യേശു ജനിച്ചത് ഡിസംബര്‍ 25 നോ? (Was Jesus Born on December 25?)

പോപ്‌ അലക്സാണ്ടര്‍ ആറാമന്‍ 1 ജനുവരി 1431 ന് ജനിച്ചതുകൊണ്ട് സുഡാന്‍ പ്രസിഡന്റ്‌ ആയിരുന്ന ഒമര്‍ അല്‍ ബഷീര്‍ 1 ജാനുവരി 1944ന് അല്ലാ ജനിച്ചത് എന്ന് വാദിച്ചാല്‍ ശെരിയാകുമോ? അദ്ദേഹം ജനുവരി ഒന്നിന് അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കാന്‍ പാടില്ലാ എന്നുണ്ടോ?

കാര്‍മല്‍ ഈ ചോദ്യം ചോദിക്കാന്‍ ഒരു കാരണമുണ്ട്. ഇത് ക്രിസ്തുമസ് കാലം. ക്രിസ്ത്യാനികള്‍ ക്രിസ്തുവിന്റെ ജനനം പൂര്‍വാധികം ഭംഗിയോടെ ആഘോഷിക്കാന്‍ നോമ്പോടും പ്രാര്‍ത്ഥനയോടും തയ്യാറെടുക്കുന്നു. ചില നവീന നേതാക്കള്‍ പതിവുപോലെ ക്രിസ്തുമസ് ആഘോഷം പൈശാചികമാണ്, പ്രാകൃതമാണ് ഇത്യാദി ആരോപണങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. തമ്മൂസ് ദേവന്റെ പിറന്നാള്‍ ഡിസംബര്‍ 25 നാണ് പ്രാകൃത മതക്കാര്‍ ആഘോഷിച്ചിരുന്നത് എന്നും അതുകൊണ്ട് ക്രിസ്തുമസ് ഒരു പ്രാകൃത ഉത്സവം ആണെന്നും ആണ് പാസ്റ്റര്‍മാരുടെ കണ്ടെത്തല്‍!

ഡിസംബര്‍ മാസം തന്നെയാണ് ക്രിസ്തു ജനിച്ചത്‌ എന്ന് വചന അടിസ്ഥാനത്തില്‍ കാര്‍മല്‍ ടീം തെളിയിക്കാം. ഈ ലേഖനം മുഴുവന്‍ വായിക്കുക.

അപ്പോള്‍ ‘ആണ്ടറുതി യോഗം’ എന്നതും പ്രാകൃതമല്ലേ?

ക്രിസ്മസിനെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച അതേ വ്യക്തികള്‍ തന്നെ, ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ്  ജാനുസ് ദേവന്റെ പിറന്നാള്‍ ദിനമായ ജനുവരി ഒന്നാം തിയതി ‘ആണ്ടറുതി യോഗം’ സാഘോഷം കൊണ്ടാടുകയും ചെയ്യും എന്നതാണ് രസകരം!! ജാനുവരി മാസം ജാനുസ് ദേവന്റെ ബഹുമാനാര്‍ഥം വര്‍ഷത്തില്‍ ഉള്‍പ്പെടുത്തപ്പെട്ട മാസമാണ്. അതിന്റെ ഒന്നാം ദിവസം പ്രാകൃത റോമ മതക്കാര്‍ ജാനുസ് ദേവന്റെ പിറന്നാള്‍ ആയി കൊണ്ടാടിയിരുന്നു. അതാണ്‌ പിന്നീട് പുതുവത്സര ആഘോഷമായി പാശ്ചാത്യര്‍ ആഘോഷിക്കാന്‍ തുടങ്ങിയത്. കൂടുതല്‍ അറിയാന്‍: ആണ്ടുപ്രവേശന ശുശ്രൂഷ അഥവാ അന്യദേവ ആരാധന . ക്രിസ്തുമസ് പ്രാകൃതം ആണെങ്കില്‍ ആണ്ടറുതിയും പ്രാകൃതമല്ലേ? എന്തിനീ ഇരട്ടത്താപ്പ് സഹോദരങ്ങളേ??

തണുപ്പുകാലവും ആട്ടിടയന്മാരും

ഒരു പാസ്റ്റര്‍ ബൈബിള്‍ നോക്കിയാല്‍ യേശു ഡിസംബറില്‍ ആണ് ജനിച്ചത് എന്ന് തെളിവൊന്നും കാണാന്‍ സാധിക്കില്ല. മാത്രമല്ല, അല്ലാ എന്നതിന് ഇത്തരം വരട്ടു ന്യായങ്ങള്‍ കണ്ടെത്തുകയും ചെയ്യും. കാരണം ഇവര്‍ യേശുവിനെ ആരാധിക്കുന്നു എന്ന് വരുത്തി തീര്‍ത്ത്, യേശുവിനെ എതിര്‍ക്കുകയാണ് ചെയ്യുന്നത്. കണ്ടില്ലേ യേശുവിനെ തമ്മൂസും ആയി ഉപമിക്കാന്‍ കിടന്നു പെടാപ്പാട് പെടുന്നത്? ഇങ്ങനെയുള്ളവരുടെ വായില്‍ നിന്ന് തന്നെ ഇവരുടെ ഉദ്ദേശം വ്യക്തം ആണ്. നമുക്കാര്‍ക്കും ഡിസംബര്‍ 25നു തന്നെയാണ് യേശു ജനിച്ചത് എന്നാ യാതൊരു വാദവും ഇല്ല. ഏകദേശ കാലം കണക്കാകിയാണ് നാം നമ്മുടെ രക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുന്നത്.

തണുപ്പ് കാലത്ത് രാത്രി ഇടയന്മാര്‍ പുറത്ത് കാവല്‍ പാര്‍ക്കാരില്ലായിരുന്നു എന്നാണ് ചിലരുടെ വാദം. എല്ലാ വീടുകളില്‍ പോലും അന്ന് തണുപ്പുകാലത്ത് തീ കായുവാന്‍ നെരിപ്പോട് ഇല്ലായിരുന്നു. അങ്ങനെ ഉള്ളവര്‍ പുറത്ത് തീ കൂട്ടിയാണ് തീ കാഞ്ഞിരുന്നത്. പ്രത്യേകിച്ച് ഇടയന്മാര്‍. കാരണം ഇടയന്മാരുടെ പുല്ലും വൈക്കോലും ചുള്ളിക്കമ്പും കൊണ്ട് ഉണ്ടാക്കിയ ആ താല്ക്കാലിക കൂര കത്തിപോകും. ആ സമയം മഴ ഇല്ലായിരുന്നു എന്നും വ്യക്തം. കാരണം മഴ ഉണ്ടെങ്കില്‍ പുറത്തു കഴിയുക അസാധ്യം ആണ്. മഞ്ഞുകാലത്ത് 24 മണിക്കൂറും മഴ ഉണ്ടാകണം എന്നില്ലല്ലോ.

യേശു ജനിച്ചത് ഏതു മാസമാണ്?

ഇനി നമുക്ക് ബൈബിള്‍ അടിസ്ഥാനം ആക്കി തന്നെ നോക്കാം യേശു ജനിച്ചത്‌ ഏകദേശം ഡിസംബര്‍ 25നു തന്നെ ആണോ എന്ന്. യേശുക്രിസ്തു ജനിച്ചു എന്നാ കാലം വാസ്തവത്തില്‍ വ്യക്തമായ സൂചന തരുന്ന ഭാഗങ്ങള്‍ ബൈബിളില്‍ തന്നെ ഉണ്ട്. പ്രാര്‍ഥനയോടുകൂടി തിരുവെഴുത്തുകളെ സമീപിച്ചാല്‍ നമുക്ക് അത് വ്യക്തമാകും.

സഖറിയായ്ക്ക് പുത്രന്റെ മംഗളവാര്‍ത്ത

ലൂക്കോസ് അദ്ധ്യായം 1 പരിശോധിച്ചാല്‍ പൌരോഹിത്യ മര്യാദ അനുസ്സരിച്ച് കര്‍ത്താവിന്റെ മന്ദിരത്തില്‍ ചെന്നു ധൂപം കാട്ടുവാന്‍ സെഖര്യാവിന് നറുക്ക് വീഴുകയും അങ്ങനെ ധൂപം കാട്ടുന്ന അവസരത്തില്‍ ദൂതന്‍ പ്രത്യക്ഷപ്പെടുകയും ഒരു മകന്റെ മംഗളവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നതായി കാണാം. ഈ കുഞ്ഞാണ് കര്‍ത്താവിനു വഴിയൊരുക്കാന്‍ വന്ന യോഹന്നാന്‍ സ്നാപകന്‍. യേശുവിന്റെ അമ്മ മറിയം ഗര്‍ഭം ധരിക്കുന്നത് ഇത് കഴിഞ്ഞു ആറുമാസം ആകുമ്പോള്‍ ആണ് എന്നും ബൈബിള്‍ പറയുന്നു. അതായത് യോഹന്നാന്‍ സ്നാപകനെക്കാള്‍ ആറുമാസം ഇളപ്പം. അങ്ങനെയെങ്കില്‍ യോഹന്നാന്‍ സ്നാപകന്റെ ജന്മദിനം കണ്ടുപിടിച്ചാല്‍ യേശുവിന്റെ ജന്മദിനം കണ്ടുപിടിക്കാം. അല്ലെ? ആദ്യം നമുക്ക് അതിനു ശ്രമിക്കാം.

അഹരോന്റെ പുത്രിമാരില്‍ ഒരുവള്‍ ആയിരുന്നു സെഖര്യാവിന്റെ പത്നി എലിസബത്ത് (ലൂക്കാ 1:5). സെഖര്യാവ് തന്റെ ശുശ്രൂഷാ കാലം തികച്ചു വീട്ടിലേക്കു പോയി (ലൂക്കാ 1:23). ഇതേ അദ്ധ്യായം 5-8 വരെ ഉള്ള വാക്യങ്ങളില്‍ നിന്നും സെഖര്യാവ് കൂറിന്റെ ക്രമ പ്രകാരം ദൈവസന്നിധിയില്‍ നീതിയുള്ളവനും കര്‍ത്താവിന്റെ സകല കല്പനകളിലും ന്യായങ്ങളിലും കുററമില്ലാത്തവനും ആയ പുരോഹിതന്‍ ആയിരുന്നു എന്നും മനസ്സിലാക്കാം. ഇത്രയധികം സന്തോഷകരമായ ഒരു ദൂത് ദൈവദൂതന്‍ അറിയിച്ചിട്ടും സെഖര്യാവ് വീട്ടില്‍ പോകാതെ തന്റെ ശുശ്രൂഷാകാലം കഴിച്ചു കൂട്ടി. ആ നാളുകള്‍ കഴിഞ്ഞിട്ടു അവന്റെ ഭാര്യ എലീശബെത്ത് ഗര്‍ഭം ധരിച്ചു (ലൂക്കാ 1:24) എന്ന് പറയുന്നതില്‍ നിന്ന്, തിരികെ വീട്ടില് എത്തിയ ശേഷം ആണ് ഗര്‍ഭം ധരിച്ചത് എന്നും വ്യക്തം. ഗര്‍ഭം ധരിച്ച ശേഷം എലിസബത്ത് 5 മാസം ഒളിവില്‍ താമസിക്കുന്നു. ആറാം മാസ്സത്തില്‍ ആണ് ഗബ്രിയേല്‍ മാലാഖ മാറിയതിനു പ്രത്യക്ഷം ആകുന്നതു എന്ന് വ്യക്തമായി ഇതേ അദ്ധ്യായം 26- ആം വാക്യത്തില്‍ കാണാം. യേശുവിന്റെ മാതാവ് മറിയ എലിസബത്തിനെ ചെന്ന് കാണുന്ന ഭാഗം ഇതേ അധ്യായത്തില്‍ 38- ആം വാക്യം തൊട്ടു കാണാം.

സഖറിയായുടെ ശുശ്രൂഷാകാലവും എലിസബത്തിന്റെ ഗര്‍ഭധാരണവും

ലൂക്കാ 1:5, 1:8 എന്നീ വാക്യങ്ങളില്‍ അബീയാക്ക് കുറില്‍ പുരോഹിതന്‍ ആയിരുന്നു എന്ന് വ്യക്തം ആണല്ലോ. അബീയാക്ക് കുര്‍ പ്രകാരം സ്നാപക യോഹന്നാന്റെ ജന്മദിനം കണ്ടുപിടിക്കാന്‍ ഇനി നമുക്ക് വേദപുസ്തകം പുറകോട്ടു മറിക്കാം. 1 ദിനവൃത്താന്തം 24:1-10 നോക്കിയാല്‍ എപ്രകാരം ആണ് ക്രിസ്തുവിനു ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പേ ദാവീദ് രാജാവ് പൌരോഹിത്യം ക്രമപ്പെടുതിയിരുന്നത് എന്ന് കാണാം. യിസ്രായേലിന്റെ ദൈവമായ യഹോവ അഹരോനോടു കല്പിച്ചതുപോലെ അവന്‍ അവര്‍ക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍ വരേണ്ടുന്ന ക്രമം ആയിരുന്നു ഇത് ( 1 ദിനവൃത്താന്തം 19). ആകെ 24 ക്രമങ്ങള്‍. അതില്‍ 12 എണ്ണം ആലയത്തിന്റെ ശുശ്രൂശയ്ക്കും മറ്റു 12 ആലയത്തിന്റെ ഭരണക്രമത്തിനും ആയിരുന്നു. ഓരോ ക്രമത്തിലും ഉള്ളവര്‍ ഹീബ്രു വര്‍ഷത്തിലെ ആദ്യ മാസ്സമായ നീസ്സാന്‍ മാസം (മാര്‍ച്ച്‌ ആദ്യ ഭാഗം തൊട്ടു ഏപ്രില്‍ ആദ്യ ഭാഗം വരെ) തൊട്ടു ഓരോ മാസം ഓരോ ശുശ്രൂഷകള്‍ ചെയ്തു പോന്നു. അബീയാവിന്റെ മക്കള്‍ എട്ടാം ക്രമത്തില്‍ ആയിരുന്നു (1 ദിനവൃത്താന്തം 10).

അങ്ങനെയെങ്കില്‍ എട്ടാം ക്രമത്തില്‍ വരുന്ന സെഖര്യാവ് തന്റെ ശുശ്രൂഷ ചെയ്തത് ഹീബ്രു കലണ്ടര്‍ അനുസ്സരിച്ച് എട്ടാം മാസം, അതായത് നമ്മുടെ ഒക്ടോബര്‍ മാസത്തിലെ ആദ്യ ചില ദിനങ്ങള്‍ ആണ് എന്ന് മനസ്സിലാക്കാം. ഒരാഴ്ച ആയിരുന്നു ഇവര്‍ക്കുള്ള ശുശ്രൂഷാ കാലം എന്ന് 2 ദിനവൃത്താന്തം 23:8, 1 ദിനവൃത്താന്തം 9:25 എന്നിവ പ്രകാരം മനസ്സിലാക്കാം. അതിന്‍പ്രകാരം ഒക്ടോബര്‍ അഞ്ചാം തീയതി ആണ് ശുശ്രൂഷ തുടങ്ങിയത് എങ്കില്‍ ഒക്ടോബര്‍ പന്ത്രണ്ടാം തീയതി തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കി അദ്ദേഹം തിരികെ വീട്ടില് എത്തുകയും ഒക്ടോബര്‍ 15-30 തീയതികള്‍ക്കുള്ളില്‍ ഗര്‍ഭധാരണം സംഭവിക്കുകയും ചെയ്തുകാണും.

മറിയാമിന്റെ ഗര്‍ഭധാരണവും യേശുവിന്റെ ജനനവും

ഗര്‍ഭധാരണത്തിന് ശേഷം എലിസബത്ത്‌ അഞ്ചു മാസം ഒളിച്ചു താമസിച്ചു എന്ന് തിരുലിഖിതങ്ങളില്‍ നാം കാണുന്നു. അതുകഴിഞ്ഞ് ആറാം മാസം, മുകളിലെ കണക്കുകള്‍ പ്രകാരം മാര്‍ച്ച്‌ 15 തൊട്ട് ഏപ്രില്‍ 15 വരെ എന്ന് മനസ്സിലാക്കാം. ഈ കാലഘട്ടത്തില്‍ തന്നെയാണ് ഗബ്രിയേല്‍ മാലാഖ പ്രത്യക്ഷപ്പെടുകയും യേശു ജനിക്കും എന്നാ വാഗ്ദത്തം നല്കുകയും ചെയ്യുന്നത്. ഇത് ആറാം മാസം എന്ന് പറയുമ്പോള്‍, നമുക്ക് ഇതിന്റെ മധ്യഭാഗം തന്നെ എടുക്കാം. (സഭ വചനിപ്പ് പെരുന്നാള്‍ -മറിയാമിന്റെ ഗര്‍ഭധാരണം- ആഘോഷിക്കുന്നത് മാര്‍ച്ച് 25 നു ആണ്). അങ്ങനെയെങ്കില്‍ 1 ഏപ്രില്‍ മുതല്‍ സാധാരണ ഗര്‍ഭകാലം ആയ 270 ദിവസ്സങ്ങള്‍ കൂട്ടിയാല്‍ ഡിസംബര്‍ 27  എന്ന് കിട്ടും. തര്‍ക്കം ഒന്നും ഇല്ലല്ലോ?

ചുരുക്കത്തില്‍ യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ കൃത്യ തീയതി ബൈബിളില്‍ നിന്ന് നിര്‍ണയിക്കാന്‍ കഴിയില്ലെങ്കിലും ഏകദേശ കാലം ഡിസംബര്‍ 25 നോട് അടുത്താണ് എന്ന് വ്യക്തമായി നമുക്ക് മനസ്സിലാക്കാം.

യേശു – ദൈവത്തിന്റെ കുഞ്ഞാട്

ഇനി നവീന സഹോദരങ്ങള്‍ ഡിസംബറില്‍ അല്ല യേശു ജനിച്ചത്‌ എന്ന് വാദിക്കാന്‍ ഉപയോഗിച്ച അതെ വാക്യം ഒന്ന് പരിശോധിക്കാം. വി. ലൂക്കോസ് 2:8 “അന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍ കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു.” സാധാരണ ഗതിയില്‍ ആടുകള്‍ പ്രസവിക്കുന്നത് ഡിസംബര്‍ മധ്യത്തില്‍ ആണ്. ജൂണ്‍ 21 എന്ന ആണ്ടിലെ ദൈര്‍ഘ്യം ഏറിയ ദിവസ്സം കഴിഞ്ഞു ആണ് മുട്ടനാടുകള്‍ക്ക് പെണ്ണാടുകളോട് ആകര്‍ഷണം തോന്നുന്നത്. ഇവയുടെ സാധാരണ ഗര്‍ഭകാലം 5 മാസ്സവും, അതിനാല്‍ കുഞ്ഞാടുകള്‍ ജനിക്കുന്നത് കൂടുതലും ഡിസംബര്‍ മധ്യത്തിലും ആയിരിക്കും. ദൈവത്തിന്റെ പ്രിയ കുഞ്ഞാടും ജനിക്കുവാന്‍ അതെ സമയം തിരഞ്ഞെടുതെങ്കില്‍ നാം അത്ഭുതപ്പെടെണ്ട കാര്യമുണ്ടോ?

ആദിമ സഭയുടെ വിശ്വാസം

കൊന്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കും ക്രിസ്മസ് ഡിസംബര്‍ 25 നു ആഘോഷിക്കണം എന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനും മുന്‍പ് ഹിപ്പോലിറ്റസ് എന്ന ആദിമ പിതാവ് ( A.D. 170–235) പറഞ്ഞിട്ടുണ്ട്. ഇദ്ദേഹം യോഹന്നാന്റെ ശിഷ്യനായ രക്തസാക്ഷിയായ പോളിക്കാര്‍പ്പോസിന്റെ ശിഷ്യനായ ഐറേനിയസിന്റെ ശിഷ്യനാണ്. ഇദ്ദേഹം തന്റെ ദാനിയേല്‍ പുസ്തക വ്യാഖ്യാനത്തില്‍ ഇങ്ങനെ പറയുന്നു:

“നമ്മുടെ കര്‍ത്താവ് ബെത്ലഹേമില്‍ മാംസം ധരിച്ചത് ഡിസംബര്‍ 25 ബുധനാഴ്ചയാണ് – അത് അഗസ്റ്റസിന്റെ നാല്‍പ്പത്തിരണ്ടാം ആണ്ടിലും, ആദത്തില്‍ നിന്ന് അയ്യായിരത്തി അഞ്ഞൂറാം വര്‍ഷത്തിലും ആണ്.”

ഉപസംഹാരം

പാസ്റ്റര്‍മാരുടെ പ്രിയപ്പെട്ട തമ്മൂസോ മറ്റാരെങ്കിലുമോ എപ്പോഴെങ്കിലും ജനിച്ചോട്ടെ. പക്ഷെ ആ ഒരു കാരണം കൊണ്ട് യേശുവിന്റെ ജനനം മാറ്റി വെക്കണം എന്ന് പറയുന്ന മണ്ടത്തരം അംഗീകരിക്കാന്‍ ആവില്ല. ഇതേ വക മണ്ടത്തരം കൊണ്ട് ആളുകളെ പറ്റിച്ച കാലം കഴിഞ്ഞു എന്ന് പാസ്റ്റര്‍മാരും അവരുടെ പിന്താങ്ങികളും മനസിലാക്കുക. ക്രിസ്തു ജനിച്ചത്‌ ഡിസംബര്‍ മാസത്തില്‍ തന്നെ. എന്തായാലും ഈ ലേഖനം തയ്യാറാക്കുമ്പോള്‍ തന്നെ ലോകമെമ്പാടും അനേക മലയാളി പെന്തകോസ്ത് സമൂഹങ്ങള്‍ ക്രിസ്തുമസ് ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നു എന്ന് കാര്‍മല്‍ ടീമിന് തെളിവുകളോടെ അറിവ് ലഭിക്കുന്നുണ്ട്. നമുക്കൊരുമിച്ച് രക്ഷകന്റെ ജനനപ്പെരുന്നാല്‍ കൊണ്ടാടാം.

ഈ വിഷയത്തില്‍ കൂടുതല്‍ അറിവിന്‌: അമ്മുവിന്‍റെ ക്രിസ്മസ്