പരുമല മോര്‍ ഗ്രീഗോറിയോസ് (St. Gregorios of Parumala) – ലഘുജീവിത രേഖ

പരുമലയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ഗീവറുഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ ലഘുജീവചരിത്രം കുറിക്കുന്നു.

ജനനം

1848 ജൂൺ15 (കൊല്ലവർഷം1023 മിഥുനം 3) -ന് പഴയ കൊച്ചി സംസ്ഥാനത്തിൽപെട്ട മുളന്തുരുത്തി ചാത്തുരുത്തി ഭവനത്തിൽ കൊച്ചു മത്തായി- മറിയം ദമ്പതികളുടെ അഞ്ചാമത്തെ മകനായി ‘പരുമല തിരുമേനി’ എന്ന കീർത്തിനാമം ലഭിച്ച ഗീവർഗ്ഗീസ്‌ മോർ ഗ്രീഗോറിയോസ്‌ മെത്രാപ്പോലിത്ത ജനിച്ചു. കുര്യൻ, മറിയം, ഏലി, വർക്കി എന്നിവർ ഇദ്ദേഹത്തിന്റെ സഹോദരങ്ങളായിരുന്നു. മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെച്ച് ഗീവർഗ്ഗീസ് എന്ന പേരിൽ മാമോദീസായേറ്റു. ഏറ്റവും ഇളയകുട്ടിയെന്ന പ്രത്യേക പരിലാളനയിൽ വളർന്ന പരുമല തിരുമേനിയെ മാതാപിതാക്കൾ കൊച്ചയ്‌പ്പോര എന്ന വാത്സല്യപേരിലാണ്‌ വിളിച്ചിരുന്നത്‌. പക്ഷേ ഗീവർഗീസിന് രണ്ട് വയസ്സു തികയും മുൻപേ അമ്മ മറിയം മരണമടഞ്ഞതിനാൽ മൂത്ത സഹോദരിയായ മറിയാമിന്റെ സംരക്ഷണയിലാണ് കൊച്ചയ്‌പ്പോര പിന്നീട് വളർന്നത്.

പഠനവും പൌരോഹിത്യവും

പഠിത്തത്തിൽ അസാമാന്യ കഴിവുകൾ പ്രകടിപ്പിച്ച കൊച്ചയ്‌പ്പോര പ്രാഥമിക വിദ്യാഭ്യാസാനന്തരം പിതൃസഹോദരനായ ഗീവർഗീസ് മല്പാനിൽ നിന്ന് വേദശാസ്ത്രവും സുറിയാനിയും പഠിക്കുകയും ഇതിനിടെ ഒൻപതാം വയസിൽ തന്നെ മാത്യൂസ് മാർ അത്താനാസ്യോസിൽ നിന്ന് ‘കോറൂയോ’ പട്ടം സ്വീകരിക്കുകയും ചെയ്തു. ഗീവർഗീസ് മല്പാന്റെ മരണത്തെ തുടർന്ന് പാമ്പാക്കുട കോനാട്ട് മല്പാന്റെ ശിഷ്യനായി തുടർപഠനം നിർവ്വഹിച്ച ഗീവർഗീസ് ശെമ്മാശന് 18-ആം വയസ്സിൽ വൈദികസ്ഥാനവും തുടർന്ന് കോർ-എപ്പിസ്ക്കോപ്പാ സ്ഥാനവും ലഭിച്ചു. ഇക്കാലയളവിൽ പരുമലയിൽ പുതിയതായി സ്ഥാപിച്ച സെമിനാരിയുടെ സുഗമമായ പ്രവർത്തനത്തിന് ഒരു സഹായിയെ തേടിക്കൊണ്ടിരുന്ന അന്നത്തെ മലങ്കര മെത്രാപ്പോലീത്ത പുലിക്കോട്ടിൽ ജോസഫ് മാർ ദീവന്നാസ്യോസ്, വെട്ടിക്കൽ സെന്റ്. തോമസ് ദയറായിൽ താമസിച്ചിരുന്ന ചാത്തുരുത്തി ഗീവർഗീസ് കോർ-എപ്പിസ്ക്കോപ്പായെ പരിചയപ്പെടുകയും അദ്ദേഹത്തിന് റമ്പാൻ സ്ഥാനം നൽകി പരുമലയിലേക്ക് ക്ഷണിച്ചു കൊണ്ടുവരികയും ചെയ്തു. പരുമല സെമിനാരിയിൽ ശെമ്മാശന്മാർക്ക് വൈദിക പരിശീലനം നൽകുന്ന ദൗത്യം ഗീവർഗീസ് റമ്പാൻ ഏറ്റെടുത്തു. 1875-ൽ പരിശുദ്ധ പത്രോസ് തൃതീയൻ പാത്രിയർക്കീസ് കേരളത്തിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ സെക്രട്ടറിയും ദ്വിഭാഷിയുമായി സഭ നിയമിച്ചത് ഗീവർഗീസ് റമ്പാനെയായിരുന്നു.1876 ജൂണിൽ പാത്രിയർക്കീസിന്റെ അധ്യക്ഷതയിയൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ വെച്ച് നടന്ന പള്ളിപ്രതിപുരുഷയോഗം (മുളന്തുരുത്തി സുന്നഹദോസ്) മലങ്കര സഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിക്കുവാനും മലങ്കര മെത്രാപ്പോലീത്തായ്ക്കു പുറമേ ആറു മെത്രാപ്പോലീത്താമാരെ കൂടി ഭദ്രാസന ചുമതലകൾക്കായി തെരഞ്ഞെടുക്കുവാനും തീരുമാനിച്ചു. ഈ ആറു പേരിൽ ഒരാൾ ഗീവർഗീസ് റമ്പാനായിരുന്നു. അദ്ദേഹം 1876 ഡിസംബർ 10-ന് ഗീവർഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് എന്ന പേരിൽ വടക്കൻ പറവൂർ പള്ളിയിൽ വെച്ച് മെത്രാപ്പോലിത്തയായി വാഴിക്കപ്പെട്ടു. ഏറ്റവും പ്രായം കുറഞ്ഞ (29 വയസ്സ്) മെത്രാപ്പോലിത്ത ആയിരുന്നതിനാൽ അദ്ദേഹം കൊച്ചു തിരുമേനി എന്നും അറിയപ്പെട്ടു.

വിശുദ്ധ ജീവിതം

1877-ൽ നിരണം ഭദ്രാസനത്തിന്റെ ചുമതല ഏറ്റെടുത്ത മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പരുമല സെമിനാരിയിൽ തന്നെ താമസം തുടർന്നു. 1884-ൽ തുമ്പമൺ ഭദ്രാസനത്തിന്റെയും തുടർന്ന് കൊല്ലം ഭദ്രാസനത്തിന്റെയും ചുമതലയും ഇദ്ദേഹത്തിൽ വന്നു ചേർന്നു. മോര്‍ ഗ്രീഗോറിയോസിന്റെ ഭക്തിയിലും വിശുദ്ധ ജീവിതത്തിലും അനേകർ ആകൃഷ്ടരാവുകയും അദ്ദേഹം പരുമല തിരുമേനി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങുകയും ചെയ്തു.

തന്റെ ജീവിതകാലത്ത് തന്നെ ധാരാളം അത്ഭുതങ്ങള്‍ ദൈവശക്തിയാല്‍ വിശുദ്ധന്‍ പ്രവര്‍ത്തിച്ചു. ഒരിക്കല്‍ പിതാവ് കുന്നംകുളത്തേക്ക് എഴുന്നള്ളിയപ്പോള്‍ പരിശുദ്ധന്റെ മുന്നില്‍ മരണമടഞ്ഞ ഒരു കുഞ്ഞിനെ മാതാപിതാക്കള്‍ കിടത്തിയിട്ട് പോയി. ആ പുണ്യപിതാവ് ശിശുവിന്റെ സമീപം ഇരിക്കുകയും സ്ളീബാ കുഞ്ഞിന്റെ നെഞ്ചിനോട് ചേര്‍ത്ത് വെയ്ക്കുകയും ഏറെ നേരം ഹൃദയം നൊന്ത് മ്ശിഹാ തമ്പുരാനോട് പ്രാര്‍ത്ഥിക്കുകയും, ഫലമായി അത്ഭുതം എന്ന് പറയട്ടെ, ആ പൈതല്‍ ഒന്ന് രണ്ട് തവണ തുമ്മുകയും കണ്ണുതുറന്ന് ശ്വാസം വലിക്കുവാനും തുടങ്ങി. അങ്ങനെ ആ ശിശുവിന് പുനര്‍ജന്മം കിട്ടുകയും ചെയ്തു.

പലരും പല നാള്‍ ശ്രമിച്ചു തിരുമേനിയുടെ ഒരു ഫോട്ടോ എടുക്കാന്‍, എപ്പോഴും തിരക്ക് അല്ലെങ്കില്‍ സ്വാകാര്യ പ്രാര്‍ത്ഥന. ഫോട്ടോ എടുക്കാന്‍ തരത്തില്‍ ഒന്നു കിട്ടുക പ്രയാസമായിരുന്നു. 1901 ല്‍ തിരുവിതാംകൂര്‍ സ്റേറ്റുമാനുവലില്‍ ചിത്രം ചേര്‍ക്കുവാന്‍ ദിവാന്‍ പേഷ്ക്കാര്‍ നാഗമയ്യായുടെ ആവശ്യപ്രകാരം കൊട്ടാരം ഫോട്ടോഗ്രാഫര്‍ ഡിക്രൂസിനെ നിയമിച്ചു. തിരുമേനി തിരുവനന്തപുരം പള്ളിയില്‍ എഴുന്നെളളി താമസിക്കുമ്പോള്‍ നാഗമയ്യാ തിരുമേനിയെ ഒന്നു രണ്ടു പ്രാവശ്യം കണ്ടു. ഫോട്ടോ എടുക്കേണ്ട അത്യാവശ്യകത ധരിപ്പിച്ചു. ഡിക്രൂസ് ഒന്നു രണ്ടു ദിവസം അതിനായി ഒരുങ്ങി ശ്രമിച്ചിട്ടും തിരുമേനിയെ സന്ദര്‍ശിക്കാന്‍ സമയം കിട്ടിയില്ല. ഒത്തു കിട്ടിയ നേരമോ ഉച്ചനേരം. ഫോട്ടോഗ്രാഫര്‍ ശക്തമായ വെയിലില്‍ ഫോട്ടോ എടുക്കാന്‍ പ്രയാസപ്പെടുന്നതു കണ്ട തിരുമേനി അല്പസമയം ധ്യാന നിരതനായ ശേഷം സ്ളീബാ എടുത്ത് ആകാശത്തിലേക്ക് നോക്കി റൂശ്മച്ചെയ്തു. ക്ഷണനേരം ഒരു ഇരുള്‍ മേഘം സൂര്യനെ മറച്ചു. ഫോട്ടോക്ക് പാകമായ വെളിച്ചം കിട്ടി. ഫോട്ടോ എടുത്തു. പെട്ടെന്നു പൂര്‍വ്വസ്ഥിതി ആകാശത്ത് കൈവന്നു. ഈ ഫോട്ടോയാണ് ഈ ലേഖനത്തിന്റെ കൂടെ ഉള്ളത്.

വിശുദ്ധന്‍ ഒരിക്കല്‍ ഒരു പുരോഹിതനെ അദ്ദേഹത്തിന്റെ അഹങ്കാരം മൂലം ശക്തമായ ഭാഷയില്‍ ശാസിച്ചു, ഒരു ചെറിയ അടിയും കൊടുത്തു. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ പരി. തിരുമേനിക്ക് വലിയ മന:പ്രയാസമായി. വൈദികനോട് ചെയ്യ്തത് ശരിയായില്ലന്നു തോന്നുകയും തുടര്‍ന്ന് ഒരു ആളെ അയച്ച് പുരോഹിതനെ വിളിച്ചു വരുത്തി ഇന്ന് എന്നോടൊപ്പം താമസിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. നാളെ വി. കുര്‍ബ്ബാന അച്ചന്‍ ചൊല്ലണം എന്ന് പ. പിതാവ് അപേക്ഷിച്ചു. വി. കുര്‍ബ്ബാനയ്ക്ക് മുമ്പ് വൈദികന്റെ മുമ്പില്‍ പാപം എറ്റു പറഞ്ഞ് കുമ്പസാരിച്ചു. പുരോഹിതന്റെ കയ്യില്‍ നിന്നുതന്നെ വിശുദ്ധ കുര്‍ബാന അനുഭവിക്കുകയും ചെയ്തു.

പരിശുദ്ധ അപ്പോസ്തോലിക വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്നു തിരുമേനി. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ആയിരുന്നു കേരളത്തില്‍ ബ്രദറന്‍, രക്ഷണീയ സൈന്യങ്ങള്‍ (Salvation Army), പെന്തകോസ്ത് മുതലായ ദുരുപദേശങ്ങള്‍ നുഴഞ്ഞു കയറുന്നത്. വിദ്വാന്‍കുട്ടി (യുസ്തുസ് ജൊസഫ്) എന്ന “യുയോമയ സഭ” സ്ഥാപകന്‍, വേഡ്സ്വര്‍ത്ത്, തമിഴ് ഡേവിഡ് എന്നീ ബ്രദറന്‍  പ്രവര്‍ത്തകര്‍ മുതലായവര്‍ രംഗത്തുവരുന്നത് അക്കാലത്താണ്. ഈ പ്രവണതയെ പരിശുദ്ധ പരുമല ബാവാ വളരെ വിഷമത്തോടെ വീക്ഷിച്ചു. ദുരുപദേശങ്ങള്‍ക്ക് എതിരെ ശക്തമായി ഉപദേശിച്ചു, വിശ്വാസികളെ ഉറപ്പിച്ചു. ഈ വിഷയത്തില്‍ അദ്ദേഹം 1889 – ല്‍ പള്ളികളിലേക്ക്‌ അയച്ച ഒരു കല്‍പ്പന കാര്‍മല്‍ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരുമല സെമിനാരിയുടെ സമീപം ആരാധനയ്ക്കായി ഉണ്ടായിരുന്ന താൽക്കാലിക കെട്ടിടത്തിന്റെ സ്ഥാനത്ത് മനോഹരമായ ദേവാലയം അദ്ദേഹം പണി കഴിപ്പിച്ചു. 1895 ജനുവരി 27-ന് ഈ ദേവാലയത്തിന്റെ കൂദാശ നടത്തിയതിന് ശേഷം വിശുധനാടുകളുടെ സന്ദർശനത്തിന് പുറപ്പെട്ടു. തിരിച്ചെത്തിയ ശേഷം തിരുമേനി ചെയ്ത പ്രസംഗം ‘ഭക്തവചനം’ എന്ന പേരിൽ പ്രശസ്തമായി. ഈ പ്രസംഗം തിരുവിതാംകൂറിലെ ഹൈസ്കൂൾ പാഠപുസ്തകത്തിലും എം.രാമവർമ്മ തമ്പാൻ പ്രസിദ്ധപ്പെടുത്തിയ ‘പ്രഭാഷണങ്ങൾ’ എന്ന ഗ്രന്ഥത്തിലും ഉൾപ്പെടുത്തിയിരുന്നു. കൂടാതെ തന്റെ യെരുശലേം സന്ദർശനത്തെക്കുറിച്ച് ഊർശ്ലേം യാത്രാവിവരണം എന്ന പേരിൽ തിരുമേനി എഴുതി പ്രസിദ്ധീകരിച്ച പുസ്തകമാണ് മലയാളത്തിൽ ആദ്യം അച്ചടിച്ച യാത്രാവിവരണമായി കരുതപ്പെടുന്നത്. സുറിയാനി ഭാഷയിലായിരുന്നു പാണ്ഡിത്യമെങ്കിലും അദ്ദേഹം മലയാളത്തിൽ വേറെയും രചനകൾ നടത്തിയിട്ടുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ നേതൃത്വം നൽകിയ മോര്‍ ഗ്രീഗോറിയോസ്, തുമ്പമൺ, മുളന്തുരുത്തി, കുന്നംകുളം തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാലയങ്ങൾ ആരംഭിച്ചു. തിരുവല്ലയിലെ എം. ജി. എം സ്കൂളും കോട്ടയം താഴത്തങ്ങാടി സ്കൂളും സ്ഥാപിക്കുവാൻ പ്രാരംഭശ്രമങ്ങൾ നടത്തിയതും മോര്‍ ഗ്രീഗോറിയോസാണ്.

1902 നവംബർ 2-ന് മോര്‍ ഗ്രീഗോറിയോസ് കാലം ചെയ്തു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം പരുമല പള്ളിയുടെ വടക്ക് വശത്ത് പ്രത്യേക കബറിടത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മപ്പെരുന്നാൾ നവംബർ 2 ന് സഭ ആചരിക്കുന്നു. പരിശുധന്റെ ജീവിതം നമുക്ക് മാതൃകയായിരിക്കട്ടെ! പ്രാര്‍ത്ഥന നമുക്ക് കൊട്ടയായിരിക്കട്ടെ!!