന വലിയ മോര്‍ ബസേലിയോസ് ജനിക്കുന്നത് AD 330 നോടടുത്ത് സീസരിയായിലെ ഒരു ധനാഢ്യ കുടുംബത്തില്‍ ആണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ പേരും ബസേലിയോസ് എന്നായിരുന്നു. പിതാവായ ബസേലിയോസ് ഒരു മല്പ്പാനും ക്രിസ്തീയ വിശ്വാസത്തിന്റെ പേരില്‍ ഒരുപാട് പീഡനം അനുഭവിക്കുകയും ചെയ്തയാള്‍ ആയിരുന്നു. വളരെ ദൈവഭാക്തരായ അംഗങ്ങള്‍ ആയിരുന്നു കുടുംബത്തില്‍ ഉണ്ടായിരുന്നത്. എനേകം ക്രിസ്തീയ രക്തസാക്ഷികളും ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നു. കഥാപുരുഷന്റെ നാല് സഹോദരങ്ങളും വിശുദ്ധരായി അറിയപ്പെടുന്നു. അതില്‍ പ്രധാനിയാണ്‌ പ്രസിദ്ധനായ നിസ്സായിലെ മോര്‍ ഗ്രീഗോറിയോസ് (St. Gregory of Nyssa).

പിതാവിന്റെയും കുടുംബത്തിലെ മുതിര്‍ന്നവരുടെയും ദൈവഭക്തിയിലും ശിക്ഷണത്തിലും വളര്‍ത്തപ്പെട്ട ബസേലിയോസ് ബാല്യം മുതലേ പഠനത്തിലും ധ്യാനത്തിലും ശ്രദ്ധാലുവായിരുന്നു. ഇദ്ദേഹം കേസര്യയിലേക്ക് ഉന്നത പഠനത്തിനായി പുറപ്പെട്ടു. അവിടുത്ത പഠനത്തിനു ശേഷം കുസ്തന്തീനോപ്പൊലീസില്‍ എത്തി. അവിടെ വച്ചു പരിചയപ്പെട്ട നാസിയാനിലെ മോര്‍ ഗ്രീഗോറിയോസ് (St. Gregory of Nazianzen) അദ്ദേഹത്തിന്റെ സന്തത സുഹൃത്തായി തീര്‍ന്നു. ഇവര്‍ രണ്ടു പേരും ബസേലിയോസിന്റെ സഹോദരനായ ഗ്രീഗോറിയോസും ചേര്‍ന്ന് കപ്പദോക്യന്‍ പിതാക്കന്മാര്‍ (Cappadocian Fathers) എന്ന് അറിയപ്പെടുന്നു.നാസിയാനിലെ ഗ്രീഗോറിയോസ് പറയുന്നതനുസരിച്ച് കുസ്തന്തീനോപ്പൊലീസില്‍ വച്ച് ഒരു മനുഷ്യന് അറിയാനും പഠിക്കാനും പറ്റുന്നതത്രയും ബസേലിയോസ് സ്വായത്തമാക്കി. പിന്നീട് തന്റെ പ്രധാന പ്രവര്‍ത്തന മേഖലയായ കേസര്യായിലേക്ക് മടങ്ങി.

മടങ്ങിയെത്തിയ ബസേലിയോസ് സീസറിയായിലെ വേദപാഠശാലയിലെ മല്പ്പാനായി തീര്‍ന്നു. അദ്ദേഹത്തിന്റെ പാടവം തിരിച്ചറിഞ്ഞ സീസറിയായിലെ ബിഷപ്പ് ദയാനിയസ് ബസേലിയോസിനെ കൊറൂയോ (reader) സ്ഥാനത്തേക്ക് ഉയര്‍ത്തി. തന്റെ സഹോദരിയും സന്യാസിനിയുമായ മക്രീനയുടെ സഹാവാസത്താല്‍ അദ്ദേഹം ഭക്ത്യാഭ്യാസത്തിലും സന്യാസത്തിലും കൂടുതല്‍ ആകൃഷ്ടനായി തീര്‍ന്നു. താന്‍ ഒരു ഉറക്കത്തില്‍ നിന്ന് എഴുന്നെല്‍ക്കുകയായിരുന്നു എന്നാണു ഈ അനുഭവത്തെക്കുറിച്ച് ബേസില്‍ അഭിപ്രായപ്പെട്ടത്. ഈജിപ്ത്, സിറിയ, പാലെസ്തീന്‍, മെസ്സോപ്പോട്ടാമിയ എന്നിവിടങ്ങളിലെ ആശ്രമങ്ങളില്‍ സന്ദര്‍ശനം നടത്തി അവിടുത്തെ അവരുടെ ജീവിതശൈലിയെക്കുറിച്ച് അറിഞ്ഞു. തന്റെ സ്വദേശത്തേക്ക് മടങ്ങിയ ബസേലിയോസ് അവിടെ ഒരു ദയറാ സ്ഥാപിച്ചു. സന്യാസപ്രസ്ഥാനത്തിന് വിപുലമായ നിയമസംഹിത രൂപീകരിച്ചു.  പൌരസ്ത്യ ക്രിസ്ത്യാനികളുടെ ഇടയില്‍ ആശ്രമ സന്യാസികളുടെ പിതാവായി ഇദ്ദേഹം അറിയപ്പെടുന്നു. നാസിയാനിലെ ഗ്രിഗോറിയോസുമൊത്ത് ഇദ്ദേഹം ‘ഫിലോക്കാലിയ’ എന്ന പ്രസിധമായ ഗ്രന്ഥം പ്രസിദ്ധീകരിച്ചു.

കേസര്യായില്‍ ദയാനിയസിന്റെ മരണത്തോടെ യൌസേബിയോസ് ബിഷപ്പായി. ബസേലിയോസ്, AD 363 -ല്‍ യുസേബിയോസിനാല്‍ കാശീശാ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. AD 370 -ല്‍ യുസേബിയോസിന്റെ മരണത്തോടെ കേസര്യായിലെ സിംഹാസനത്തിന്റെ അവകാശിയായിത്തീര്‍ന്നു. കേസര്യായിലെ സഭ 11 ഭദ്രാസനങ്ങളോട് കൂടിയ ഒന്നും ബിഷപ്പ് മെത്രാപ്പോലീത്തായും ആയിരുന്നു. (എപ്പിസ്കൊപ്പാമാരുടെ തലവനാണ് മെത്രാപ്പോലീത്ത). ആദിമ അഞ്ചു പാത്രിയാര്‍ക്കല്‍ സിംഹാസനങ്ങള്‍ക്ക് താഴെ സ്ഥാനം കേസര്യായിലെ സിംഹാസനത്തിനു നല്‍കപ്പെട്ടു.

അദ്ദേഹത്തിന്റെ മിഷനറി സേവനവും പ്രസിദ്ധമാണ്. കൊള്ളക്കാരെയും വേശ്യകളെയും അദ്ദേഹം മനസ്സാന്തരത്തിലേക്ക് നയിച്ചു. പുരോഹിതര്‍ ദ്രവ്യാഗ്രഹം ഇല്ലാത്തവര്‍ ആയിരിക്കണം എന്ന് നിഷ്കര്‍ഷിച്ചു. അഴിമതിക്കാരായ ഭരണാധികാരികളെ വിമര്‍ശിച്ചു. കേസര്യാപട്ടണത്തിനു പുറത്ത് പാവപ്പെട്ടവര്‍ക്കായി ഭവനങ്ങളും ആശുപത്രിയും അടങ്ങിയ സമുച്ചയം പണികഴിപ്പിച്ചു. ഇത് ഇപ്പോള്‍ Basiliad എന്ന് അറിയപ്പെടുന്നു.

അറിയോസിന്റെ വേദവിപരീതം (യേശു ദൈവമല്ല എന്ന വിശ്വാസം) പടര്‍ന്നു പന്തളിച്ച അക്കാലത്ത് ഓര്‍ത്തോഡോക്സ് വിശ്വാസത്തിന്റെ പടയാളി ആയിരുന്നു വിശുദ്ധന്‍. അറിയോസ് അനുഭാവിയായ വാലെന്‍സ് ചക്രവര്‍ത്തിക്ക് എതിരായി ബസേലിയോസ് ധൈര്യസമേതം പ്രവര്‍ത്തിച്ചു. ബസേലിയോസിനെ സ്ഥാനഭ്രഷ്ടനാക്കാന്‍ ചക്രവര്‍ത്തി പലവുരു ശ്രമിച്ചെങ്കിലും പരാചയപ്പെട്ടു. എങ്കിലും ബസേലിയോസ് നേതൃത്വം നല്‍കിയ ദനഹാപ്പെരുന്നാല്‍ ശുശ്രൂഷയ്ക്ക് ചക്രവര്‍ത്തി വരുകയും വിശുദ്ധന്റെ പ്രാഭാവത്താല്‍ അദ്ദേഹത്തിനു Basiliad പണികഴിപ്പിക്കാന്‍ സ്ഥലം സമ്മാനിക്കുകയും ചെയ്തു. അറിയോസ് വിശ്വാസത്തിനു എതിരെ അത്താനാസിയോസിന്റെ കൂടെ അദ്ദേഹം പടപൊരുതി.

മോര്‍ ബസേലിയോസ് അനേകം ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അതില്‍ On the Holy Spirit, Homilies on Six Days of Creation എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധമാണ്. അദ്ദേഹത്തിന്റെ 360-ല്‍ പരം എഴുത്തുകളും നമുക്ക് ലഭ്യമായിട്ടുണ്ട്. ഒരു കുര്‍ബാന തക്സാ ബസേലിയോസിന്റെ പേരില്‍ അറിയപ്പെടുന്നുണ്ട്.

AD 379 -ല്‍ വലിയ മോര്‍ ബസേലിയോസ് കാലം ചെയ്തു. വിശുദ്ധന്റെ ഓര്‍മ്മ  നാസിയാനിലെ മോര്‍ ഗ്രീഗോറിയോസിനോടൊപ്പം ജാനുവരി 1 നു സഭ ആഘോഷിക്കുന്നു.