‘സ്തൗമെന്‍കാലോസ്’ എന്ന വാക്കിന്റെ അര്‍ത്ഥങ്ങള്‍ (Meanings of the Word – Staumenkalos)

നമ്മുടെ ആരാധനയില്‍ പലപ്രാവശ്യം ആവര്‍ത്തിക്കപ്പെടുന്ന ഒരു പ്രഖ്യാപനമാണ് “സ്തൗമെന്‍കാലോസ്!”. എന്താണ് ഇതിന്‍റെ അര്‍ത്ഥം?

ആരാധനയില്‍ ഉപയോഗിയ്ക്കുന്ന മിക്ക പ്രയോഗങ്ങളും വന്നിരിക്കുന്നതു സുറിയാനിയില്‍ നിന്നാണ്. ഏതാനും ചില വാക്കുകള്‍ ഗ്രീക്ക് ഭാഷയില്‍ നിന്നും ഉണ്ട്. എന്നാല്‍ ഗ്രീക്കു ഭാഷയില്‍ നിന്നാണ് സ്തൌമന്‍കാലോസ് വന്നിരിക്കുന്നത്. കുറിയേലായിസോന്‍ വന്നിരിക്കുന്നതും ഗ്രീക്കില്‍ നിന്നാണ്. സ്തൌമന്‍ (σταυμεν) എന്നാല്‍ ‘നില്‍ക്കണം’ എന്നു അര്‍ഥമാക്കാം. കാലോസ് (καλός) എന്നാല്‍ ‘നന്നായി’ എന്നും അര്‍ഥമാക്കാം.  അപ്പോള്‍ സ്തൌമന്‍കാലോസ് എന്നാല്‍ ‘നാം നന്നായി നില്‍ക്കണം’ (Let us stand well) എന്നര്‍ഥം.

ആരാധനയില്‍ ശുശ്രൂഷക്കാര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. നന്നായി നില്‍ക്കണം, തമ്മില്‍ തമ്മില്‍ സമാധാനം കൊടുക്കണം, തല കുനിക്കണം, അട്ടഹസിച്ചു (ഉറക്കെ) പറയണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ശുശ്രൂഷക്കാര്‍ നല്‍കുന്നത്. ഇവയുടെ കൂട്ടത്തില്‍ ഏറ്റവും അധികം ആവര്‍ത്തിക്കുന്ന നിര്‍ദേശം “നന്നായി നില്‍ക്കണം” എന്നുള്ളതാണ്. നിര്‍ദേശത്തിനു ശേഷം വരുന്ന ആരാധനാ ഭാഗം അതീവ ജാഗ്രതയോടെ ശ്രദ്ധിക്കണം എന്നാണ് ഈ നിര്‍ദ്ദേശത്തിലൂടെ അര്‍ത്ഥമാക്കുന്നത്.

മൂന്നു പ്രധാന സന്ദര്‍ഭങ്ങളില്‍ ആണ് “സ്തൗമെന്‍കാലോസ്” എന്ന പ്രഖ്യാപനം നടത്തപ്പെടുന്നത്:

പ്രുമിയോന്‍-സെദറാകള്‍ക്ക് മുന്‍പ് : സദറാ എന്നാല്‍ ക്രമം എന്നര്‍ത്ഥം. എല്ലാ ആരാധനയിലും ഉപയോഗിക്കപ്പെടുന്നു. ഏതു ആരാധനയോ പെരുന്നാളോ ആണോ, അതിന്റെ പ്രാധാന്യവും വേദപുസ്തക പാശ്ചാത്തലവും വ്യാഖ്യാനവും പ്രാര്‍ഥനകളും അടങ്ങിയ വായനയാണ് സദറാ. സെദറായുടെ ആമുഖം ചുരുക്കത്തില്‍ നല്‍കുകയാണ് പ്രുമിയോനിലൂടെ. ഈ വായനകള്‍ അതീവ ശ്രദ്ധയോടെ ശ്രവിക്കുന്നതിലൂടെ മറ്റു വിവരണങ്ങള്‍ ഇല്ലാതെ ശുശ്രൂഷയുടെ അര്‍ത്ഥവും വ്യാഖ്യാനവും മനസ്സിലാക്കാന്‍ സാധിക്കുന്നു. അതുകൊണ്ട് തന്നെ വിശ്വാസികള്‍ അതീവ ശ്രദ്ധയോടെ നില്‍ക്ക്കണം എന്ന നിര്‍ദ്ദേശം ഇതിനു മുന്‍പ് നല്‍കുന്നു.

അനഫോറ തുടങ്ങുന്നതിനു മുന്‍പ് : പട്ടക്കാരന്‍ മുട്ടുകുത്തി പ്രാര്‍ഥിച്ചു കഴിഞ്ഞു ദര്‍ഗ്ഗായിലേക്ക് കയറുന്നതിനു മുന്‍പ്. അനഫോറ എന്ന വി. കുര്‍ബാനയുടെ ഏറ്റവും പ്രധാനമായ ഭാഗം ഇത് കഴിഞ്ഞു തുടങ്ങുന്നു.

കുക്കിലിയോനുകളില്‍ (ധൂപപ്രാര്‍ഥന) കൊലോയ്ക്ക് മുന്‍പ്: മാതാവിനോടും (നിന്നാള്‍ സ്തുതിയോടു…) , വിശുധന്മാരോടും (നയവാന്‍ പനപോലെ ….) ഉള്ള മധ്യസ്ഥപ്രാര്‍ത്ഥനകളും വാങ്ങിപ്പോയ പുരോഹിതര്‍ക്കും (ചാര്‍ത്തും നീതിയെ…) വിശ്വാസികള്‍ക്കും (മക്കളിലപ്പന്‍….)  വേണ്ടിയുള്ള പ്രാര്‍ഥനകളും സ്ലീബായുടെ പുകഴ്ചയ്ക്കും (വെല്ലും ശത്രുക്കളെ….) ഒക്കെ വേണ്ടിയുള്ള വ്യത്യസ്ത ഗീതസംഗ്രഹങ്ങള്‍ ആണ് കുക്കിലിയോനുകള്‍. അതിലെ ആഴമുള്ള ധ്യാന പ്രാര്‍ഥനകള്‍ ആണ് കൊലോകള്‍. കൊലോകള്‍ക്ക് മുന്‍പും ഈ പ്രഖ്യാപനം നടത്തപ്പെടുന്നു. പതിവിനു വിപരീതമായി സമൂഹം മുഴുവനും ചേര്‍ന്ന് ‘സ്തൗമെന്‍കാലോസ്’ പറയുന്നു. കുക്കിലിയോനുകള്‍ക്ക് ഇടയില്‍ ഈ പ്രഖ്യാപനത്തിന് ശേഷം ആവശ്യമെങ്കില്‍  സന്ദര്‍ഭാനുസരണം പ്രുമിയോന്‍-സെദറാ വായിക്കാവുന്നതാണ്.

മറ്റുചില പ്രധാനപ്പെട്ട സന്ദര്‍ഭങ്ങളില്‍ ഈ നിര്‍ദേശം അല്പം കൂടി വിസ്തരിച്ചു പറയുന്നുണ്ട്:

എവന്‍ഗേലിയോന്‍ വായനയ്ക്ക് മുമ്പ്: നാം അടക്കത്തോടും, ഭയത്തോടും, വണക്കത്തോടും ചെവികൊടുത്തു നമ്മുടെ മുമ്പാകെ വായിക്കപ്പെടുന്ന വിശുദ്ധ ഏവന്‍ഗേലിയോനിലെ ദൈവത്തിന്‍റെ ജീവനുള്ള വചനങ്ങളുടെ അറിയിപ്പിനെ കേള്‍ക്കണം.

വിശ്വാസപ്രമാണം ചൊല്ലുന്നതിന് മുമ്പ്: ദിവ്യജ്ഞാനം അട്ടഹസിക്കപ്പെടുന്നു. നാം എല്ലാവരും നല്ലവണ്ണം നിന്നു ബഹുമാനപ്പെട്ട പട്ടക്കാരന്‍റെ  പ്രാര്‍ഥന ഏറ്റു ചൊല്ലണം.

അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്നതിന് മുമ്പായി: സഹോദരന്മാരെ നാം എല്ലാവരും ഭംഗിയോടും ഭയത്തോടും വണക്കത്തോടും വെടിപ്പോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും ദൈവഭക്തിയോടും കൂടെ നിന്നു, ബഹുമാനപ്പെട്ട ഈ പട്ടക്കാരന്‍റെ കൈകളാല്‍ നമ്മുടെ മുമ്പാകെ വയ്ക്കപ്പെട്ടിരിക്കുന്ന ഭയങ്കരവും പരിശുദ്ധവുമായ ഈ കുര്‍ബാനയില്‍ സൂക്ഷിക്കണം. എന്തെന്നാല്‍ നാം എല്ലാവര്‍ക്കും വേണ്ടി ജീവനുള്ള ബലിയെ സകലത്തിന്‍റെയും ഉടയവനായ പിതാവാം ദൈവത്തിന് നിരപ്പിലും സമാധാനത്തിലും അണയ്ക്കുന്നു.

ശുശ്രൂഷക്കാരന്‍ പറയുന്നതു കൂടാതെ ഈ നിര്‍ദേശം പട്ടക്കാരന്‍ തന്നെ കൂടുതല്‍ വ്യക്തമായും ശക്തിയായും ആവര്‍ത്തിക്കുന്നു: ഈ നാഴികയില്‍ നമ്മുടെ ബോധങ്ങളും വിചാരങ്ങളും ഹൃദയങ്ങളും മേലില്‍ പിതാവാം ദൈവത്തിന്‍റെ വലതുഭാഗത്ത് പുത്രന്‍ തമ്പുരാന്‍ ഇരിക്കുന്ന ഇടമായ മഹോന്നതങ്ങളില്‍ തന്നെ ആയിരിക്കണം.

പരി‍ശുദ്ധാത്മാവിന്റെ ആവാസത്തിനായി (Epiclesis) പ്രാര്‍ഥിക്കുന്നതിന് മുമ്പായി: എന്റെ വാല്‍സല്യമുള്ളവരേ, ജീവനുള്ള പരിശുദ്ധ റൂഹ സ്വര്‍ഗമാകുന്ന മേലുള്ള ഉയരങ്ങളില്‍ നിന്നു പ്രതാപത്തോടുകൂടി ഇറങ്ങി വയ്ക്കപ്പെട്ടിരിക്കുന്ന ഈ പരിശുദ്ധ കുര്‍ബാനമേല്‍ പൊരുന്നി ആവസിച്ചു അതിനെ ശുദ്ധീകരിക്കുന്ന ഈ നാഴിക എത്ര ഭയങ്കരവും ഈ സമയം എത്ര ഭ്രമിക്കത്തക്കതുമാകുന്നു. നിങ്ങള്‍ അടക്കത്തോടും ഭയത്തോടും നിന്നുകൊണ്ട് പ്രാര്‍ഥിപ്പിന്‍.

വിശുദ്ധ കുര്‍ബാന ആഘോഷിക്കുന്നതിനു മുമ്പായി: ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം.

മുകളില്‍ പറഞ്ഞിരിക്കുന്നതെല്ലാം സ്തൌമന്‍കാലോസ് അഥവാ നന്നായി നില്‍ക്കണം എന്ന നിര്‍ദേശത്തിന്‍റെ  വികസിത രൂപങ്ങളാണ് എന്ന് കാണാം. ശരീരത്തിന്‍റെ നില്‍പ്പിനെക്കാള്‍ പ്രധാനം മനസിന്‍റെ  നില്‍പ്പാണ്. മനസിന്‍റെ എല്ലാ ഭാഗങ്ങളും – ബോധവും, വിചാരവും, ഹൃദയവും –  ഭംഗിയോടും ഭയത്തോടും വണക്കത്തോടും വെടിപ്പോടും വിശുദ്ധിയോടും സ്നേഹത്തോടും സത്യവിശ്വാസത്തോടും ദൈവഭക്തിയോടും കൂടെ ദൈവസന്നിധിയില്‍ നില്‍ക്കണം എന്നാണ് ‘നന്നായി നില്‍ക്കണം’ എന്നു പറയുമ്പോള്‍ ഉദേശിക്കുന്നത്.

നിരനിരയായി നില്‍ക്കുന്ന പട്ടാളക്കാരോടു attention പറയുമ്പോള്‍ ഉദേശിക്കുന്നതെന്തൊ ഏതാണ്ട് അത് തന്നെയാണ് ‘സ്തൌമന്‍കാലോസ്’ കൊണ്ട് ഉദേശിക്കുന്നത് എന്നു പറയാം. ദൈവസന്നിധിയില്‍ സ്വര്‍ഗസൈന്യം നില്‍ക്കുന്നതുപോലെ ഭയഭക്തിബഹുമാനങ്ങളോടും അതീവ ശ്രദ്ധയോടും ജാഗ്രതയോടും കൂടി വേണം നാമും നില്‍ക്കുവാന്‍ എന്നാണ് അതിന്‍റെ അര്‍ത്ഥം.

മനുഷ്യമനസ് എത്ര ചഞ്ചലമാണെന്ന് നമ്മുടെ ആരാധനാക്രമം രചിച്ച പിതാക്കന്മാര്‍ മനസിലാക്കിയിരുന്നു എന്നു വേണം കരുതാന്‍. അതുകൊണ്ടാവണം ഇത്രയധികം പ്രാവശ്യം ‘സ്തൌമന്‍കാലോസ്’ ആവര്‍ത്തിച്ചിരിക്കുന്നത്.

കൂടുതല്‍ സുറിയാനി പദങ്ങളുടെ അര്‍ഥങ്ങള്‍ അറിയുവാന്‍ : ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും

കടപ്പാട്: ജോണ്‍ കുന്നത്ത്