കുരിശിനെ നിന്ദിക്കുന്നവര്‍ (Those who Rebuke the Cross)…

കുരിശിനെ അവഗണിക്കുകയും നിന്ദിക്കുകയും, കുരിശിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ചില “യേശുഭക്തര്‍” ഉണ്ട്. എന്നാല്‍ അപ്പോസ്തോലിക സഭ കുരിശ് വഹിക്കുകയും വരയ്ക്കുകയും ധരിക്കുകയും വന്ദിക്കുകയും ചെയ്യുന്നു. എന്താണ് കുരിശിന്റെ പ്രാധാന്യം?

കുരിശ് ശാപത്തിന്റെ അടയാളം ആയിരുന്നു. കുരിശ് സത്യത്തില്‍ റോമാ സാമ്രാജ്യത്തിലെ കഴുമരം ആയിരുന്നു. ഏറ്റവും നിന്ദ്യമായ മരണം നല്കാന്‍ ആണ് കുരിശ് ഉപയോഗിച്ചിരുന്നത്. നമ്മുടെ നാട്ടിലെ തൂക്കുമരം കുരിശിനേക്കാള്‍ എത്രയോ ഭേദമാണ്! തൂക്കുമരത്തില്‍ തൂക്കിലേറ്റപ്പെടുന്ന വ്യക്തി ഏതാനും നിമിഷങ്ങള്ക്കുുള്ളില്‍ മരിക്കും. അയാള്‍ അധികം വേദന അനുഭവിക്കാതെ ആണ് മരിക്കുന്നത്. എന്നാല്‍ കുരിശുമരണം അത്യന്തം ക്രൂരമാണ്. കൈകാലുകള്‍ ആണി അടിച്ചു കുരിശുമായി ബന്ധിപ്പിച്ച് അനങ്ങാന്‍ ആകാതെ, ഓരോ ഹൃദയത്തുടിപ്പിലും അസഹ്യമായ വേദന കടിച്ചമര്‍ത്തി ഇഞ്ചിഞ്ചായി മെല്ലെ മെല്ലെ ആണ് കുരിശില്‍ തറയ്ക്കപ്പെടുന്ന വ്യക്തി മരിക്കുന്നത്. തൂങ്ങി നില്‍ക്കുന്നതുകൊണ്ട് ശ്വാസകോശം ചുരുങ്ങി ശ്വാസം എടുക്കാന്‍ പോലും വളരെ ബുദ്ധിമുട്ടായിരിക്കും. ശ്വാസം എടുക്കണമെങ്കില്‍ കുരിശിനോട് ഒത്തു തറയ്ക്കപ്പെട്ട കാലുകളില്‍ ഊന്നി ഓരോ നിമിഷവും പോങ്ങി ശ്വാസം വലിക്കണം. വേദന സഹിക്കാനാകാതെ ഒന്ന് പുളയാന്‍ പോലും സാധിക്കാതെ അതിക്രൂരമായ മരണം ആണ് കുരിശുമരണം. അങ്ങനെ കുരിശ് എന്ന അടയാളം തന്നെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന ഒന്നായിരുന്നു. കുരിശില്‍ ഏറ്റപ്പെടുന്ന വ്യക്തി ശാപഗ്രസ്ഥനായി ഗണിക്കപ്പെട്ടിരുന്നു. അങ്ങനെ മരിച്ച ഒരു വ്യക്തിയുടെ പേര് പറയുന്നത് പോലും ദു:ശകുനം ആയി ഗണിക്കപ്പെട്ടിരുന്നു.

റോമില്‍ നിന്ന് കണ്ടെടുക്കപ്പെട്ട ഒരു ചിത്രം (Alexamenos graffito) കുരിശിനോട് ഉള്ള ആദ്യകാല സമീപനം വ്യക്തമാക്കുന്നു. ഒരു ക്രിസ്ത്യാനിയായ റോമന്‍ പട്ടാളക്കാരനെ കളിയാക്കുന്ന വിധത്തില്‍ ആണ് ചിത്രം. മനുഷ്യന്റെ ശരീരവും കഴുതയുടെ തലയുമായി ക്രൂശിക്കപ്പെട്ട ഒരു വ്യക്തി! ക്രൂശിക്കപ്പെട്ടവനെ ആരാധിക്കുന്ന റോമ പട്ടാളക്കാരന്‍. അതേ.. ആ ക്രൂശിക്കപ്പെട്ട മനുഷ്യന്‍ ക്രിസ്തു തന്നെ! അത്രയധികം കുരിശ് നിന്ദാപാത്രമായിരുന്നു!!

യേശു, ഇങ്ങനെ ശാപത്തിന്റെയും ക്രൂരതയുടെയും പര്യായമായ കുരിശില്‍ ആണ് ദുസ്സഹമായ വേദന അനുഭവിച്ചു പിടഞ്ഞു പിടഞ്ഞു മരിച്ചത്. ഈ കുരിശ് എന്തിനെ സൂചിപ്പിക്കുന്നു? കുരിശ് മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്. നാം ഓരോരുത്തരുമാണ് കര്ത്താേവ് തറയ്ക്കപ്പെട്ട കുരിശ്.

എങ്ങനെ ആണ് കുരിശ് നമ്മെ പ്രതിനിധീകരിക്കുന്നത്? പാപം ചെയ്ത് ദൈവവുമായുള്ള ബന്ധം നഷ്ടമായി, പറുദീസയില്‍ നിന്നും മരണത്തിലേക്ക് തള്ളപ്പെട്ട ശപിക്കപ്പെട്ട മനുഷ്യനെ ആ ശാപത്തില്‍ നിന്നും കര കയറ്റി അവനെ സ്വര്‍ഗ്ഗത്തിലേക്കും നിത്യജീവനിലെക്കും ഉദ്ധാരണം ചെയ്യാനാണ് യേശു തന്റെ സ്വര്ഗ്ഗീയ മഹത്വം വെടിഞ്ഞു മനുഷ്യനായത്. നാം ഏത് അവസ്ഥയില്‍ ആയിരുന്നോ, അതെ അവസ്ഥയില്‍ ആയിരുന്നു കുരിശും. നിന്ദ്യനായ മനുഷ്യനെ നിന്ദ്യമായ കുരിശ് പ്രതിനിധീകരിച്ചു. ഈ കുരിശ് സ്വന്തം ചുമലില്‍ കര്‍ത്താവ് വഹിച്ചപ്പോള്‍, അവിടുന്ന് വഹിച്ചത് പാപികളായ നാം ഓരോരുത്തരെയും ആണ്. യശയ്യാ 53-ആം അധ്യായത്തില്‍ അത് വിവരിച്ചിരിക്കുന്നു. അങ്ങനെ നമ്മെ സ്വന്തം ചുമലില്‍ വഹിച്ചു, നമ്മെ പാപഭാരത്തില്‍ നിന്നും വിടുവിച്ചുകൊണ്ട് യേശു കുരിശില്‍ തറയ്ക്കപ്പെട്ടു. മരത്തിലൂടെ മരണം മനുഷ്യനിലേക്ക് കടന്നു… മരത്തിലൂടെ മരണം നീക്കപ്പെട്ടു.

എന്റെ ശരീരം ഭക്ഷിക്കുക്കയും എന്റെ രക്തം കുടിക്കുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എന്ന് യേശു അരുളി ചെയ്തത് പോലെ, യേശുവിന്റെ ശരീരം കുരിശുമായി ഒന്നായി തീര്‍ന്നുു. തന്റെ രക്തം കുരിശിലൂടെ ഒഴുകി. അങ്ങനെ യേശുവും കുരിശും ഒന്നായി മാറി. കുരിശില്‍ അതിന്റെ ഭാഗമായി യേശുവിന്റെ ശരീരം കിടന്നപ്പോള്‍, കുരിശിന്റെ നിത്യമായ ശാപം നീങ്ങിപ്പോയി. യേശു കുരിശില്‍ യാഗമായപ്പോള്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ ശാപം നീങ്ങിപ്പോയി. യേശു നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ആത്മാവിന്റെയും ഭാഗമായി മാറുമ്പോള്‍ നാം ശാപത്തില്‍ നിന്നും മോചിതരാകുന്നത് പോലെ യേശു കുരിശുമായി ഒന്നായപ്പോള്‍ കുരിശിന്റെ ശാപം നീങ്ങിപ്പോയി. ആ നിമിഷം മുതല്‍ നിന്ദ്യവും ശാപ്യോഗ്യവും ആയി കരുതപ്പെട്ടിരുന്ന കുരിശിനു ഒരു പുതിയ ജീവനും പുതിയ അര്‍ത്ഥതവും പുതിയ മാനവും ലഭിച്ചു. അതുവരെ മരണത്തിനു അടിമയായിരുന്ന മനുഷ്യന്‍ മരണത്തെ അതിജീവിക്കാന്‍ കഴിയുന്ന, നിത്യജീവന് അര്‍ഹനായ അമരത്വം ഉള്ളവന്‍ ആയി തീര്‍ന്നു. കുരിശിന്റെ ശാപം നീങ്ങിപ്പോയത് പോലെ, മനുഷ്യന്റെ ശാപവും നീങ്ങിപ്പോയി.

അന്ന് മുതല്‍ കുരിശ് വിജയത്തിന്റെ ചിഹ്നം ആണ്. അനുഗ്രഹത്തിന്റെ അടയാളം ആണ്; സഹനത്തിന്റെ പ്രതീകം ആണ്. അത് ഇനി ഒരിക്കലും ശാപത്തിന്റെ ചിഹ്നം അല്ല. അതേപോലെ തന്നെ മനുഷ്യനും ഇനി ശപിക്കപ്പെട്ടവന്‍ അല്ല; ഭൂമിയിലെ നിന്ദ്യപൂഴി ആയിരുന്ന മനുഷ്യനെ ക്രിസ്തു തന്റെ മരണത്തിലൂടെ സ്വര്‍ഗ്ഗീ്യനാക്കി പരിവര്‍ത്തനം ചെയ്തു.

അതുകൊണ്ട് കുരിശടയാളം സുവിശേഷത്തിന്റെ ആകെത്തുകയാണ്. ക്രിസ്ത്യാനി എന്ന് കേട്ടാല്‍ ഒരാളുടെ മനസ്സിലേക്ക് വരുന്നത് കുരിശിന്റെ ചിഹ്നം ആണ്. കുരിശ് നിശബ്ദമായി ഒരു വലിയ സന്ദേശം നല്കുകയാണ്. കുരിശ് വരയ്ക്കുന്നത് പോലെ അര്‍ത്ഥവത്തായ ഒരു പ്രാര്‍ത്ഥന വേറെ ഇല്ല. ഏത് സമയത്തും, എവിടെയും, എപ്പോഴും ഒരാള്ക്ക് കുരിശ് വരയ്ക്കാന്‍ സാധിക്കും. ഒരേ സമയം ഇത് ഒരു പ്രാര്ത്ഥനയും, ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ – സുവിശേഷത്തിന്റെ- നിശബ്ദമായ പരസ്യ പ്രഖ്യാപനവും ആണ്. (കൂടുതല്‍ അറിയാന്‍: കുരിശുവരയുടെ സാരാംശവും പ്രാധാന്യവും) ഒരു കുരിശുമാല കഴുത്തില്‍ ധരിക്കുന്നവന്‍, അതിലൂടെ ഒരു സുവിശേഷ വാഹകന്‍ ആകുകയാണ്. കുരിശ് ഒരു ദേവാലയത്തിന്റെ മുകളില്‍ നില്ക്കുന്നത്, ഒരു വലിയ സന്ദേശം വഹിച്ചുകൊണ്ടാണ്.

ഇങ്ങനെ നമ്മെത്തന്നെ പ്രധിനിധീകരിക്കുന്ന, സുവിശേഷത്തിന്റെ ആകെത്തുകയായ കുരിശിനെ നിന്ദിക്കുന്ന ഏതെങ്കിലും വ്യക്തിയെ കണ്ടാല്‍, നിങ്ങള്‍ ഉറപ്പിക്കുക, അയാള്ക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവും ഇല്ല. കുരിശിനെ നിന്ദിക്കുന്നവര്‍ ക്രൂശിതനെ നിന്ദിക്കുന്നു. കര്‍ത്താവിന്റെ സ്ലീബാ നമുക്ക് രക്ഷയും അഭയവുമാകട്ടെ!

കടപ്പാട്: സാമുവല്‍ ജോര്‍ജ്ജ്