പാസ്റ്റര്‍ കുട്ടപ്പന്‍ റോക്സ്! – ഭാഗം 2 (Pastor Kuttappan Rockzz! – Part 2)

പെന്തകൊസ്തിലെ ഗര്‍ജ്ജിക്കുന്ന സിംഹമാണ് റവറന്റ് ഡോക്ടര്‍ കുട്ടപ്പന്‍. അദ്ദേഹത്തിന്റെ ചില വീരശൂര കഥകള്‍ ഭാഗം 1 കാര്‍മല്‍ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നുള്ള മറ്റു ചില ഏടുകള്‍ ആണ് കാര്‍മല്‍ ഇത്തവണ വായനക്കാര്‍ക്കായി ഒരുക്കുന്നത്.

അപ്പോസ്തോലന്മാരും സ്നാനവും

പാസ്റ്റര്‍ കുട്ടപ്പന്റെ നേതൃത്വത്തില്‍ ആണ് കൊമ്പനാട് കണ്‍വെന്‍ഷന്‍. പവർ, ഫയർ, കെട്ടുകൾ പൊട്ടിക്കൽ, അത്ഭുത രോഗശാന്തി മുതലായ കാര്യപരിപാടികൾ നിരത്തി വർണ്ണശബളമായ പോസ്റ്ററുകളും ഒക്കെ അച്ചടിപ്പിച് വലിയ പരസ്യം ഒക്കെ കൊടുത്ത് നടത്തുന്ന സംഭവം കാണുവാൻ അപ്പോസ്തോലന്മാരും എത്തി.

അതിഘോര ഗംഭീരമായ പ്രസംഗം!  പാസ്റ്റര്‍ കുട്ടപ്പന്‍ ആത്മാവിലായി പ്രസംഗിക്കുകയാണ്. ഇടയ്ക്കൊന്നു നിറുത്തി പാ. കുട്ടപ്പൻ ചോദിച്ചു: “നിങ്ങൾ രക്ഷിക്കപ്പെട്ടതാണോ?” അപ്പോസ്തോലന്മാരോടാണ് ചോദ്യം!

ഒന്ന് പകച്ച അപ്പോസ്തോലന്മാരെ നോക്കി പാ. കുട്ടപ്പൻ സ്വതസിദ്ധമായി ചിരിച്ചുകൊണ്ട് ബൈബിൾ തുറന്നു; വായിച്ചു: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും. മാര്‍ക്കോസ് പതിനാറിന്റെ പതിനാറ്. അമേഏഏന്‍. ബൈബിളിൽ എങ്ങും നിങ്ങൾ സ്നാനം ഏറ്റതായി കാണുന്നില്ല. അതുകൊണ്ട് ഇപ്പോൾ നിങ്ങൾ സ്നാനപ്പെടണം.”

 “ബൈബിളിൽ എഴുതിക്കാണില്ല, പക്ഷെ ഞങ്ങൾ സ്നാനം ഏറ്റതാണ്.” അപ്പോസ്തോലന്മാർ പറഞ്ഞു,

പാസ്റ്റര്‍ ആക്രോശിച്ചു; “നിങ്ങൾ എവിടെയാണ് സ്നാനം ഏറ്റത്? മുഴുവൻ മുങ്ങി ആണോ സ്നാനപ്പെട്ടത്‌?”

ചോദ്യശരങ്ങൾക്കു മുമ്പിൽ പകച്ചു നിന്ന പത്രോസ് പറഞ്ഞു, “അതിന് മുഴുവൻ മുങ്ങണം എന്ന് ആരാ പറഞ്ഞത്? ഞങ്ങളെ കർത്താവ് അങ്ങനെ ഒന്നും പഠിപ്പിച്ചിട്ടില്ല.”

ദേഷ്യം വന്ന പാ. കുട്ടപ്പൻ വീണ്ടും ബൈബിൾ തുറന്നു. “ഷണ്ഡന്റെ സ്നാനം നോക്കിക്കേ… ധാരാളം വെള്ളം എന്ന് എഴുതിയിരിക്കുന്നത് കണ്ടില്ലേ? യേശു 30-ആം വയസ്സിൽ അല്ലെ സ്നാനം ഏറ്റത്? അതുകൊണ്ട് മുങ്ങി സ്നാനപ്പെട്ടാലെ സ്നാനം ആകൂ.”

അപ്പോഴാണ്‌ പൌലോസ് അപ്പോസ്തോലന്‍ കടന്നു വന്നത്. “ഞാന്‍ മുങ്ങിയല്ല സ്നാനപ്പെട്ടത്‌. അനന്യാസ് എന്റെമേല്‍ കൈവച്ചു. കാഴ്ച പ്രാപിച്ച ഞാന്‍ എഴുന്നേറ്റു വീട്ടില്‍ വച്ചു തന്നെ സ്നാനം എല്ക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തു. ബൈബിളില്‍ ഉണ്ടല്ലോ. ദൈവം എന്റെ സ്നാനം അംഗീകരിച്ചതുമാണ്” പൌലോസ് പറഞ്ഞു.

“പൌലോസ് വെറുതെ ബൈബിള്‍ അറിയാതെ തര്‍ക്കിക്കരുത്. ക്രിസ്തു മുങ്ങിയല്ലേ സ്നാനപ്പെട്ടത്‌? തളിച്ചോ ഒഴിച്ചോ സ്നാനപ്പെടുത്താന്‍ വാക്യം എവിടെ?” കുട്ടപ്പന്‍ ഒട്ടും വിട്ടു കൊടുത്തില്ല.

പൌലോസ് അടിമുടി തളര്‍ന്നു. തകർന്നു പോയ അപ്പോസ്തോലന്മാർ എല്ലാരും സ്നാനം എൽക്കാൻ ആദ്യം ഷണ്ഡൻ ആകണോ, മുപ്പതാം വയസ്സിൽ സ്നാനം ഏറ്റ് മുപ്പത്തിമൂന്നാം വയസ്സിൽ കുരിശിൽ മരിക്കണോ എന്നൊന്നും മനസ്സിലാകാതെ നദി അന്വേഷിച്ചു വിഷമത്തോടെ യാത്രയായി… കുറച്ചു ആത്മാക്കളെ കൂടി നേടിയതില്‍ സന്തോഷിച്ച് ദൈവത്തെ സ്തുതിച്ചുകൊണ്ട് അപ്പോഴും പാസ്റ്റര്‍ കുട്ടപ്പന്‍ തന്റെ പ്രസംഗം തുടരുകയായിരുന്നു….

ആരാധനയും അന്യഭാഷയും

“ഫയർ സ്ഫോടനം” എന്നൊക്കെ ഒരു നോട്ടീസ് കണ്ട് ഫയർഫോഴ്സും പോലീസും ഒക്കെ പാ. കുട്ടപ്പന്റെ ക്രൂസേഡ് ഗ്രൌണ്ടിനു ചുറ്റും നില്ക്കുകയാണ്!

റവ. ഡോ. പാ കുട്ടപ്പന്റെ ശബ്ദം മുഴങ്ങി “നമുക്ക് ആരാധിക്കാം…”

പാട്ടിന്റെ നിയന്ത്രണം കുട്ടപ്പൻ ഏറ്റെടുത്തു..

ആരാധിക്കുന്നു  ഞങ്ങള്‍    ആരാധിക്കുന്നു

ആത്മ  നാഥന്‍  യേശുവിനെ  ആരാധിക്കുന്നു

ആരാധിക്കുന്നു  ഞങ്ങള്‍    ആരാധിക്കുന്നു

ആത്മാവിലും  സത്യത്തിലും  ആരാധിക്കുന്നു

ഡ്രംസും കീബോർഡും എല്ലാം അരങ്ങ് കൊഴുപ്പിച്ചു. എല്ലാവരും കൈ അടിച്ച് തൊണ്ട പൊട്ടുന്നത് പോലെ പാട്ട് തുടങ്ങി. പാട്ടിന്റെ ഇടയിൽ പുട്ടിനു പീര ഇടുന്ന പോലെ കുട്ടപ്പന്റെ നിർദ്ദേശങ്ങൾ മുഴങ്ങി. “ആരും നോക്കി നിൽക്കരുത്.. എല്ലാവരും കരങ്ങൾ അടിച്ച്…. എല്ലാവരും കരങ്ങൾ അടിച്ച് ദൈവത്തെ മഹത്വപ്പെടുത്തിയാട്ടെ…. നമ്മുടെ ദൈവം ആരാധനക്കൊതിയനാണ്…. ഹെലേഏഏലുയ്യ”

ഇത് കേട്ടതും കയ്യടി കൂടുതൽ ശക്തിയിൽ ആയി.

ബന്ധനം അഴിയും  കെട്ടുകള്‍ അഴിയും ആരാധനയിങ്കല്‍

ബാധകള്‍ ഒഴിയും  കോട്ടകള്‍  തകരും  ആരാധനയിങ്കല്‍….

ഈ വരികൾ വന്നതും പാ. കുട്ടപ്പൻ ആവേശഭരിതനായി “പൊട്ടട്ടെ.. പൊട്ടട്ടെ….” വിശ്വാസികൾ തുള്ളാൻ തുടങ്ങി.

പാട്ട് മുറുകി, താളം ധ്രുതഗതിയിൽ ആയി.  പാ. കുട്ടപ്പന്റെ വരികൾ അന്യഭാഷയ്ക്കു വഴി മാറിക്കൊടുത്തു.

കുമ്പട ധീവട ധാരേ ധാരേ മീങ്കട കൂതട ലോറി ഡ്രൈവര്‍

ഫാകട സൂകട അമ്പേ അമ്പേ കുക്കല ഭീകര കിലുക്കാംപെട്ടി

അങ്ങനെ ഞരമ്പെല്ലാം വലിഞ്ഞു പൊട്ടാറായി. അന്നേരം ആണ് പൗലോസ്‌ അപ്പൊസ്തൊലൻ ആ വഴി വന്നത്. ഇടംകണ്ണിൽ ആ കാഴ്ച കണ്ട് കുട്ടപ്പൻ പരിഭ്രാന്തനായി. എന്തിനാണാവോ ഇവർ ഇവിടെയും വന്നത്? ഇനി ഇന്ന് എന്ത് കൊസ്രാക്കൊള്ളി ആണാവോ ഒപ്പിക്കാൻ പോകുന്നത്!!

അന്യഭാഷ കെട്ട് വന്ന പൗലോസ്‌ അപ്പൊസ്തൊലൻ പാ. കുട്ടപ്പനോട് നിർത്താൻ പറഞ്ഞു.

സഹികെട്ട പാ. കുട്ടപ്പൻ “ഞങ്ങൾ അന്യഭാഷയിൽ ആരാധിക്കുകയാണ്. ഇതാണ് ആരാധന. ഇത് കഴിഞ്ഞ് എന്റെ പ്രസംഗം ഉണ്ട്. അതു കഴിഞ്ഞ് കാണാം” എന്ന് പറഞ്ഞു.

അപ്പൊസ്തൊലൻ സമ്മതിച്ചില്ല. “ഒരു തീരുമാനം ഉണ്ടാക്കിയിട്ട് മതി ഇനി നിങ്ങടെ അന്യഭാഷ”

പാ. കുട്ടപ്പനിലെ ഗർജ്ജിക്കുന്ന സിംഹം എഴുന്നേറ്റു. നേരെ ബൈബിൾ എടുത്തു. “ദേ കണ്ടോ, അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു എന്ന് എഴുതിയിരിക്കുന്നത്?”

അപ്പൊസ്തൊലൻ പറഞ്ഞു, “നിങ്ങളോട് പണ്ടും പറഞ്ഞിട്ടുണ്ട്, മുറിവാക്യം എടുത്ത് നടക്കരുത് എന്ന്. ഈ ലേഖനം ഞാൻ കൊരിന്ത്യ സഭയ്ക്ക് എഴുതുമ്പോൾ അതിന് ഒരു ഉദ്ദേശം ഉണ്ടായിരുന്നു. പിന്നെ, ആ ലേഖനം മുഴുവൻ എന്താ വായിക്കാത്തത്? നിങ്ങളും നാവുകൊണ്ടു തെളിവായ വാക്കു ഉച്ചരിക്കാഞ്ഞാൽ സംസാരിക്കുന്നതു എന്തെന്നു എങ്ങനെ അറിയും? നിങ്ങൾ കാറ്റിനോടു സംസാരിക്കുന്നവർ ആകുമല്ലോ എന്നും, ലോകത്തിൽ വിവിധ ഭാഷകൾ അനവധി ഉണ്ടു; അവയിൽ ഒന്നും തെളിവില്ലാത്തതല്ല എന്നും ഒക്കെ വളരെ വ്യക്തമായി ഞാൻ അതിൽ എഴുതിയിരുന്നല്ലോ.”

സംശയം തോന്നിയ അപ്പൊസ്തൊലൻ പാ. കുട്ടപ്പന്റെ ബൈബിൾ വാങ്ങി പരിശോധിച്ചപ്പോൾ എല്ലാം അതിൽ ഉണ്ടായിരുന്നു.

അപ്പൊസ്തൊലൻ ചോദിച്ചു, “ഇങ്ങനെ അപശബ്ദം ഉണ്ടാക്കിയാൽ അത് അന്യഭാഷ ആണ് എന്ന് നിങ്ങളോട് ആര് പറഞ്ഞൂ? വ്യാഖാനി ഇല്ലാതെ സഭയില്‍ ആരും അന്യഭാഷ പരയുരുത് എന്നും മിണ്ടാതെ ശബ്ദം പുറത്ത് വരാതെ ദൈവത്തോട് സംസാരിച്ചു കൊള്ളണം എന്നും എഴുതിയിരിക്കുന്നത് കണ്ടില്ലേ? ഇവിടെ എവിടെ ആണ് വ്യാഖ്യാനി ഉള്ളത്?”

“അത്.. പിന്നെ.. ആ..” പാ നിന്ന് പരുങ്ങി.

അതിന് ശേഷം അവിടെ കൂടിയിരുന്നവരോട് പൗലോസ്‌ അപ്പൊസ്തൊലൻ പറഞ്ഞു. “ഞാന്‍ വ്യക്തമായി എഴുതിയിട്ടുണ്ട് എങ്ങനെയാണ് ദൈവത്തെ ആരാധിക്കേണ്ടത് എന്ന്. വായിച്ചേ 1 കൊരിന്ത്യര്‍ 14:25”

വിശ്വാസികളില്‍ ഒരാള്‍ പെട്ടെന്ന് വായിച്ചു “അവന്റെ ഹൃദയരഹസ്യങ്ങളും വെളിപ്പെട്ടുവരും; അങ്ങനെ അവന്‍ കവിണ്ണുവീണു, ദൈവം വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ടു എന്നു ഏറ്റുപറഞ്ഞു ദൈവത്തെ നമസ്കരിക്കും.”

“ഇവിടെ നമസ്കരിക്കുക എന്നത് തെറ്റായ പരിഭാഷയാണ്. ആരാധിക്കുക എന്നാണു വേണ്ടത്. എന്തായാലും കവിണ്ണുവീണു ആരാധിക്കണം എന്ന് മനസ്സിലായല്ലോ.” പൌലോസ് പറഞ്ഞു.

പാസ്റ്റര്‍ കുട്ടപ്പന്‍ വിട്ടു കൊടുത്തില്ല. “ഞങ്ങള്‍ക്ക് ബൈബിള്‍ ഉണ്ട്. അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ദാവീദ് നൃത്തം ചെയ്തു ആരാധിചില്ലേ? കൈകൊട്ടി ആരാധിക്കാന്‍ സങ്കീര്‍ത്തനത്തില്‍ പറഞ്ഞിട്ടില്ലേ?”

പൌലോസിനും ആകെ സംശയമായി. ഇനി ഇപ്പോള്‍ ശരിക്കും പാസ്റ്റര്‍ പറയുന്നത് തന്നെയാണോ ശരി?

കുട്ടപ്പന്‍ പൌലോസിന്റെ മുഖഭാവം ശ്രദ്ധിച്ചു. “ഒരാള്‍ അന്യഭാഷയില്‍ സംസാരിക്കുകയും വ്യാഖ്യാനി അത് വ്യഖ്യാനിക്കയും ചെയ്യുമ്പോള്‍ സഭയില്‍ ശേഷിക്കുന്നവര്‍ ശ്രദ്ധയോടെ അതിന്റെ അര്ത്ഥം ഗ്രഹിച്ചു ആത്മീക വര്‍ദ്ധനവ് പ്രാപിക്കുന്നു. അങ്ങനെ വ്യാഖ്യാനിയുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന ഈ കര്‍മ്മമാണ് സഭയോടാകുന്നത്. എന്നാല്‍ തന്നത്താന്‍ ആത്മീക വര്‍ദ്ധനവിന് അന്യഭാഷ പറയുമ്പോള്‍ അത് സഭയോടല്ല. തന്നോടും ദൈവത്തോടു മാത്രമാകുന്നു. അതുകൊണ്ട് അവ വ്യാഖ്യാനിക്കേണ്ട ആവശ്യം ഇല്ല.” പാസ്റ്റര്‍ ഗൌരവം വിട്ടില്ല.

പാസ്റ്റര്‍ കുട്ടപ്പന്‍ പറഞ്ഞത് മുഴുവനൊന്നും പൌലോസിനു മനസ്സിലായില്ല.

“പൌലോസേ ക്രിസ്തുവിലുള്ള സ്വാതത്ര്യം പ്രാപിക്ക്.  പൂര്‍ണ്ണ സ്വാതന്ത്ര്യത്തിലേക്കാണ്‌ ക്രിസ്‌തു നമ്മെ സ്വതന്ത്രരാക്കിയത്‌. വരൂ നമുക്ക് ദൈവത്തെ ആരാധിക്കാം. വ്യര്‍ത്ഥ പാരമ്പര്യങ്ങള്‍ ആയ കുമ്പിടലും കുര്‍ബാനയും ഒക്കെ ഉപേക്ഷിക്ക്.” സംശയിച്ചു നില്‍ക്കുന്ന പൌലോസ് ശ്ലീഹായോടു പാസ്റ്റര്‍ പറഞ്ഞു.

ഒന്നും നോക്കിയില്ല, പൌലോസും റവ. കുട്ടപ്പന്റെ നേതൃത്ത്വത്തില്‍ ആരാധിക്കാന്‍ തുടങ്ങി. “അപ്പോസ്തോലര്‍ രാത്രി കാലേ ആരാധിച്ചപ്പോള്‍ ധൂകട ഭീലട ശുംഭട ശൂക….

ആ സമയം സ്വര്‍ഗ്ഗത്തിലെ മാലാഖമാരും മൂപ്പന്മാരും “ആമേന്‍; നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍” എന്ന് ഒരേ ശബ്ദത്തില്‍ തെളിമയായി ഏറ്റു പറഞ്ഞുകൊണ്ട് സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുന്‍പില്‍ കുമ്പിട്ടു നമസ്കരിക്കുകയായിരുന്നു…

വിടുതല്‍ മഹോത്സവം

ഇവന്റ്റ് മാനേജ്മെന്റ്റ് ഓഫീസിലെ ഫോണ്‍ ശബ്ദിച്ചു. അങ്ങേത്തലക്കല്‍ ഒച്ചയടച്ച ചിലമ്പിച്ച ശബ്ദം….

“ ഹലോ…… തെളിഞ്ഞവട്ടന്‍ അല്ലെ…..? ”

“ അതെ സാര്‍………..പറഞ്ഞാട്ടെ…….”

“ഞാന്‍ റവ. ഡോ. കുട്ടപ്പന്‍. കഴിഞ്ഞ പ്രാവശ്യത്തെപ്പോലെ നിങ്ങള്‍ വിടുതല്‍ ശുശ്രുഷക്ക് ആളെ സപ്ലൈ ചെയ്യില്ലേ?”

“ഏതു ടൈപ്പ് വേണം എന്ന് പറഞ്ഞാല്‍ മതി സാര്‍…. റെഡിയാണ്. തലവേദന, മുട്ടുവേദന, ചെവിപ്പുറകില്‍ മുഴ, കക്ഷത്തില്‍ മറുക്, കാണാമറയത്തു കാക്കപ്പുള്ളി……..ഇനിയും ഉണ്ട്.”

“എന്താ സഹോദര ഇത്? പഴയതില്‍ എനിക്ക് താല്പര്യമില്ല. വിശ്വാസികളുടെ ആവശ്യം കണക്കിലെടുത്ത് എന്തുകൊണ്ട് നിങ്ങള്‍ മോഡേന്‍ ആവുന്നില്ല? കേട്ടോളു…. ഒരു ക്യാന്‍സര്‍, ഒരു മുടന്തന്‍, രണ്ടു ദുരാത്മാക്കള്‍, ഒരു ഒന്നൊന്നര ഭൂതം, ഒരു രക്തരക്ഷസ്സ്…. ങാ… പിന്നെ ഒരു ചുടലയക്ഷിയും. സംഘടിപ്പിക്കാന്‍ പറ്റുമൊ?”

“ഏറ്റു സാര്‍…. ഒരു മയിലാട്ടവും നാഗയക്ഷിയും ഉണ്ട്. വിടട്ടോ…..? കാശ് വാരും!”

“ കൊള്ളാം… പക്ഷെ നല്ല ഗ്ലാമര്‍ ഉണ്ടായിരിക്കണം. അവസാന വിടുതലിലേക്ക് ഒരു ബെല്ലി ഡാന്‍സനര്‍ വേണം. വിശ്വാസികളുടെ നടുവില്നിടന്നും നേരെ സ്റ്റേജിലേക്ക്. അക്ഷണം ഞാന്‍ അഴിച്ചോളാം. പിന്നെ, അഭ്യാസം തികഞ്ഞവരെ മാത്രമേ അയക്കാവു. കഴിഞ്ഞ പ്രാവശ്യം ആ തടിച്ചി പിന്നോക്കം മലക്കുന്നതിനു പകരം എന്റെ നേരെ മല പോലെ മറിഞ്ഞത് ഓര്‍മ്മയുണ്ടോ? കഷ്ടിച്ചാണ്‌ ബാക്കി വിടുതല്‍ ഞാന്‍ ചെയ്തെടുത്തത്.”

“ശരി സാര്‍, സാമ്പത്തിക ബുദ്ധിമുട്ടും കടബാധ്യതയും വളരെ ഉണ്ട്…. കഴിഞ്ഞ പ്രാവശ്യത്തെ കണക്ക് തീര്‍ത്തിട്ടില്ല….”

“സഹോദരനും പോര് വിടുതല്‍ മഹോത്സവത്തിന്, ഞാന്‍ അഴിക്കാം. ഏറ്റെടുത്തോളു….”

“അയ്യോ…. വേണ്ട സാര്‍… എനിക്ക് നഗ്നനായി ഓടിപ്പോവാന്‍ ആവില്ല”

പൊടുന്നനവെ ഫോണ്‍ ബന്ധം (ബന്ധനം) മുറിഞ്ഞു !!!!!

കടപ്പാട്: അജ്ഞാതകര്‍തൃകമായ ഫേസ്ബുക്ക്‌ പോസ്റ്റ്‌.

പാസ്റ്ററും രോഗശാന്തി ശുശ്രൂഷയും

റവ. കുട്ടപ്പന്‍ തന്റെ കാറില്‍ പാഞ്ഞു പോകുകയാണ്. വഴിയിലൂടെ കുറച്ചു പേര്‍ നടന്നു പോകുന്നത് കണ്ടു പാസ്റ്റര്‍ വണ്ടി നിറുത്തി.  കുറച്ചു ക്രിസ്തീയ പുരോഹിതന്മാരും വിശ്വാസികളും ആണ് പോകുന്നത്. ഒരാളെ എങ്കിലും നേടാന്‍ കഴിഞ്ഞാലോ?

“എങ്ങോട്ടാ യാത്ര?” കാറിന്റെ ഗ്ലാസ് താഴ്ത്തി പാസ്റ്റര്‍ കൌതുകം കൂറി.

“ഞങ്ങള്‍ ഇടവകയിലുള്ള രോഗിയായ ഒരു സ്ത്രീയ്ക്ക് വി. തൈലാഭിഷേകം നടത്താന്‍ പോകുന്നു” സംഘത്തിലെ ഒരു പുരോഹിതന്‍ പറഞ്ഞു.

“ഹ ഹ തൈലാഭിഷേകമോ? അതെന്താ? അങ്ങനെയൊന്നു ബൈബിളില്‍ ഞാന്‍ വായിച്ചിട്ടില്ലല്ലോ! ഈ വ്യര്‍ത്ഥ പാരമ്പര്യങ്ങള്‍ ഒന്നും പിന്തുടരാതെ യേശുവില്‍ വിശ്വസിച്ചു രക്ഷ പ്രാപിക്കു” പാസ്റ്റര്‍ സുവിശേഷം അറിയിച്ചു!

“താങ്കള്‍ ആരാണ്?” പുരോഹിതന്‍ ചോദിച്ചു.

“ഞാന്‍ റവ. ഡോ. കുട്ടപ്പന്‍. ഒരു ദൈവദാസനാണ്”. പാസ്റ്റര്‍ വിനയാന്വിതനായി.

“തൈലാഭിഷേകം വ്യര്‍ത്ഥ പാരമ്പര്യം അല്ല. യേശുവിന്റെ കല്‍പ്പന പ്രകാരം രോഗികളെ എണ്ണ തേച്ചു സുഖപ്പെടുത്തി എന്ന് മര്‍ക്കോസ്  6:13 -ല്‍ വായിച്ചിട്ടില്ലേ? നല്ല ശമര്യാക്കാരന്‍ എണ്ണ തേച്ചാണ് മുറിവേറ്റവനെ വച്ചുകെട്ടുന്നത്.” പുരോഹിതന്‍ പറഞ്ഞു.

“നിങ്ങള്‍ എന്താണ് പറയുന്നത്? യേശു അങ്ങനെ പല ഉപമകളും പറഞ്ഞിട്ടുണ്ടാകും. അതെല്ലാം അനുസരിക്കണം എന്ന് ബൈബിളില്‍ ഉണ്ടോ?” പാസ്റ്റര്‍ വിടാന്‍ ഭാവമില്ല.

 “അതൊന്നും ഉപമകളല്ല. യാക്കോബ് ശ്ലീഹാ വ്യക്തമായും പറയുന്നുണ്ടല്ലോ, രോഗികളായി കിടക്കുന്നവര്‍ മൂപ്പന്മാരെ വിളിച്ചു വരുത്തി അവര്‍ എണ്ണ തേച്ചു രോഗികള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കണം എന്ന്”

“ഹ ഹ ഹ നിങള്‍ എന്താണ് പറയുന്നത്? അത് യാക്കോബ് ഉദ്ദേശിച്ചത് അതൊന്നും അല്ല. ബൈബിള്‍ ശരിക്ക് വായിക്കൂ. നിങ്ങളുടെ വ്യര്‍ത്ഥ പാരമ്പര്യങ്ങള്‍ കൊണ്ടൊന്നും രോഗികള്‍ രക്ഷപെടില്ല. നാളെ ഇവിടെ അടുത്ത് ഞാന്‍ നടത്തുന്ന വിടുതല്‍ – രോഗശാന്തി ശുശ്രൂഷ ഉണ്ട്. നിങ്ങളുടെ രോഗിയായ സ്ത്രീയെ അവിടെ കൊണ്ടുവാ. അവര്‍ക്ക് തീര്‍ച്ചയായും യേശു വിടുതല്‍ കൊടുക്കും. നിങ്ങള്‍ ഇതുവരെ വിടുതല്‍ അനുഭവിച്ചിട്ടില്ലല്ലോ” പാസ്റ്റര്‍ കുട്ടപ്പന്‍ അവരെ പ്രതീക്ഷയോടെ നോക്കി. പുരോഹിതര്‍ മറുപടി ഇല്ലാതെ വിയര്‍ക്കുകയാണ്.

ഇടയ്ക്ക് നിന്ന അല്‍പ്പം വ്യത്യസ്തമായി വേഷം ധരിച്ച ഒരു വ്യക്തി മുന്നോട്ടു കയറി നിന്നു. “തീര്‍ച്ചയായും യാക്കോബ് ഉദ്ദേശിച്ചത് രോഗികളെ എണ്ണ പൂശി പ്രാര്‍ഥിക്കാന്‍ തന്നെയാണ്. രോഗശാന്തി ശുശ്രൂഷയോന്നും കര്‍ത്താവ് കല്പ്പിചിട്ടുമില്ല, പഠിപ്പിച്ചിട്ടുമില്ല. കര്‍ത്താവ് കല്‍പ്പിച്ചത് രോഗികളെ എണ്ണ പൂശി പ്രാര്‍ഥിച്ചു സുഖപെടുത്താന്‍ തന്നെയാണ്.”

“സ്തോത്രം സ്തോത്രം. ഹ ഹ ഹ. നിങ്ങള്ക്ക് ബൈബിളിനെക്കുറിച്ചു എന്തറിയാം? നിങ്ങള്‍ ഒരുതവണ എങ്കിലും ബൈബിള്‍ കണ്ടിട്ടുണ്ടോ? ആട്ടെ, നിങ്ങള്‍ ആരാണ്? ഇത്ര വ്യക്തമായി കര്‍ത്താവ് പഠിപ്പിച്ചത് പറയാന്‍ നിങ്ങളെ ആര് പഠിപ്പിച്ചു? ” പാസ്റ്റര്‍ അയാളെ നോക്കി.

“ഞാനാണ് ക്രിസ്തുവിന്റെ സഹോദരനായ യെരുശലെമിലെ ഒന്നാമത്തെ ബിഷപ്പായ യാക്കോബ് ശ്ലീഹാ. രോഗികളെ എണ്ണ പൂശി പ്രാര്‍ഥിക്കുന്ന രീതി കര്‍ത്താവ് പഠിപ്പിച്ചത് ഞാന്‍ എന്റെ ലേഖനത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ആ ലേഖനം ആണ് നിങ്ങളുടെ ബൈബിളില്‍ ഉള്ളത്.”

പാസ്റ്റര്‍ കാറിന്റെ എസിയിലും ഇരുന്നു വിയര്‍ക്കാന്‍ തുടങ്ങി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല. കാറിന്റെ ഗ്ലാസ് കയറ്റി ഉടനെ തന്നെ അടുത്ത ആളെ നേടാന്‍ റവ. ഡോക്ടര്‍ കുട്ടപ്പന്‍ യാത്ര തിരിച്ചു.