എന്താണ് ‘ദൈവശാസ്ത്രം’ (What is Theology)?

നാം വളരെയധികം കേൾക്കുന്ന ഒരു വാക്കാണ്‌ തിയോളജി അഥവാ ദൈവശാസ്ത്രം എന്നത്. മതത്തെപ്പറ്റിയുള്ള പഠനം എന്ന നിലയിൽ മിക്കവര്‍ക്കും ഇത് സുപരിചിതം ആണെങ്കിലും എന്താണ് അതിന്റെ യഥാർത്ഥ അർഥം, ഏതൊക്കെയാണ് വിവിധ ക്രൈസ്തവ ദൈവശാസ്ത്ര ശാഖകള്‍ എന്നൊക്കെ ഒന്ന് പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ. അവയെപ്പറ്റി വിശദമായി പറയുവാന്‍ സ്ഥലപരിമിതി മൂലം സാധിക്കയില്ല. എങ്കിലും വിഷയത്തിലേക്ക് ഒരു  വാതായനം വായനക്കാര്‍ക്കായി തുറന്നിടുക എന്നതാണ് കാര്‍മല്‍ ടീം ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.

എന്താണ് ദൈവശാസ്ത്രം?

മതം, അതിന്റെ സ്വാധീനം, മതപരമായ സത്യങ്ങളുടെ സ്വഭാവം എന്നിവയെപ്പറ്റിയുള്ള യുക്തിപൂര്‍വകവും വ്യവസ്ഥാപിതവുമായ പഠനമാണ് ദൈവശാസ്ത്രം എന്ന് അറിയപ്പെടുന്നത്. പലപ്പോഴും ഇതു മതപഠനത്തില്‍ നിന്നും വ്യത്യസ്തമാവാറുണ്ട്. ദൈവവും പ്രപഞ്ചവുമായുള്ള ബന്ധം, ദിവ്യമായ കാര്യങ്ങളുടെ അല്ലെങ്കില്‍ മതപരമായ സത്യങ്ങളുടെ വസ്തുനിഷ്ടമായ അപഗ്രഥനം, എന്നിവയാണ് ദൈവശാസ്ത്രത്തിന്റെ പ്രധാന പഠനമേഖലകള്‍ എന്ന് നമുക്ക് സാമാന്യമായി പറയാം. ഥെയോസ് (Theos), ലോഗിയ (Logia) എന്നീ പദങ്ങള്‍ ചേര്‍ന്നുണ്ടായ ഗ്രീക്കു ഭാഷയിലെ ഥെയോലോഗിയ ആണ് പിന്നീട് തിയോളജി ആയി മാറിയത്. ഥെയോസ് എന്നാല്‍ ദേവന്‍, ദൈവം, ഈശ്വരന്‍ എന്നൊക്കെയാണര്‍ത്ഥം. ലോഗിയ പഠനം, ചിന്ത എന്നുമൊക്കെയര്‍ത്ഥം. ദൈവത്തെപ്പറ്റിയുള്ള ചിന്തകളും അന്വേഷണങ്ങളും യുക്തി വിചാരങ്ങളും മറ്റും ദൈവശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നു എന്നാണ് ഇതു കൊണ്ട് ഉദ്യേശിക്കുന്നത്. ഓരോ മതങ്ങള്‍ക്കും അവരവരുടേതായ ദൈവശാസ്ത്രം ഉണ്ട്. വിവിധ മതങ്ങളെക്കുറിച്ച് പഠിക്കുന്നതിനു Ethnic Theology എന്ന് പറയുന്നു.

ക്രിസ്തീയ ദൈവശാത്രം (Christian Theology)

ക്രൈസ്തവതയില്‍ വളരെയധികം സ്വാധീനമുള്ള ഒരു വാക്കാണ്‌ തിയോളജി. ദൈവത്തെപറ്റി മുതൽ ദൈവദൂതനമാരെപ്പറ്റിയും എന്തിനു പരിസ്ഥിതിയെപ്പറ്റി വരെ ക്രൈസ്തവ ദൈവശാസ്ത്രത്തിൽ ശാഖകളുണ്ട്. അവയെ പറ്റി നമുക്ക് സംക്ഷിപത്മായി ഒന്ന് പരിശോധിക്കാം.

ക്രൈസ്തവരില്‍ ദൈവശാസ്ത്രം എന്ന പദം ആദ്യമായി ഉപയോഗിച്ചുകാണുന്നത് എ.ഡി. 4 ആം നൂറ്റാണ്ടിൽ  ജീവിച്ചിരുന്ന ഓറിജന്റെ  (Origen) ലേഖനങ്ങളിലാണ്. കേസറിയായിലെ യൂസേബിയൂസ് തന്റെ  ലേഖനങ്ങളില്‍ ദൈവത്തെക്കുറിച്ചുള്ള പ്രതിപാദനം ആണ് ദൈവശാസ്ത്രം എന്നു രേഖപ്പെടുത്തിയിരിക്കുന്നു. തോമസ് അക്വിനാസ് ദൈവശാസ്ത്രത്തെ ‘പരിശുദ്ധ സിദ്ധാന്തം’ (Sacred Doctrine) എന്നു വിശേഷിപ്പിച്ചിരിക്കുന്നു. അതിനുംമുമ്പ് 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പീറ്റര്‍ അബെലാര്‍ഡ് എന്ന ചിന്തകന്‍ ക്രിസ്തുമത വിവരണത്തെ ലാറ്റിന്‍ ഭാഷയില്‍ ‘തിയൊളോജിയ’ (Theologia) എന്നു വിശേഷിപ്പിച്ചു. പീറ്റര്‍ അബെലാര്‍ഡിന്റെ കാലത്തിനുശേഷമാണ് ദൈവശാസ്ത്രം എന്ന പദം സാഹിത്യത്തില്‍ പ്രയോഗിച്ചുതുടങ്ങിയത്. ദൈവശാസ്ത്രം എന്നു പറയുന്നത് വിശുദ്ധപരമായ വിവേചനത്തിനു പര്യാപ്തവും (Meditation of a Sapiel kind) മനുഷ്യജീവിതത്തെ വിവരിക്കുന്നതും ആയിരിക്കണം. മനുഷ്യജീവിതം ദൈവവുമായി ഏതു വിധത്തില്‍ ബന്ധപ്പെടണമെന്ന് ദൈവശാസ്ത്രത്തിലൂടെ നിശ്ചയിക്കപ്പെടുന്നു. അഞ്ചു പ്രധാന ശാഖകള്‍ ആണ് ക്രിസ്തീയ ദൈവശാസ്ത്രത്തിനു ഉള്ളത് – Exegetical Theology, Historical Theology, Systematic Theology, Pastoral Theology, Contemporary Theology.

എക്സെജെറ്റിക്കല്‍ തിയോളജി (Exegetical Theology)

ബൈബിള്‍ വ്യാഖ്യാന ശാസ്ത്രമാണ് ഇത്. ബൈബിള്‍ കാനോനെക്കുറിച്ചും (Biblical Canon) വിവിധ കൈയ്യെഴുത്തു പ്രതികളെക്കുറിച്ചും മറ്റും (Textual criticism) എങ്ങനെ വ്യാഖ്യാനിക്കണം എന്നതിനെക്കുറിച്ചും (Biblical Hermaneutics) ഒക്കെ ഇതില്‍ ശാസ്ത്രീയമായി പഠിക്കുന്നു.

ചരിത്ര ദൈവശാസ്ത്രം (Historical Theology)

സഭയുടെ ചരിത്രവും (Ecclesiastical History) പഠിപ്പിക്കലുകള്‍ (doctrines) എങ്ങനെ ഉളവായി എന്നും മറ്റും ഉള്ള പഠനങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇതിന്റെ ഒരു ശാഖയായ Patristics എന്നത് സഭാപിതാക്കന്‍മാരെക്കുറിച്ചുള്ള പഠനങ്ങള്‍ ആണ്. ദൈവശാസ്ത്രങ്ങള്‍ ചരിത്രപരമായി എങ്ങനെ ഉയിര്‍കൊണ്ടു എന്ന് ഇതില്‍ പഠിക്കുന്നു. Hagiography വിശുദ്ധന്മാരെക്കുറിച്ചുള്ള പഠനമാണ്.

സിസ്റ്റമാറ്റിക് തിയോളജി (Systematic Theology)

ക്രോഡീകരിക്കപ്പെട്ട ദൈവശാസ്ത്രം (Systematic Theology) എന്നാല്‍ ദൈവശാസ്ത്രത്തിലെ എല്ലാ വിഭാഗങ്ങളേയും കൂട്ടി ഇണക്കി ദൈവശാസ്ത്രത്തെ ക്രോഡീകരിച്ച്‌ പഠിക്കുന്നതിനെയാണ്‌ സിസ്റ്റമാറ്റിക്ക്‌ തിയോളജി എന്ന് വിളിക്കുന്നത്‌. ഉദ്ദാഹരണമായി വേദപുസ്തകത്തിലെ പല പുസ്തകങ്ങളില്‍ ദൈവദൂതന്‍മാരെപ്പറ്റി പരാമര്‍ശം ഉണ്ട്‌. ഏതെങ്കിലും ഒരു പുസ്തകത്തില്‍ ദൂതന്‍മാരെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല. സഭാപിതാക്കന്മാരുടെ എഴുത്തുകളിലും മാലാഖമാരെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. സിസ്റ്റമാറ്റിക്ക്‌ തിയോളജി ചെയ്യുന്നത്‌ എല്ലാ പുസ്തകങ്ങളിലും ദൈവദൂതന്‍മാരെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ മുഴുവന്‍ ശേഖരിച്ചു എഞ്ചെലോളജി (Angelology) എന്ന വിഭാഗമായി ക്രോഡീകരിച്ചിരിക്കുന്നു. ഇങ്ങനെ എല്ലാ പ്രധാന വിഷയങ്ങളേയും ക്രോഡീകരിച്ച്‌ പഠിപ്പിക്കുകയാണ്‌ സിസ്റ്റമാറ്റിക്ക്‌ തിയോളജി ചെയ്യുന്നത്‌.

ഇതിന്റെ ഒരു പ്രധാന ഉപവിഭാഗമാണ്‌ Dogmatics (പ്രാമാണികശാസ്ത്രം). സഭയുടെ വിശ്വാസ സത്യങ്ങളെ കുറിച്ചുള്ള പഠനങ്ങളാണ് ഇത്. Dogmatics-ല്‍ ഓരോ സഭയ്ക്കും ഓരോ നിലപാടുകള്‍ ഉണ്ടാകും. ഇതില്‍ ഓര്‍ത്തോഡോക്സ് സഭകള്‍ക്ക് അവരുടെ വ്യക്തവും സ്പഷ്ടവുമായ ഉപദേശങ്ങളും പഠനങ്ങളും ഉണ്ട്. Dogmatics പ്രധാന ശാഖകളെക്കുറിച്ച് പഠിക്കാം:

1. തിയോളജി പ്രോപ്പര്‍ (Theology Proper) എന്നത്‌ പിതാവായ ദൈവത്തെപ്പറ്റിയുള്ള പഠനമാണ്‌.

2. ക്രിസ്റ്റോളജി (Christology) പുത്രനായ ക്രിസ്തുവിനെപ്പറ്റിയുള്ളതാണ്‌ (ക്രിസ്തുജ്ഞാനീയം).  ദൈവികതയും മാനുഷികതയും യേശുവില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള പഠനത്തെയാണ്‌ ക്രിസ്ടോളജി  അഥവാ ക്രിസ്തുവിജ്ഞാനീയം എന്നു പറയുന്നത്. ഇത്  ക്രിസ്തുവിന്റെ ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലുപരി ദൈവികവും മാനുഷികവുമായ തലങ്ങള്‍ ക്രിസ്തുവില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന പഠനത്തില്‍ കേന്ദ്രീകൃതമാണ്‌. ഇതിൽ  പ്രധാനമായും മൂന്നു ഉപപഠനശാഖകളുണ്ട്. അവയോരോന്നും മൂന്നു തലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു – അവതാരം, ഉയിര്‍പ്പ്, രക്ഷാകരദൗത്യം. ക്രിസ്തുമതത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ ക്രിസ്ത്യാനികള്‍  പിളര്‍ന്നത് ക്രിസ്തുവിജ്ഞാനീയത്തില്‍ നിന്നുരുത്തിരിഞ്ഞ വ്യത്യസ്ത വീക്ഷണങ്ങളെ ചൊല്ലിയായിരുന്നു.

3. നൂമറ്റോളൊജി (Pneumatology) എന്നാല്‍ പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള പഠനമാണ്‌.

4. ബിബ്ലിയോളജിയില്‍ (Bibliology) വേദപുസ്തകത്തെക്കുറിച്ച് നാം പഠിക്കുന്നു.

5. സോടീരിയോളജി (Soteriology) ആകട്ടെ അത്‌ രക്ഷാശാസ്ത്രമാണ്‌.

6. എക്ലീഷ്യോളജി (Ecclesiology) സഭാശാസ്ത്രവും

7. എസ്കറ്റോളജി (Escatology) ഭാവികാല സംഭവങ്ങളെപ്പറ്റിയുള്ള പഠനവുമാണ്‌ (യുഗാന്ത്യ ദൈവശാസ്ത്രം).

8. എഞ്ചെലോളൊജി (Angelology) ദൈവദൂതന്‍മാരെപ്പറ്റിയുള്ള പഠനം ആയിരിക്കുമ്പോള്‍

9. ഡീമനോളജിയില്‍ (Demonology) പിശാചിനെയും അവന്റെ ദൂതന്‍മാരെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഉള്ള പഠനം ആണ്.

10. അതുപോലെ വേദപുസ്തകത്തിലെ മനുഷശാസ്ത്രത്തിന്‌ ക്രിസ്ത്യന്‍ ആന്ത്രൊപ്പോളജി (Christian Anthropology) എന്നും

11. പാപത്തെപ്പറ്റിയുള്ള പഠനത്തിന്‌ ഹമാര്‍ട്ടിയോളജി (Hamartiology) എന്നും പറയുന്നു.

12. മാതാവിനെപ്പറ്റിയുള്ള  ദൈവശാസ്ത്രപഠനമാണ്  മരിയോളജി (Mariology). മാതാവിനെ വിഷയമാക്കി വേദപുസ്തകത്തിലും, ക്രിസ്തീയപാരമ്പര്യത്തിലും സഭാപ്രബോധനത്തിലും ഉള്ള കാര്യങ്ങളെ കൂട്ടിയിണക്കുകയാണ് ഈ ദൈവശാസ്ത്ര ശാഖയുടെ ലക്‌ഷ്യം.

സിസ്റ്റമാറ്റിക് തിയോളജിയുടെ മറ്റൊരു പ്രധാന  ആണ് നീതിശാസ്ത്രം (Christian Ethics). വിശ്വാസത്തെ പ്രതിരോധിക്കുന്ന Apologetics, വിശ്വാസത്തെ ചെറുത്തു നില്‍ക്കുന്ന Polemics, പല വിശ്വാസങ്ങളില്‍ ഉള്ള സാമ്യങ്ങള്‍ പഠിക്കുന്ന Irenics എന്നിവയും സിസ്റ്റമാറ്റിക് തിയോളജിയില്‍ പെടും.

പ്രാക്ടിക്കല്‍ തീയോളജി (Practical Theology)

മറ്റു ദൈവശാസ്ത്ര ശാഖകളെ പ്രായോഗിക തലത്തില്‍ കൊണ്ടുവരുന്നു. പ്രസംഗശാസ്ത്രം (Homletics), വിശ്വാസപഠനശാസ്ത്രം (Catechetics), സുവിശേഷീകരണം (Evangelism), പ്രേഷിതശാസ്ത്രം (Missiology), ആരാധനാശാസ്ത്രം (Liturgical Studies) തുടങ്ങിയവ ഇതിന്റെ ഉപശാഖകള്‍ ആകുന്നു.

കണ്ടമ്പററി തിയോളജി (Contemporary Theology)

കണ്ടമ്പററി തിയോളജിയില്‍ (സമകാലീന ദൈവശാസ്ത്രം) പഠിക്കുന്നത്‌ ആധുനീക യുഗത്തിലെ ദൈവശാസ്ത്രത്തിന്റെ നിലയെപ്പറ്റിയാണ്‌. ഇതെല്ലാം സഭകയുടെ വിശ്വാസത്തിന്റെ (doctrinal faith) ഭാഗമാകണം എന്നില്ല. പല കാര്യങ്ങളും സഭയുടെ വിശ്വാസത്തിനു വിപരീതവും ആയേക്കാം. ചില കാര്യങ്ങള്‍ വ്യക്തിപരവും സാമൂഹികവും പാരിസ്ഥിതികവുമായ ഉന്നമനത്തിനും വളര്‍ച്ചയ്ക്കും പ്രയോജനകരമാണ്. ഉദാ: ഉയര്‍ന്നു വരുന്ന സഭകളുടെ യോജിപ്പിനെപ്പറ്റി ഉള്ള പഠനങ്ങള്‍ (Ecumenical Studies) ഈ ശാഖയുടെ പ്രത്യേകത ആണ്. ഇതില്‍ ഉള്‍പ്പെടുന്ന മറ്റു പ്രധാന ശാഖകളെക്കുറിച്ച് പഠിക്കാം.

വിമോചന ദൈവശാസ്ത്രം (Liberation Theology)

പാവങ്ങളുടെ സഹനത്തേയും സമരങ്ങളേയും ആശകളേയും മുൻനിർത്തിയുള്ളതാകണം  ക്രിസ്തുമതവിശ്വാസത്തിന്റെ വ്യാഖ്യാനമെന്നും, അത് കൊണ്ട് സാമൂഹസ്ഥിതിയേയും വിശ്വാസത്തേയും ക്രിസ്തീയതയെ തന്നെയും ഇല്ലാത്തവന്റെ പക്ഷത്തു നിന്നു വിലയിരുത്താനുള്ള ശ്രമമാണ് ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യമേഖലകളിലെ അനീതിയുടെ നിർമ്മാർജ്ജനം ലക്ഷ്യമാക്കി യേശുക്രിസ്തുവിന്റെ പ്രബോധങ്ങളെ വ്യാഖ്യാനിക്കുകയും അതനുസരിച്ചുള്ള സാമൂഹ്യ-രാഷ്ട്രീയ സക്രിയതക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന രീതിയാണ് വിമോചനദൈവശാസ്ത്രം എന്നും പറയാം. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉടലെടുത്ത, കറുത്ത വര്‍ഗ്ഗക്കാരുടെ വിമോചനത്തില്‍ അധിഷ്ഠിതമായ ദൈവശാസ്ത്രമാണ് Black Theology. ഇതിന്റെ മറ്റൊരു രൂപമാണ് വടക്കേ ഇന്ത്യയിൽ രൂപം കൊണ്ട ദളിത്‌ തിയോളജി (Dalit Theology) യും തെക്കേ ഇന്ത്യയില്‍ രൂപം കൊണ്ട ആദിവാസി തിയോളജിയും (Adivasi Theology).

മനുഷ്യന് പ്രകൃതിയുടെ മേൽ മേധാവിത്വം അവകാശപ്പെടുന്ന ക്രിസ്തീയസങ്കല്പമാണ് പരിസ്ഥിതിവിനാശത്തിലേക്കും പ്രതിസന്ധിയിലേക്കും നയിച്ചതെന്ന വാദത്തിന്റെ പശ്ചാത്തലത്തിൽ ഉയര്‍ന്നു വന്ന Ecotheology (പരിസ്ഥിതി ദൈവശാത്രം) എന്ന ചിന്താധാര മതവും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുന്നു. മനുഷ്യന്റെ ലോകവീക്ഷണത്തിലെ ആത്മീയ-ധാർമ്മിക വശങ്ങളും പരിസ്ഥിതിനാശവും  തമ്മിൽ ബന്ധമുണ്ടെന്ന സങ്കല്പത്തിലാണ് ഇതിന്റെ തുടക്കം. ഈ ഭൂമിയും പരിസ്ഥിതിയും സംരക്ഷിക്കാന്‍ ആണ് സ്രഷ്ടാവായ ദൈവം മനുഷ്യനെ ഭരമെല്പ്പിച്ചത്. പരിസ്ഥിതി സംബന്ധമായ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ, പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ മേധാവിത്വത്തെ പരിസ്ഥിതിദൈവശാസ്ത്രം പുന:പരിശോധിക്കുന്നു. ലോകമാസകലം ഒട്ടേറെ മതാധിഷ്ഠിത പരിസ്ഥിതിമുന്നേറ്റങ്ങൾക്ക് അതു പ്രചോദനമായിട്ടുണ്ട്. പ്രകൃതിവ്യവസ്ഥകളുടെ പ്രയോജനകരമായ പരിപാലനത്തിനുള്ള സാദ്ധ്യതകളുടെ അന്വേഷണവും പരിസ്ഥിതിദൈവശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നു.

സ്ത്രീകളുടെ വിമോചനത്തില്‍ അധിഷ്ഠിതമായ ദൈവശാസ്ത്രം ആണ് Feminist Theology (സ്ത്രീസമത്വ ദൈവശാസ്ത്രം). ദൈവത്തെ പിതാവ് (Father God) എന്നതിനേക്കാള്‍ Parent God എന്ന് വിളിക്കാന്‍ ഇവര്‍ ഇഷ്ടപ്പെടുന്നു. ഈയിടെ വിവിധ protestant സഭകളില്‍ സ്ത്രീപുരോഹിതകളുടെ അഭിഷേകവും മറ്റും ഈ ദൈവശാസ്ത്ര ശാഖയില്‍ ഊന്നിയതാണ്.

ലിബറൽ തിയോളജി (Liberal Theology)

ബൈബിളിനെയും ക്രിസ്തീയ വിശ്വാസത്തെയും ചരിത്രപരവും തത്വശാസ്ത്രപരവുമായ നിലപാടുകളിൽ വിമർശനാത്മകമായി പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്ന രീതിയാണ് ഉദാരദൈവശാസ്ത്രം അഥവാ ലിബറൽ തിയോളജി. അമേരിക്ക ആണ് ഉത്ഭവ സ്ഥാനം.

ഫണ്ടമെന്‍റലിസം (Fundamentalism)

ലിബറല്‍ ദൈവശാസ്ത്രത്തിനുള്ള മറുപടി എന്ന നിലയില്‍ ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ ആരംഭിച്ചതാണ് ഇത്. ബൈബിളില്‍ ഉള്ളതും മറ്റും ആക്ഷരീകമായി വ്യാഖ്യാനിക്കുക എന്നത് ഇവരുടെ രീതിയാണ്. സിനിമ കണ്ടുകൂടാ, കളിച്ചു കൂടാ, ടീവി കണ്ടു കൂടാ, നിലവിളക്ക് ഉപയോഗിച്ചു കൂടാ, ഓണം ആഘോഷിച്ചുകൂടാ എന്നൊക്കെയുള്ള രീതിയില്‍ കേരളത്തില്‍ കാണുന്ന നിലവിളികളും മുറവിളികളും, ഇപ്പോള്‍ പല ക്രിസ്തീയ സഹോദരങ്ങളും പിന്തുടരുന്ന ക്രൈസ്തവ സയനിസം മുതലായവ എല്ലാം ഇതില്‍ നിന്നാണ് ഉത്ഭവിച്ചത്‌.

Neo – Orthodoxy (നവ ഓര്‍ത്തോഡോക്സി)

ഇതിനു ഓര്‍ത്തോഡോക്സ് വിശ്വാസവുമായി ബന്ധമില്ല ഏന്നു മുന്നമേ സൂചിപ്പിക്കട്ടെ. Karl Barth ആണ് സ്ഥാപകന്‍. ലിബറല്‍ തിയോളജിക്കുള്ള മറുപടി എന്ന രീതിയില്‍ ആണ് ആരംഭം. ദൈവം വെളിപ്പെടുത്തിയത് മാത്രമേ വിശ്വസിക്കാവൂ എന്നതാണ് പ്രധാനമായും ഇതില്‍ ഉദ്ദേശിക്കുന്നത്. മനുഷ്യന്റെ ബുദ്ധിക്കോ യുക്തിക്കോ പ്രാധാന്യം കൊടുക്കുന്നില്ല.

Prosperity Theology (സമൃദ്ധിയുടെ ദൈവശാത്രം)

ക്രിസ്ത്യാനി കഷ്ടതകള്‍ അനുഭവിക്കെണ്ടവര്‍ അല്ല. ദൈവം ആത്മീയ അനുഗ്രഹങ്ങള്‍ കൂടാതെ ഭൌതീക അനുഗ്രഹവും സമൃദ്ധിയായി തരുന്നു. കഷ്ടതയും ദുഃഖവും പൈശാചികമാണ്.ലോക സമൃദ്ധികള്‍ ആസ്വദിക്കുക എന്നതാണ് മനുഷ്യന്റെ ലക്‌ഷ്യം.