വലിയ ഒരു പടകും കുറേ ചെറുപടകുകളും

അന്നു സന്ധ്യയായപ്പോള്‍: നാം അക്കരെക്കു പോക എന്നു അവന്‍ അവരോടു പറഞ്ഞു. അവര്‍ പുരുഷാരത്തെ വിട്ടു, താന്‍ പടകില്‍ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; അപ്പോള്‍ വലിയ ചുഴലിക്കാറ്റു ഉണ്ടായി: പടകില്‍ തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി. (വി. മര്‍ക്കോസ് 4:35-37)

 ഈ ഭാഗം വായിക്കുമ്പോള്‍ രണ്ട് തരം പടകുകളെ നാം പരിചയപ്പെടുന്നു. വലിയ പടകും ചെറിയ പടകും. യേശു യാത്ര ചെയ്തതോ വലിയ ഒരു പടകില്‍ ആയിരുന്നു. യാത്രാമധ്യേ വലിയ ഒരു ചുഴലിക്കാറ്റു ഉണ്ടാകുന്നു. വലിയ ഒരു പടക് ആയിരുന്നിട്ടും, യേശു അതില്‍ ഉണ്ടായിരുന്നിട്ടും കൂടി ആ പടകില്‍ തിര തള്ളിക്കയറുകയും അതിനെ മുക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത്രയും പ്രതികൂലം ഉള്ളപ്പോള്‍ യേശു ഉണ്ടായിരുന്നിട്ടും, യേശുവിനെ അനുഗമിച്ചിട്ടും അക്കരെ ചെന്നത് ഈ ഒരു വലിയ പടക് മാത്രം ആണ് എന്നത് വ്യക്തം. യേശുവിന്റെ പിന്നാലെ മറ്റേതെങ്കിലും പടകില്‍ അക്കരെ ചെല്ലാം എന്ന് വ്യാമോഹിച്ച ചെറുപടകുകളുടെ കഥ അവിടെ തീരുന്നു. എന്തുകൊണ്ടാണ് ചെറുപടകുകള്‍ യേശുവിനെ അനുഗമിച്ചിട്ടും അക്കരെ ചെല്ലാഞ്ഞത്? അവരെക്കുറിച്ച് യേശുവിന് ചിന്ത ഇല്ലായിരുന്നോ?

 യേശുക്രിസ്തു വാസ്തവമായി എന്താണ് തന്റെ അപ്പോസ്തോലന്മാരെ ഭരമെല്‍പ്പിച്ചത്? ലോകത്തിന്റെ അറ്റത്തോളം പോയി സുവിശേഷം അറിയിക്കുക, സകലരേയും സ്നാനപ്പെടുത്തി ശിഷ്യരാക്കുക. (വി. മത്തായി 28:19). അങ്ങനെ ആ അപ്പോസ്തോലന്മാരാല്‍ സ്നാനം ഏല്‍ക്കുന്നവരും അവര്‍ നിയമിക്കുന്നവരാല്‍ സ്നാനം ഏല്‍ക്കുന്നവരും എല്ലാം സഭയുടെ ഭാഗം ആകുന്നു (അപ്പൊ. പ്രവൃത്തികള്‍ 2:46). കര്‍ത്താവിന്റെ സഭയുടെ ഭരണം കര്‍ത്താവ്‌ ഏല്‍പ്പിച്ചത് ശീമോന്‍ പത്രോസിനെ (വി. മത്തായി 16:18-19, വി. യോഹന്നാന്‍ 21:15-17) ആയിരുന്നു എന്നത് സുവ്യക്തം ആണല്ലോ. അപ്പോസ്തോലന്മാര്‍ എല്ലാരും ആ ഭരണത്തില്‍ പങ്കാളികളും ആയിരുന്നു. ആ അപ്പോസ്തോലന്മാരുടെ അധികാരത്തിന്‍ കീഴില്‍ നിലനില്‍ക്കാത്തവര്‍ ഒന്നും ക്രിസ്തുവിന്റെ സഭയുടെ ഭാഗം അല്ല.

യേശു തമ്പുരാന്‍ ഈ ഭൂമിയില്‍ നമുക്ക് നല്‍കും എന്ന് പറഞ്ഞത് പ്രധാനമായും രണ്ടു കാര്യങ്ങള്‍ ആണ്.

1) പരിശുദ്ധാത്മാവ് (Holy Spirit)

പരിശുദ്ധാത്മാവ് നമുക്ക് ഈ ലോകത്തില്‍ ആയിരിക്കുമ്പോള്‍ നമ്മെ സകല സത്യത്തിലും വഴി നടത്തുന്ന കാര്യസ്ഥന്‍ ആകുന്നു. ദൈവഹിതത്തിനു വിരുദ്ധമായ പ്രസംഗങ്ങള്‍, പഠിപ്പിക്കലുകള്‍ എന്നിവയുടെ പുറകെ പോകുമ്പോള്‍ ഈ പരിശുദ്ധാത്മാവിന്റെ വഴിനടത്തല്‍ അവസ്സാനിക്കുകയും ചെറുപടകിലേക്കുള്ള സ്ഥാനഭ്രംശം അതിവേഗം സംഭവിക്കുകയും ചെയ്യുന്നു. ഈ പരിശുദ്ധാത്മാവിന്റെ പേരില്‍ കാണിക്കുന്ന വ്യാജഅത്ഭുതങ്ങള്‍ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നു എന്ന സത്യം നാം മറക്കരുത്. അങ്ങനെ ചെയ്യുന്നവര്‍ അവരുടെ വയര്‍ വീര്‍പ്പിക്കാന്‍ മാത്രം ശ്രമിക്കുന്നവര്‍ ആകുന്നു എന്ന് ഖേദത്തോടെ പറയട്ടെ. “അവരുടെ അവസാനമോ നാശം തന്നെ” (ഫിലിപ്പിയര്‍ 3:19). ഇതുകൊണ്ടാണ് കര്‍ത്താവിന്റെ പടകിനെ അനുഗമിച്ച ചെറുപടകുകള്‍ യാത്രാമധ്യേ നശിച്ചതും. പരിശുദ്ധാത്മാവ് വന്നപ്പോള്‍ നല്‍കിയ വിവിധങ്ങളായ ഈ ലോകത്തുള്ള ഭാഷകളെ മറിച്ച്, ഇന്ന് ആര്‍ക്കും യാതൊരു പ്രയോജനവും ഇല്ലാത്തതും യാതൊരു അര്‍ഥം ഇല്ലാത്തതുമായ ജല്‍പ്പനങ്ങള്‍ ആക്കി മാറ്റി വീണ്ടും പരിശുദ്ധാത്മാവിനെ അവഹേളിക്കുന്നു എന്ന സത്യം ഈ അവസ്സരത്തില്‍ പറയാതെ വയ്യ. ഇത്തരത്തില്‍ പരിശുദ്ധാത്മാവിനെ ദുഖിപ്പിക്കുന്നവര്‍ “ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാല്‍ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല” (വി. മത്തായി 12:32) എന്ന് അറിഞ്ഞുകൊള്ളട്ടെ.

കൈവെപ്പാല്‍  ജീവനുള്ള ദൈവമായ പരിശുദ്ധാത്മാവ് ലഭിക്കുന്ന വിശ്വാസികള്‍ ഉള്ള, അവിടുന്ന് വഴി നടത്തുന്ന പടകാണ് വിശുദ്ധ സഭ. കാത്തിരുന്നു പ്രാപിക്കുന്നവരും, വിശ്വസിച്ചു പ്രാപിക്കുന്നവരും ഒന്നും ജീവനുള്ള ദൈവമായ പരിശുദ്ധാത്മാവിനെ അല്ല പ്രാപിക്കുന്നത് എന്ന് തിരിച്ചറിയുക. സഭയില്‍ നിന്ന് പുറപ്പെട്ടു പോയി മറ്റുള്ളവരാല്‍ നടത്തപ്പെടുന്നവര്‍ എല്ലാരും ചെറു പടകുകളില്‍ ആണ്.

2) തിരുസഭ (The One Holy Catholic Apostolic Church)

കര്‍ത്താവ്‌ നല്‍കിയ അധികാരത്തിന്‍ കീഴില്‍ കര്‍ത്താവ്‌ നല്‍കിയ സ്നാനം (യോഹന്നാന്റെ മാനസ്സാന്തര സ്നാനം അല്ല) കര്‍ത്താവിന്റെ ശിഷ്യന്മാരാലോ അവരാല്‍ കൈവെപ്പിനാല്‍ നിയമിക്കപ്പെട്ടവരാലോ ഏറ്റവര്‍ ഏവരും രക്ഷിക്കപ്പെട്ടവര്‍ ആകുന്നു. അവര്‍ അപ്പോസ്തോലന്മാര്‍ സഭയില്‍ നിക്ഷേപിച്ച സത്യവിശ്വാസം മുറുകെ പറ്റുന്നു. അങ്ങനെയുള്ളവരുടെ കൂട്ടം ആണ് കാതോലികവും ശ്ലൈഹീകവും ആയ ഏക വിശുദ്ധ സഭ. ഇതാണ് സത്യം. മുറിവാക്യവുമായി ഈ വസ്തുതയെ എതിര്‍ത്ത് ആര് എത്ര നുണകള്‍ നിരത്തിയാലും സത്യം സത്യം അല്ലാതെയാകുന്നില്ല. സത്യത്തെ എതിര്‍ക്കുവാന്‍ സാത്താന്‍ മുറിവാക്യങ്ങള്‍ ഉപയോഗിച്ചത് ശ്രദ്ധിക്കുക. ഒരു ദിവസം പ്രത്യക്ഷപ്പെട്ട് ഞാന്‍ കര്‍ത്താവിന്റെ അപ്പൊസ്തൊലന്‍ ആകുന്നു എന്ന് പറഞ്ഞ് വരുന്ന വ്യാജത്തിന്റെ ആത്മാക്കള്‍ നല്‍കുന്ന സ്നാനം ഒരുകാരണവശാലും സ്വീകാര്യം അല്ല എന്ന് വ്യക്തം. സഭയില്‍ നില്‍ക്കുന്നവര്‍ ആകുന്നു കര്‍ത്താവിന്റെ ആട്ടിന്‍കൂട്ടം. അതില്‍ ഒന്നിനെ നഷ്ടപ്പെട്ടാല്‍ തേടി കണ്ടു പിടിക്കുന്ന ഒരു നല്ല ഇടയന്‍ ആകുന്നു നമ്മുടെ യേശു. തിരികെ തന്റെ കൂട്ടത്തോട് ചേരുവാന്‍ മനസ്സില്ലാത്തവരെ എന്ത് ചെയ്യാന്‍? “എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു” (വി. മത്തായി 12:30). അനുകൂലം ആയവന്‍ മുറിവാക്യങ്ങളുടെ സഹായത്തോടെ മറുത്ത് നില്‍ക്കാതെ തിരികെ വരുമല്ലോ.

യേശു ഉള്ള പടക് സാര്‍വത്രികമായ അപ്പോസ്തോലിക സഭ ആണ്. യേശുവിനെ അനുഗമിക്കുന്നു എന്ന വ്യാജേന നിരവധി ചെറുപടകുകള്‍ ഇന്ന് ഈ ലോകത്ത് ഉണ്ട്. അവയില്‍ ഒന്നില്‍ പോലും യേശു ഇല്ലാ എന്ന് അറിയുക. യേശു ഇല്ലാത്ത ചെറുപടകുകളുടെ അവസ്ഥയില്‍ ആകരുത് വിശ്വാസി സമൂഹം. ഈ ചെറുപടകുകളില്‍ നിന്ന് നമുക്ക് സ്ഥിരമായി ‘ഭൂതങ്ങളെ’ പുറത്താക്കലും, രോഗം മാറ്റലും, കിണറില്‍ വെള്ളം നിറയ്ക്കലും, കൈവിഷം ഛര്‍ദ്ദിപ്പിക്കലും എല്ലാം കേള്‍ക്കാം. എന്നാല്‍ ഇവരെക്കുറിച് അന്ത്യകാലത്ത് യേശു പറയും (വി. മത്തായി 7:22-23) “എന്നെ വിട്ട് പോകുവീന്‍” എന്ന്. പലവിധ വ്യാജ അടയാളങ്ങള്‍ കണ്ട് മനം മയങ്ങി യേശു ഉള്ള പടക് വിട്ട് ചെറു പടകുകളിലേക്ക് ചാടുന്നവരേ, നിങ്ങള്‍ ഒന്ന് അറിയുക. ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു!

വിണ്ണുലകിന്നരചന്‍ താന്‍ തന്‍സഭയെ പണിതതിനെ
ആക്കിത്തന്നാസ്ഥാനം   പുക്കതിനുള്ളേവാണു
കര്‍ത്താതന്നൊടു സംസാരിക്കേണ്ടുന്നവരെല്ലാം
സഭയുള്‍പ്പൂകട്ടെയിതാ താനതില്‍മേവീടുന്നു. 

ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയില്‍ പ്രവേശിക്കുന്നവര്‍ക്കാണ് ക്രിസ്തുവുമായി സംസാരിക്കുവാന്‍ സാധിക്കുന്നത്. ആ സഭയില്‍ അവിടുന്ന് വാസം ചെയ്യുകയും ചെയ്യുന്നു. അതുകൊണ്ട് കര്‍ത്താവിനോടു സംസര്‍ഗ്ഗം ആഗ്രഹിക്കുന്നവര്‍ എല്ലാരും സഭയിലേക്ക് തിരികെ വരട്ടെ.

മശിഹാതന്‍ മണവാട്ടി ആകുന്ന ശുദ്ധസഭ
ഭാഗ്യങ്ങള്‍ പൂര്‍ണ്ണമതാം പറുദീസാ സദൃശ്യമഹോ
മാമോദീസായുമതില്‍ സഹദേര്‍ തന്നസ്ഥികളും
പൂജാപൂഠവുമുണ്ട് ഏന്തിജീവോഷധിയെ
ഭാഗിച്ചേകീടും കഹനേന്മാര്‍കളുണ്ട്

പറുദീസായുടെ മുന്നാസ്വാദനമാണ് സഭയെന്ന് സഭാപിതാക്കന്മാര്‍ വീക്ഷിക്കുമ്പോള്‍ അത് സഭയില്‍ നിലവിലിരിക്കുന്ന കൂദാശകളുടെയും തിരുശേഷിപ്പുകളുടെയും പൌരോഹിത്യത്തിന്റെയും ത്രോണോസിന്റെയും കര്‍ത്താവിന്റെ ശരീരരക്തങ്ങളുടെയും (ജീവന്റെ ഔഷധം) കൂട്ടായ ചൈതന്യമായാണ് സ്പഷ്ടമാക്കുന്നത്. വിശ്വാസിയുടെ ജീവിതത്തിന് ആവശ്യമായതെല്ലാം സഭയില്‍ ക്രിസ്തു കരുതിയിട്ടുണ്ട്.

എങ്ങും കര്‍ത്താവ്‌ ബൈബിള്‍ തരാം എന്ന് പറഞ്ഞിട്ടില്ല. ബൈബിള്‍ അടിസ്ഥാനം ആയിരിക്കണം നിങ്ങളുടെ വിശ്വാസം എന്നും പറഞ്ഞിട്ടില്ല. എന്നാല്‍ ഇന്ന് കുറേ ചെറുപടകുകള്‍ ബൈബിള്‍ ആണ് വിശ്വാസത്തിനും സഭയ്ക്കും അടിസ്ഥാനം എന്ന ദുരുപദേശം പ്രചരിപ്പിച്ച് അനേകരെ സഭയില്‍ നിന്നും അകറ്റുന്നു. യേശുക്രിസ്തുവിനെ പിന്‍പറ്റുന്നു, അനുസ്സരിക്കുന്നു എന്നൊക്കെ പറഞ്ഞ് അനുഗമിച്ച ചെറുപടകുകളുടെ അവസ്ഥ എന്തായി? ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ലാ എന്ന് പറഞ്ഞ് തള്ളി കളയുക തന്നെ ചെയ്യും. ഇന്ന് ഇത്തരം ചെറുപടകുകളില്‍ വിവിധ പ്രവചനങ്ങളും, ഭൂതങ്ങളെ പുറത്താക്കി, രോഗങ്ങള്‍ സൌഖ്യമാക്കി, തുടങ്ങിയ സാക്ഷ്യപ്രസ്താവനകളും എല്ലാം കാണാം. (വി. മത്തായി 7:22-23). ഇവ നശിക്കേണ്ടത് തന്നെ, കാരണം ഈ ചെറുപടകുകളോട് തന്നെ അനുഗമിക്കാന്‍ യേശു ആവശ്യപ്പെട്ടിട്ടില്ല.

യേശു ഉള്ള പടകിലും കാറ്റും കോളും എല്ലാം ഉണ്ടായിരുന്നു. സഭയ്ക്കും ഉണ്ട് കാറ്റും കോളും. എന്നാല്‍ കര്‍ത്താവ് സഭയ്ക്ക് തുണയാണ്. പുറമേ നിന്ന് ചെറുപടക് ഒരുപക്ഷെ ആകര്‍ഷമായി തോന്നിയേക്കാം. അതില്‍ കാറ്റും കോളും ഇല്ല എന്ന് തോന്നിയേക്കാം. ആത്മീയമാനെന്നു തോന്നിയേക്കാം. ഒരുപക്ഷെ എളുപ്പത്തില്‍ അക്കരെ ചെല്ലും എന്നും തോന്നിയേക്കാം. എന്നാല്‍ ചെറുപടകുകള്‍ ലക്ഷ്യത്തില്‍ എത്താന്‍ പര്യാപ്തമല്ല. കാരണം അതില്‍ ക്രിസ്തുവില്ല.

മുടിയനായ പുത്രന്‍ തിരികെ വന്നപ്പോള്‍ ആ സ്നേഹനിധിയായ പിതാവ് കുറ്റപ്പെടുത്തിയോ? അവനെ ദുഷിച്ചു പറഞ്ഞോ? ഇല്ല. അതിലും എത്രയധികം സ്നേഹവാന്‍ ആണ് നമുക്ക് സ്വര്‍ഗ്ഗത്തില്‍ ഉള്ള പിതാവ്!! അതുകൊണ്ട് പ്രിയരേ, യേശു ഉള്ള പടകില്‍ നിന്ന് ആരെങ്കിലും ചെറുപടകുകളിലേക്ക് ചാടി പോയെങ്കില്‍ തിരികെ വരുക. കര്‍ത്താവിന്റെ മണവാട്ടിയാകുന്ന തിരുസഭ ഹൃദയവേദനയോടെ കാത്തിരിക്കുന്നു…