മോര്‍ ഇഗ്നാത്തിയോസ് നൂറോനോ (St. Ignatius of Antioch)

“അവൻ ഒരു ശിശുവിനെ അടുക്കെ വിളിച്ച് അവരുടെ നടുക്കൽ നിറുത്തി :ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു. ഇങ്ങനെയുള്ള ശിശുവിനെ എൻറെ നാമത്തിൽ കൈകൊള്ളുന്നവൻ എന്നെയും കൈകൊള്ളുന്നു” (വി. മത്തായി 18 :4 – 6) പിൽകാലത്ത് അന്ത്യോഖ്യയുടെയും കിഴക്കൊക്കെയുടെയും മൂന്നാമത്തെ പാത്രിയർക്കീസ് ആയിത്തീർന്ന മോർ ഇഗ്നാത്തിയോസ് നൂറോനോ – തീയ്കടുത്ത മോര്‍ ഇഗ്നാത്തിയോസ് – ആയിരുന്നു ഈ ശിശുവെന്ന് പാരമ്പര്യം ഉൽഘോഷിക്കുന്നു. തെയോഫോറസ് – ദൈവത്താൽ വഹിക്കപ്പെട്ടവൻ എന്നൊരു മറുനാമവും മാർ ഇഗ്നാത്തിയോസ്സിന് ഉണ്ടായിരുന്നു. ആദിമസഭയുടെ അഭിമാനമായിരുന്ന അദ്ദേഹത്തിന്റെ നാമം കാലക്രമത്തിൽ അന്ത്യോഖ്യാ പാത്രിയർക്കീസിൻറെ സ്ഥാനപേരായി മാറുകയും ചെയ്തു. AD 25നോടടുത്ത് ആണ് മോര്‍ ഇഗ്നാത്തിയോസ് ജനിച്ചത്‌ എന്ന് കരുതപ്പെടുന്നു. സുറിയാനിയിൽ “നൂറോനോ” എന്ന ശബ്ദത്തിന് അഗ്നിമയൻ എന്നർത്ഥം. യവനഭാഷയിൽ ഇഗ്നാത്തിയോസ് എന്ന പദത്തിനും അതാണത്രേ അർത്ഥം. തീക്ഷണമായ വിശ്വാസത്തിൻറെ തീവ്രമായ ജ്വാല ഹൃദ്യാന്തർഭാഗത്ത്‌ സംക്ഷേപിച്ചിരുന്നവനായ ഇഗ്നാത്തിയോസ് നൂറോനോയ്ക്ക് ആ പേര് തികച്ചും അന്വർത്ഥമായിരുന്നു എന്നതിൽ പക്ഷാന്തരം ഉണ്ടാകാൻ ഇടയില്ല. അഞ്ച് അപ്പോസ്തോലിക പിതാക്കന്മാരില്‍ (അപ്പോസ്തോലന്മാരുടെ ശിഷ്യന്മാര്‍) ഒരുവനാണ് മോര്‍ ഇഗ്നാത്തിയോസ്.

അന്ത്യോഖ്യ ആദിമ ക്രൈസ്തവയുഗത്തിലെ പ്രധാന നഗരമായിരുന്നു. അവിടെവെച്ചാണ് ക്രിസ്തുവിൻറെ അനുയായികൾ (ക്രിസ്ത്യാനികൾ) എന്ന് വിളിക്കപ്പെട്ടത്‌. ഇവിടെയാണ്‌ AD 37ൽ ക്രിസ്തുസഭയിലെ ആദ്യത്തെ ശ്ലൈഹിക സിംഹാസനം ശ്ലീഹന്മാരിൽ തലവനായ വി. പത്രോസ് സ്ഥാപിച്ചത്. അന്ത്യോഖ്യയിലെ ഒന്നാമത്തെ പാത്രിയർക്കീസായ വി. പത്രോസ് കുറച്ചുനാളുകൾക്കു ശേഷം അവിടുത്തെ ഇടവകവികാരിയായിരുന്ന യൗദിയൊസിനെ പാത്രിയർക്കീസായി അവരോധിച്ചശേഷം പാശ്ചാത്യനാടുകളിൽ സുവിശേഷഘോഷണത്തിന് പുറപ്പെട്ടു. ആ കാലഘട്ടങ്ങളിൽ യഹൂദ ക്രൈസ്തവർക്കും പുറജാതിയിൽ നിന്ന് വന്നവർക്കും വെവ്വേറെ പാത്രിയർക്കീസ് – മെത്രാൻ ആയിരുന്നു. എന്നാൽ യൗദിയൊസിൻറെ കാലശേഷം മോര്‍ ഇഗ്നാത്തിയോസ് ഇരുകൂട്ടരുടെയും മെത്രാനായി. അങ്ങനെയാണ് മോർ ഇഗ്നാത്തിയോസ് ആകമാനസഭയുടെ അധ്യക്ഷനായതും അന്ത്യോഖ്യൻ പാത്രിയർക്കീസുമാര്‍ “ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ” എന്ന് വിശേഷിപ്പിക്കപ്പെടുവാൻ ഇടയായതും.

മോര്‍ ഇഗ്നാത്തിയോസിൻറെ ലേഖനങ്ങൾ, റോമിലേക്കുള്ള അന്ത്യയാത്രയിൽ തന്നോടൊപ്പം ഉണ്ടായിരുന്ന ഫൈലൊ, അഗസ്തോപ്പസ്, ക്രോക്കോവോസ് എന്നീ ഭക്തർ ചേർന്ന് വിവരിച്ചിട്ടുള്ള മാർത്തരീയം ഇഗ്നെഷ്യെ (ഇഗ്നാത്തിയോസിൻറെ രക്തസാക്ഷിമരണം), യുസേബിയോസിന്റെ സഭാചരിത്രം എന്നീ ഗ്രന്ഥങ്ങൾ ആണ് ആ പുണ്യപുരുഷൻറെ ജീവിതത്തിലേക്കുള്ള അറിവിൻറെ ഉറവകൾ. പുതിയനിയമകാലത്തിനും ഐറേനിയസ്, അത്താനാസ്യോസ് തുടങ്ങിയ സഭാപിതാക്കന്മാരുടെ കാലത്തിനുമിടയിൽ വി. പൌലോസിന് സമശീർഷനായ വേദശാസ്ത്രപണ്ഡിതനും, വി.യോഹന്നാനു തുല്യനായ ചിന്തകനും, വി. മത്തായിക്കു തുല്യനായ സുവിശേഷകനും എല്ലാമായിരുന്നു വി. ഇഗ്നാത്തിയോസ് നൂറോനോ.

ക്രിസ്തീയ ദേവാലയങ്ങളിൽ-പ്രത്യേകിച്ച് പൌരസ്ത്യ സഭകളിൽ-പ്രാർഥനാഗാനങ്ങൾ ആലപിക്കുന്നത് രണ്ടു ഗണങ്ങളായി (ഗൂദോ) പിരിഞ്ഞാണ്. (വൈദികരും ശുശ്രൂഷകരും ഒരു ഗാനം അതിനുശേഷം ജനസമൂഹം അടുത്തഗാനം). ഈ പതിവു സഭയിൽ ഉണ്ടാക്കിയത്‌ മോർ ഇഗ്നാത്തിയോസ്ആയിരുന്നു. അഗ്നിമയന്മാരായ സ്വർഗീയമാലാഖമാർ ഇപ്രകാരം രണ്ടു ഗണങ്ങളായി തിരിഞ്ഞുനിന്നു ദൈവത്തെ സ്തുതിക്കുന്നത് വിശുദ്ധൻ ഒരിക്കൽ ദർശനത്തിൽ കണ്ടു.

നീറോ ചക്രവർത്തിയുടെയും (AD 54-81) ഡൊമീഷ്യൻ ചക്രവർത്തിയുടെയും (AD 81-96) ക്രൈസ്തവപീഡനങ്ങൾ ഏവർക്കും അറിവുള്ളതാണല്ലോ. ഇവർക്കുശേഷം അധികാരത്തിൽ വന്ന ട്രാജൻ ചക്രവർത്തി വിഗ്രഹാരാധനയും മറ്റും നിർബന്ധമാക്കുകയും വിഗ്രഹബലി കഴിക്കാത്ത ക്രിസ്ത്യാനികളെ നിഷ്കരുണം കുരുതികഴിക്കുകയും ചെയ്തു. AD 107ൽ ട്രാജൻ ചക്രവർത്തി അന്ത്യോഖ്യയിലെത്തിയപ്പോളുണ്ടായ ഭൂചലനത്തിന് കാരണം ക്രിസ്ത്യാനികളുടെ വിഗ്രഹാരധനാവിരോധം മൂലമെന്ന് കരുതിയ ചക്രവർത്തി അന്ത്യോഖ്യൻ സഭയുടെ തലവനായ മോർ ഇഗ്നാത്തിയോസ്സിനെ തടവിലാക്കുകയും വിഗ്രഹാരാധന നിർബന്ധിതമാക്കുകയും ചെയ്തു. മോർ ഇഗ്നാത്തിയോസിനെ റോമിൽ കൊണ്ടുപോയി വന്യമൃഗങ്ങൾക്ക് എറിഞ്ഞുകൊടുക്കണമെന്നും വിധിയുണ്ടായി. വിധികേട്ടപ്പോൾ ആനന്ദതുല്യനായ അദ്ദേഹം ദൈവത്തോടിങ്ങനെ പ്രാർഥിച്ചു “സർവശക്തനും സാരംശസംപൂർണനുമായ എൻറെ നാഥാ, അവിടുത്തെ പൂർണമായ സ്നേഹവായ്പ്പിനു അടിയനെ യോഗ്യനായി കാണുന്നതിനാൽ അടിയൻ അവിടുത്തെ സ്തുതിക്കുന്നു. ചക്രവർത്തി നൽകുന്ന ശൃംഘലകൾ അവിടുത്തെ സ്നേഹത്തിൻറെ നിദർശനങ്ങൾ ആകയാൽ അവയെ ചുംബിച്ചുകൊണ്ട് ഞാൻ അങ്ങയെ വന്ദിക്കുന്നു.”

അന്ത്യോഖ്യയിൽ നിന്ന് റോമിലേക്കുള്ള യാത്രാമധ്യേ സെലൂക്യ, ഏഷ്യാമൈനോറിൽ പംഫീലിയ, ലവുദിക്യ തുടങ്ങിയ സ്ഥലങ്ങളിൽ അദ്ദേഹത്തെ കാണാനെത്തിയ ദുഖിതരായ സഭാമക്കളോട് ദൈവതിരുനാമത്തെ മഹത്വപെടുതുവാനാണ് അദ്ദേഹം ഉപദേശിച്ചത്. പിന്നീടെത്തിയ സ്മിർണയിൽ വച്ചാണ് മാർ ഇഗ്നാത്തിയോസിൻറെ ലേഖനങ്ങൾ പലതും എഴുതപെട്ടത്‌. സ്മിർണയിലെ ബിഷപ്പ് ആയിരുന്ന രക്തസാക്ഷിയായ മോര്‍ പോളിക്കാര്‍പ്പോസുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ടായിരുന്നു. ഒടുവിൽ റോമിലെത്തിയപ്പോൾ പതിനായിരത്തോളം ക്രിസ്ത്യാനികൾ വിലക്കു വകവെക്കാതെ വിശുദ്ധനെ തേടിയെത്തുകയും വിശ്വാസത്തിൽ നിലനിൽക്കാൻ അദ്ദേഹം അവരെ ഉൽബോധിപ്പിക്കുകയും ചെയ്തു. തന്റെ മരണത്തെക്കുറിച്ച് അദ്ദേഹം എഴുതി “എന്നെ മൃഗങ്ങള്‍ തിന്നുവാന്‍ അനുവദിക്കുക. അങ്ങനെ ഞാന്‍ ദൈവത്തിലേക്ക് സമീപിക്കട്ടെ. ഞാനോ ദൈവത്തിന്റെ ഗോതമ്പ് മണി, അത് മൃഗങ്ങളുടെ പല്ലുകള്‍ക്കിടയില്‍ നന്നായി പൊടിഞ്ഞ് യേശുക്രിസ്തുവിനു വിശുദ്ധമായ അപ്പമായി തീരട്ടെ.”

AD 107 ഒക്ടോബർ 17ന് വി. ഇഗ്നാത്തിയോസ് നൂറോനോയുടെ ഭൌതികശരീരം വന്യമൃഗങ്ങൾ കടിച്ചുകീറി. തൻറെ അസ്ഥികൾ അനുയായികൾ സൂക്ഷിക്കുകയും പിൽകാലത്ത് അന്ത്യോഖ്യയിലേക്ക് അയയ്ക്കുകയും ചെയ്തു. വി. ഇഗ്നാത്തിയോസ് നൂറോനോയുടെ മരണം ട്രാജൻ ചക്രവർത്തിയുടെ മനംമാറുന്നതിനു ഇടയാക്കുകയും ക്രിസ്തീയപീഡനം താമസിയാതെ അവസാനിക്കുകയും ചെയ്തു.

വി. ഇഗ്നാത്തിയോസിൻറെ ഏഴു ലേഖനങ്ങൾ സാർവലൗകീകസഭകളുടെ സത്യവിശ്വാസത്തിൻറെ ചട്ടകൂട് ഉൾകൊള്ളുന്നതായി സഭാപണ്ഡിതർ സാക്ഷീകരിച്ചിട്ടുണ്ട്. “സഭ ദൈവത്താല്‍ സ്ഥാപിതമായ ഒരു ദൃശ്യസമൂഹമാണ്. അതിൻറെ ലക്ഷ്യം ആത്മാക്കളുടെ രക്ഷയാണ്. പൌരോഹിത്യം ക്രിസ്തുവിൻറെ സൃഷ്ടിയാണ്. പൌരോഹിത്യത്തിൽ മൂന്നു സ്ഥാനികളാണുള്ളത്. സഭയിൽ ഐക്യത്തിൻറെയും അധികാരത്തിൻറെയും കേന്ദ്രം എപ്പിസ്കൊപ്പാ (Bishop) ആകുന്നു. എപ്പിസ്കൊപ്പായുടെ അധികാരം ദൈവദത്തവും സംപൂർണവും ആകുന്നു” എന്നിങ്ങനെ പോകുന്നു ആ ചട്ടകൂടിന്റെ ചിത്രം. സഭയെ കാതോലികം (Catholic) എന്ന് ആദ്യമായി വിശേഷിപ്പിച്ചതും വി. ഇഗ്നാത്തിയോസ് ആണ്. “എപ്പിസ്കൊപ്പാ (Bishop) എവിടെയോ അവിടെ ജനങ്ങള്‍ ഉണ്ടായിരിക്കട്ടെ; യേശു ക്രിസ്തു എവിടെയോ അവിടെ കാതോലികമായ സഭ ഉണ്ടായിരിക്കുന്നതുപോലെ” എന്ന അദ്ദേഹത്തിന്റെ പ്രസ്ഥാവന പ്രസിദ്ധമാണ്. വി. കുര്‍ബാനയെക്കുറിച്ച് അദ്ദേഹം പഠിപ്പിച്ചത് : “എനിക്ക് ക്ഷയിക്കുന്ന ഭക്ഷണത്തോടോ ഈ ജീവിതത്തിന്റെ സുഖങ്ങളോടോ ആഭിമുഖ്യമില്ല. ഞാന്‍ ആഗ്രഹിക്കുന്നത് ദാവീദിന്റെ സന്തതിയായ യേശുക്രിസ്തുവിന്റെ മാംസമായ ദൈവത്തിന്റെ അപ്പവും; കുടിക്കുവാന്‍ ആഗ്രഹിക്കുന്നത് അക്ഷയമായ സ്നേഹമായ അവന്റെ രക്തവുമാണ്” വിശുദ്ധന്റെ ഏഴു ലേഖനങ്ങള്‍ മലയാളത്തില്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം: Epistles_Ignatius_Malayalam

മാർ ഇഗ്നാത്തിയോസ്സിൻറെ ഒരു പ്രാർത്ഥന ഉദ്ധരിക്കുന്നു:

“കർത്താവേ, കരുണതോന്നേണമേ.
മിശിഹാതമ്പുരാനെ,കരുണചെയ്യേണമേ .
ക്രിസ്തുവിൻറെ ആത്മാവേ, എന്നെ ശുദ്ധീകരിക്ക.
ക്രിസ്തുവിൻറെ ശരീരമേ,എന്നെ രക്ഷിക്ക.
ക്രിസ്തുവിൻറെ രക്തമേ, എന്നെആനന്ദിപ്പിക്ക.
ക്രിസ്തുവിൻറെ വിലാവിൽനിന്നു ഒഴുകിയ ജലം എന്നെ കഴുകട്ടെ.
ക്രിസ്തുവിൻറെ പീഡാനുഭവങ്ങൾ എന്നെ ബലപ്പെടുത്തട്ടെ .
കാരുണ്യവാനായ യേശുമിശിഹാ ,കേട്ടരുളേണമേ.
ദുഷ്ടശത്രുക്കളിൽനിന്ന് എന്നെ കാക്കേണമേ.
എൻറെ മരണസമയത്ത് എന്നെ ഓർക്കേണമേ.
ദൈവംതമ്പുരാനെ, തിരുസന്നിധിയിൽ എത്തിച്ചേരുവാനും
എണ്ണമറ്റ വിശുദ്ധരോടോന്നിച്ചു അങ്ങയെ സ്തുതിപ്പാനും
എന്നെ യോഗ്യനാക്കേണമേ. ആമ്മീൻ.”

സഹദായുടെ ഓര്‍മ October 17, December 20 എന്നീ ദിവസങ്ങളില്‍ സഭ ആചരിക്കുന്നു. തീയ്ക്കടുത്ത മാർ ഇഗ്നാത്തിയോസ്സിൻറെ ചരിത്രം നമ്മുടെ വിശ്വാസജീവിതത്തിന് ഒരു പ്രചോദനം ആകട്ടെയെന്നും വിശുദ്ധന്റെ മദ്ധ്യസ്ഥത ഏവർക്കും കാവലും കോട്ടയുമാകട്ടെയെന്നും പ്രാർഥിക്കുന്നു.

കടപ്പാട് : വേദശബ്ദരത്നാകരം – ഡോ. ഡി. ബാബു പോൾ