ശെമ്മാശന്‍മാരുടെ അംശവസ്ത്രങ്ങള്‍ (Vestments of Deacons)

പൌരോഹിത്യത്തിലെ രണ്ടാം സ്ഥാനികള്‍ ആണ് ശെമ്മാശന്‍മാര്‍ (Deacons). പൌരോഹിത്യത്തിലെ വിവിധ സ്ഥാനികളെക്കുറിച്ച്: പൌരോഹിത്യ സ്ഥാനികള്‍. ശെമ്മാശന്‍മാരുടെ ഗണങ്ങളിലെ ഉപസ്ഥാനികളുടെ തിരുവസ്ത്രങ്ങളെക്കുറിച്ച് പഠിക്കാം.

1. മ്സംറോനോ (Chanter)

വെള്ള ശുശ്രൂഷ കുപ്പായം (കുത്തീനോ – Alb) ആണ് മ്സംറോനോമാരുടെ (സംഗീതക്കാര്‍) വേഷം. ഇത് വിശുദ്ധിയെ സൂചിപ്പിക്കുന്നു. “നിന്റെ പരിശുദ്ധ റൂഹായുടെ ശക്തിയാല്‍ വിശുദ്ധിയുടെ വസ്ത്രം എന്നെ ധരിപ്പിക്കുകയും സത്യവിശ്വാസം കാക്കുവാനും വിശുദ്ധിയുടെയും നീതിയുടെയും പാതയിലൂടെ നടപ്പാനും ആയുക്ഷാലം മുഴുവന്‍ എന്നെ യോഗ്യനാക്കണമേ” എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് ധരിക്കുന്നത്.

വസ്ത്രം കൊണ്ട് മദ്ബഹാ ശുശ്രൂഷക്കാരെയും (Acolytes) മ്സംറോനോമാരെയും തമ്മില്‍ തെറ്റിധരിക്കരുത്. മ്സംറോനോമാര്‍ പ്രത്യേകം കൈവെപ്പ് ലഭിക്കുന്നവരാണ്. എന്നാല്‍ ശുശ്രൂഷക്കാര്‍ പ്രത്യേക അനുവാദത്തോടെ മദ്ബഹായില്‍ ശുശ്രൂഷ ചെയ്യുന്നവരാണ്. മദ്ബഹാ ശുശ്രൂഷക്കാരെ “മ്സംറോനോ” ആയി വാഴിക്കുന്ന ഒരു രീതി വേണമെങ്കില്‍ സഭയില്‍ സ്ഥാപിക്കാവുന്നതാണ് എന്നാണു കാര്‍മലിന്റെ അഭിപ്രായം. മെത്രാപ്പോലീത്താമാര്‍ക്ക് പകരം കോര്‍- എപ്പിസ്കൊപ്പാമാര്‍ക്ക് ഈ അധികാരം പുന:സ്ഥാപിച്ചു നല്‍കുന്നതില്‍ തെറ്റില്ല.

2. കൊറൂയോ (Reader)

കൊറൂയോമാര്‍ (വായനക്കാര്‍) “X” രൂപത്തില്‍ ഊറാറ ധരിക്കുന്നു. “യുദ്ധത്തിനായി നിന്റെ ശക്തിയാല്‍ എന്റെ അര കെട്ടുകയും എന്നോട് എതിര്‍ക്കുന്നവരെ എന്റെ കാല്‍ക്കീഴ് ആക്കുകയും ചെയ്യേണമേ” (സങ്കീ 18:39) എന്ന പ്രാര്‍ത്ഥന ചൊല്ലിക്കൊണ്ടാണ് ധരിക്കുന്നത്. ഊറാറ മാലാഖമാരുടെ ചിറകുകളെ സൂചിപ്പിക്കുന്നു.

3. അഫ്ദയക്നൊ (Sub – deacon)

അഫ്ദയക്നൊമാര്‍ (അര്‍ദ്ധ ശെമ്മാശന്‍മാര്‍) ഊറാറ ഒറ്റ തോളില്‍ കൂടി ചുറ്റി ധരിക്കുന്നു. കൊറൂയോമാര്‍ ധരിക്കുന്നതില്‍ നിന്ന് ഒരറ്റം അഴിച്ച് തോളില്‍ കൂടി ഇട്ടാല്‍ അഫ്ദയക്നൊമാര്‍ധരിക്കുന്നതുപോലെ ആയി. ഈ അഴിച്ച് ഇടുന്നത് ശുശ്രൂഷയില്‍ ഉത്തരവാദിത്വം കൂടുന്നതിനെ സൂചിപ്പിക്കുന്നു. കൊറൂയോമാരേക്കാള്‍  അഫ്ദയക്നൊമാര്‍ക്ക് സ്ഥാനവും ഉത്തരവാദിത്വവും കൂടുതലാണ്.

4. മ്ശെംശോനോ (Full deacon)

മ്ശെംശോനോമാര്‍ (പൂര്‍ണ ശെമ്മാശന്‍മാര്‍) ഊറാറ ഒറ്റ തോളില്‍ ധരിക്കുന്നു. അഫ്ദയക്നൊമാര്‍  ഊറാറ ധരിക്കുന്നതില്‍ നിന്ന് ഒരറ്റം അഴിച്ച് (അതായത് കൊറൂയോമാര്‍ ധരിക്കുന്നതില്‍ നിന്ന് രണ്ടറ്റവും) തോളില്‍ കൂടെ ഇട്ടാല്‍ ഇവര്‍ ധരിക്കുന്ന രീതിയായി. ഇത് കുത്തീനോയില്‍ പിന്‍ ചെയ്യാതെ ധരിക്കുക എന്നതാണ് രീതി. ഇത് വീണ് പോകാതെ ശുശ്രൂഷ മുഴുവന്‍ ധരിക്കുക എന്നത് മ്ശെംശോനോമാരുടെ മറ്റു ഉപസ്ഥാനികളെക്കായും വലിയ സ്ഥാനവും ഉത്തരവാദിത്വവും സൂചിപ്പിക്കുന്നു. പുരാതന കാലത്ത് മ്ശംശോനോ മുതല്‍ മുകളില്‍ ഉള്ളവര്‍ക്കാണ് വി. മദ്ബഹായില്‍ കയറാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നത്. വി. മദ്ബഹാ തീയാണ് എന്നതുകൊണ്ട് ക്രൂബെന്മാര്‍ തങ്ങളുടെ രണ്ടു ചിറകുകള്‍ കൊണ്ട് ദൈവസന്നിധിയില്‍ കാലുകള്‍ മറയ്ക്കുന്നതുപോലെ, പ്രവേശിക്കുന്നവര്‍ എല്ലാവരും മദ്ബഹായില്‍ പ്രത്യേക ചെരുപ്പ് (മ്സോനേ) ധരിക്കുന്ന രീതി ഉണ്ടായിരുന്നു. അതുകൊണ്ട് മ്ശംശോനോമാര്‍ക്ക് ചെരുപ്പും ചിലപ്പോള്‍ നല്‍കാറുണ്ട്. ഈ ചെരുപ്പ് സാത്താനു മേലെയുള്ള അധികാരമായിട്ടും സമാധാന സുവിശേഷഘോഷണത്തിന്റെ സന്നദ്ധത (എഫെ 6:15) ആയിട്ടും വ്യാഖ്യാനിക്കപ്പെടുന്നു.

5. ആര്‍ച്ച് ഡീക്കന്‍ (Arch Deacon)

ശെമ്മാശന്‍മാരുടെ തലവന്‍ ആണ് ആര്‍ച്ച് ഡീക്കന്‍. കാശീശോമാരില്‍ നിന്നും മ്ശംശോനോമാരില്‍ നിന്നും ആര്‍ച്ച് ഡീക്കനെ തെരഞ്ഞെടുക്കാം. കാശീശോ ആര്‍ച്ച് ഡീക്കന്‍ ആകുമ്പോള്‍ കാശീശോമാരുടെ തിരുവസ്ത്രങ്ങള്‍ തന്നെയാണ് ധരിക്കുക. എന്നാല്‍ മ്ശംശോനോ ആര്‍ച്ച് ഡീക്കന്‍ ആകുമ്പോള്‍ പ്രത്യേക അംശവസ്ത്രങ്ങള്‍ നല്‍കുന്നു.

ആര്‍ച്ച് ഡീക്കന്‍ ഊറാറ കഴുത്തില്‍ രണ്ടറ്റവും മുന്നോട്ടു ആയി ധരിക്കുന്നു. കൂടാതെ അവര്‍ അതിനു മുകളില്‍ അരക്കെട്ട് (സീനോറോ – Girdle) ധരിക്കുന്നു. ഇത് ശുശ്രൂഷാമനോഭാവത്തെ സൂചിപ്പിക്കുന്നു. “വീരനായവനേ, നിന്റെ തേജസും മഹിമയുമായ വാൾ അരെക്കു കെട്ടുക” (സങ്കീ 45:3) എന്ന പ്രാര്‍ത്ഥന ധ്യാനിച്ചു കൊണ്ട് അരക്കെട്ട് ധരിക്കുന്നു. പിന്നീട് കയ്യുറകള്‍ (സെന്തേ – Sleeves) ധരിക്കുന്നു. “അവൻ എന്റെ കൈകൾക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങൾ താമ്രചാപം കുലയ്ക്കുന്നു.” (സങ്കീ 18:34) എന്ന് ചൊല്ലി ഇടത്തെ കയ്യുറയും “നിന്റെ രക്ഷയുടെ പരിചയെ എനിക്കു തരേണമേ; നിന്റെ വലങ്കൈ താങ്ങി നിന്റെ സൗമ്യത എന്നെ വലിയവനും ആക്കേണമേ” (സങ്കീ 18:35) ചൊല്ലി ഇടത്തെ കയ്യുറയും ധരിക്കുന്നു. വി. മദ്ബഹായില്‍ ഉപയോഗിക്കുന്ന ചെരുപ്പുകളും പ്രത്യേക പ്രാര്‍ത്ഥനകളോടെ ധരിക്കുന്നു. കാപ്പാ ഒഴിച്ച് ഒരു കാശീശായുടെ എല്ലാ അംശവസ്ത്രങ്ങളും മ്ശംശോനോ ആയ ആര്‍ച്ച് ഡീക്കന്‍ ധരിക്കുന്നു.