മര്‍ക്കോസ് 16:16 “വിശ്വസിക്കുകയും സ്നാനം ഏല്‍ക്കുകയും” – ഒരു പഠനം (Mark 16:16 – A Study)

അറിയിപ്പുകാരനായ മാര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവൻ ശിക്ഷാവിധിയിൽ അകപ്പെടും.” (മര്‍ക്കോ 16:16). ഇത് യേശു തമ്പുരാന്റെ കല്‍പ്പനയാണ്. ഈ വാക്യം ഉദ്ധരിച്ചുകൊണ്ട് അനാബാപ്റ്റിസ്റ്റ് പാരമ്പര്യത്തില്‍ ഉള്ള പെന്തകോസ്ത് – ബ്രദറന്‍ സമൂഹങ്ങള്‍ ശിശുക്കളെ സ്നാനപ്പെടുത്തുന്നത് തെറ്റാണെന്ന് വാദിക്കുന്നു. ശിശുക്കളെ സ്നാനപ്പെടുത്തുന്നത് എതിര്‍ക്കുന്നതിനു അവര്‍ കണ്ടെത്തുന്ന ഏറ്റവും വലിയ ന്യായം ആണ് “വിശ്വസിക്കുകയും സ്നാനം എല്ക്കുകയും” എന്ന പ്രസ്ഥാവന.  “വിശ്വസിച്ചിട്ട്‌ അതിനു ശേഷം സ്നാനം” എന്നതാണ് ഇതിന് അവര്‍ കണ്ടെത്തുന്ന അര്‍ഥം. മറ്റു ചിലരാകട്ടെ “വിശ്വസിച്ചാല്‍” തന്നെ രക്ഷിക്കപ്പെടും, സ്നാനം വെറും അനുഷ്ഠാനകര്‍മം മാത്രമാണ് എന്ന് പഠിപ്പിക്കുന്നു. ഈ അര്‍ഥം ശരിയാണോ? മൂലഭാഷയായ ഗ്രീക്കിന്റെ വ്യാകരണത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

“വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ” – ഗ്രീക്കില്‍

പ്രസ്തുത വാക്യത്തിനെ രണ്ടായി തിരിച്ച് ആദ്യഭാഗം മാത്രമേ ഈ ലേഖനത്തില്‍ നാം ചര്‍ച്ച ചെയ്യൂ. “വിശ്വസിക്കയും സ്നാനം ഏൽക്കയും ചെയ്യുന്നവൻ രക്ഷിക്കപ്പെടും.” (മര്‍ക്കോ 16:16a). ഇതിന്റെ ഗ്രീക്ക് ഇപ്രകാരം ആണ്:

ὁ πιστεύσας καὶ βαπτισθεὶς σωθήσεται

Ho pisteusas kai baptistheis sōthēsetai

ഹൊ പിസ്റ്റെയുസാസ് കയ് ബാപ്റ്റിസ്തിസ് സൊതയെസെറ്റയ്

ഗ്രാന്‍വില്ലെ ഷാര്‍പ്പ് നിയമം

ഗ്രാന്‍വില്ലെ ഷാര്‍പ്പ് (Granville Sharp) എന്നയാള്‍ വെളിപ്പെടുത്തിയ ഗ്രീക്ക് വ്യാകരണ നിയമം ആണ് Granville Sharp Rule എന്ന് അറിയപ്പെടുന്നത്. ഏഴു നിയമങ്ങള്‍ അടങ്ങിയതാണ് ഇത്. ഇതിലെ ആദ്യത്തെ നിയമം ആണ് ഈ വാക്യത്തില്‍ പ്രാവര്‍ത്തികം ആകുന്നതു. പ്രസ്തുത നിയമം ഇങ്ങനെ പറയുന്നു:

KAI എന്ന വാക്ക് ഒരേ രൂപത്തില്‍ ഉള്ള നാമത്തെയോ ക്രിയകളെയോ നാമവിശേഷണങ്ങളെയോ ക്രിയാവിശേഷനങ്ങളെയോ ബന്ധിപ്പിക്കുന്നതായി (conjunction) കാണുകയും HO എന്ന പദം അവയില്‍ ആദ്യത്തേതിന്റെ മുന്നില്‍ വരുകയും രണ്ടാമത്തെതിന് മുന്‍പ് വരാതിരിക്കുകയും ചെയ്‌താല്‍ രണ്ടാമത്തെ പദം സൂചിപ്പിക്കുന്നതും ആദ്യത്തെ പദം സൂചിപ്പിക്കുന്ന അതെ വ്യക്തിയെ ആയിരിക്കും.

ഉദാഹരണങ്ങള്‍:

1. Ho Theos kai Pater (2 കോരി 1:3) – ദൈവവും പിതാവുമായ

2. Ho Agapetos adelphos kai Pistos diakonos (എഫെ 6:21) – പ്രിയ സഹോദരനും കർത്താവിൽ വിശ്വസ്തശുശ്രൂഷകനുമായ

ഇതേ നിയമം തന്നെ മര്‍ക്കോ 16:16 -ല്‍ ബാധകമാകും. Ho pisteusas kai baptistheis എന്നതില്‍ ഇവിടെ ‘ഹൊ’ എന്നത് ഒരു ചൂണ്ടുപദമാണ് എന്ന് വ്യക്തമായല്ലോ. സ്നാനമേല്‍ക്കുന്ന ആ വ്യക്തിയെ ഉദ്ദേശിച്ചാണ് ഉപയോഗിച്ചിരിക്കുന്നത്. വിശ്വസിക്കുകയും സ്നാനമേല്‍ക്കുകയും ചെയ്യുന്നവനായ ‘വ്യക്തി’ രക്ഷിക്കപ്പെടും. ഈ രണ്ടു പ്രത്യേക പ്രക്രിയകളും അനുഷ്ഠിക്കുന്നവന്‍ രക്ഷിക്കപ്പെടും എന്ന അര്‍ഥം ഇവിടെ ഇല്ല. ഒരു പ്രക്രിയയ്ക്ക് ശേഷം മറ്റൊരു പ്രക്രിയ അനുഷ്ഠിക്കണം എന്നുമില്ല. രക്ഷയുടെ വാഗ്ദാനം വിശ്വസിച്ചതും സ്നാനം ഏറ്റതും ആയ വ്യക്തിക്കാണ് എന്ന അര്‍ഥം ആണ് ഇവിടെ ഉള്ളത്.

(വിശ്വസിക്കുന്ന + സ്നാനം ഏല്‍ക്കുന്ന) വ്യക്തി രക്ഷിക്കപ്പെടും.

ചുരുക്കത്തില്‍ ഇവിടെ ‘വിശ്വസിച്ച ശേഷം സ്നാനപ്പെടുക’ എന്ന അര്‍ഥം ക്രിസ്തു പോലും ഇവിടെ ഉദ്ദേശിച്ചിട്ടില്ല. മര്‍ക്കോസും ഉദ്ദേശിച്ചില്ല. എന്നാല്‍ ‘സമര്‍ഥരായ’ നവീന ഉപദേശികള്‍ ക്രിസ്തുവിനെക്കാള്‍ വലിയവര്‍ ചമയുന്നു!

വിശ്വസിച്ചാല്‍ ഉടനെ രക്ഷിക്കപ്പെടുമോ?

ഇവിടെ pisteusas (വിശ്വസിക്കുക), baptistheis (സ്നാനം ഏല്‍ക്കുക) എന്നീ പദങ്ങള്‍ aorist tense participle ആണ്. മലയാളത്തിലോ ഇംഗ്ലീഷിലോ ഇല്ലാത്ത ഒരു പ്രത്യേകത ആണിത്. അതായത് ഇതിനോട് ചേര്‍ന്ന് വരുന്ന ക്രിയയോടു ചേര്‍ന്ന് മാത്രമേ ഇവ പൂര്‍ത്തിയാകൂ. ഇവിടെ ക്രിയ sōthēsetai (രക്ഷിക്കപ്പെടും) എന്നതാണ്. അതായത് ‘വിശ്വസിക്കുക’, ‘സ്നാനം ഏല്‍ക്കുക’ എന്നീ വിശേഷണങ്ങള്‍ പൂര്‍ത്തിയാകുന്നത് ‘രക്ഷിക്കപ്പെടും’ എന്ന ക്രിയയോടു കൂടിയാണ്. ഇവിടെ ക്രിയയുടെ സമയസൂചിക ഭാവി ആണ്. “രക്ഷിക്കപ്പെടും” എന്ന് പറഞ്ഞിരിക്കയാല്‍ അത് പറയുന്ന ആളുടെ (യേശു) ഭാവിയില്‍ നടക്കാനുള്ള കാര്യമാണ്. എന്നാല്‍ മറ്റു രണ്ടു അപൂര്‍ണ്ണക്രിയകള്‍ (participles) ആകട്ടെ അതിനു മുന്‍പ് നടക്കുന്ന രീതിയിലും. ചുരുക്കത്തില്‍ വിശ്വസിച്ചതിനും സ്നാനം ഏറ്റതിനും ശേഷമേ ‘രക്ഷിക്കപ്പെടുക’ എന്ന അനുഭവം ഉണ്ടാകുകയുള്ളൂ. അല്ലാതെ നവീന സമൂഹങ്ങള്‍ ചിന്തിക്കുന്നതുപോലെ വിശ്വസിക്കുക, അപ്പോള്‍ രക്ഷിക്കപ്പെടും, പിന്നീട് വേണമെങ്കില്‍ സ്നാനപ്പെടാം എന്നുള്ളത് ഈ വാക്യത്തിന്റെ വ്യാകരണ ഘടനയ്ക്ക് വിരുദ്ധമാണ്; യേശുക്രിസ്തുവിന്റെ കല്പ്പനയ്ക്കും. സ്നാനവും രക്ഷയ്ക്ക് ആവശ്യമായ ഒരു ഘടകം തന്നെയാണ്.

“യേശുവിനെ കർത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരിൽനിന്നു ഉയിർത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താൽ നീ രക്ഷിക്കപ്പെടും.” (അപ്പൊ 10:9), “കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും എന്നു അവർ പറഞ്ഞു.” (അപ്പൊ 16:31) എന്നീ വാക്യങ്ങളുടെ അര്‍ഥം വിശ്വസിച്ച ഉടനെ രക്ഷപ്രാപിക്കുക എന്നതായിരുന്നു എങ്കില്‍ താഴെ കാണുന്ന വാക്യങ്ങള്‍ക്കു എന്ത് പ്രസക്തിയാണ് ഉള്ളത്?

“അവസാനത്തോളം സഹിച്ചുനില്ക്കുന്നവനോ രക്ഷിക്കപ്പെടും.” (മത്താ 10:22)

“എന്നാൽ കർത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു” (അപ്പൊ 2:21)

“ഇന്നു ദൂരത്തിരിക്കുമ്പോൾ ഏറ്റവും അധികമായി ഭയത്തോടും വിറയലോടും കൂടെ നിങ്ങളുടെ രക്ഷെക്കായി പ്രവർത്തിപ്പിൻ.” (ഫിലി 2:12)

ഏതെങ്കിലും വാക്യം എടുത്തു അത് ചെയ്‌താല്‍ മാത്രം രക്ഷിക്കപ്പെടും എന്ന് പ്രസ്ഥാവിക്കാന്‍ ബൈബിള്‍ പഠിപ്പിക്കുന്നില്ല. വിശ്വസിക്കുക, സ്നാനം ഏല്‍ക്കുക, വായ്‌കൊണ്ട് ഏറ്റു പറയുക, ഭയത്തോടു കൂടെ രക്ഷയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുക, അവസാനത്തോളം സഹിച്ചു നില്‍ക്കുക എന്നതൊക്കെ രക്ഷയ്ക്ക് ആവശ്യമായ ഘടകമാണ്. ഏതെങ്കിലും ഒരു പ്രവൃത്തികൊണ്ട് മാത്രം രക്ഷിക്കപ്പെടും എന്ന് പഠിപ്പിക്കുവാന്‍ പാടില്ല.

സ്നാനപ്പെട്ട ശേഷവും വിശ്വസിക്കാം!

ഇത്രയുമൊക്കെ വ്യക്തമായ തെളിവുകള്‍ നിരത്തിയാലും പിന്നെയും ചിലര്‍ മാര്‍ക്കോസ് 16:16 അടിസ്ഥാനമാക്കി ‘വിശ്വസിച്ചിട്ടു സ്നാനം എല്ക്കണം’ എന്ന് ദുര്‍വാശി പിടിക്കും. സ്നാനം ഏറ്റ ശേഷവും വിശ്വസിക്കാം എന്ന് കാര്‍മല്‍ ടീം അവര്‍ക്കായി ബൈബിളില്‍ നിന്ന് തെളിയിക്കാം.

“ആകയാൽ നിങ്ങൾ പുറപ്പെട്ടു, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിച്ചും ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ…” (മത്താ 28:19, 20).

മാര്‍ക്കോസ് 16:16 അടിസ്ഥാനം ആക്കി “വിശ്വാസം —> സ്നാനം” എന്ന അനുക്രമം മര്‍ക്കടമുഷ്ഠിയാല്‍ സ്വീകരിക്കുന്നവര്‍ ഈ വാക്യം ഒന്ന് ശ്രദ്ധിക്കുക. ഇവിടുത്തെ അനുക്രമം ഇങ്ങനെയാണ് :

സ്നാനം —> ഉപദേശം —> ശിഷ്യരാക്കപ്പെടല്‍!

ഒരു വാക്യം കൂടി ചേര്‍ത്ത് വായിക്കാം. “എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും?” (റോമ  10:14). ഇവിടെ പറയുന്നത് അനുസരിച്ചു ഉപദേശം അഥവാ പ്രസംഗം വഴിയാണ് കേള്‍വിയും വിശ്വാസവും വരുന്നത്. അങ്ങനെയെങ്കില്‍ മത്താ 28:19,20 എന്നതുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ ഈ അനുക്രമം ലഭിക്കും.

സ്നാനം —> ഉപദേശം—> കേള്‍വി —> വിശ്വാസം —> ശിഷ്യരാക്കപ്പെടല്‍!

ചുരുക്കത്തില്‍ ബൈബിള്‍ അടിസ്ഥാനത്തില്‍ വിശ്വസിക്കാതെയും സ്നാനം എല്ക്കാം. സ്നാനം ഏറ്റ ശേഷം വിശ്വസിച്ചാല്‍ മതി. വിശ്വസിച്ച ശേഷമുള്ള സ്നാനവും സ്നാനം ഏറ്റ ശേഷമുള്ള വിശ്വാസവും ഒരുപോലെ ദൈവസന്നിധിയില്‍ സാധുവാണ്‌.

ശിശുസ്നാനം എന്ന വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക്:

ശിശുസ്നാനം കൊള്ളേണ്ടതോ തള്ളേണ്ടതോ?

ജ്ഞാനസ്നാനത്തിനു പ്രായപരിധി വേണമോ?

ഉപസംഹാരം

വിശ്വസിച്ച ശേഷമേ സ്നാനപ്പെടാവൂ എന്നതും വിശ്വസിച്ചാല്‍ ഉടനെ രക്ഷിക്കപ്പെടും – സ്നാനം വെറും കര്‍മം മാത്രമാണ് എന്നതുമായ രണ്ടു വ്യത്യസ്ത ദുരുപദേശങ്ങള്‍ മര്‍ക്കോ 16:16 അടിസ്ഥാനമാക്കി അമേരിക്കന്‍ മതപ്രചാരകര്‍ രൂപപ്പെടുത്തി എടുത്തിട്ടുണ്ട്. രണ്ടു വാദങ്ങളുടെയും അടിസ്ഥാനമില്ലായ്മ ഗ്രീക്ക് മൂലഭാഷയുടെ അടിസ്ഥാനത്തില്‍ നാം മനസ്സിലാക്കി. മൂലഭാഷയുടെ ഘടനയും വ്യാകരണവും അപ്പോസ്തോലിക വിശ്വാസത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. സത്യവിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് രക്ഷ പ്രാപിപ്പാന്‍ സര്‍വശക്തനായ ദൈവം നമ്മെ തുണയ്ക്കട്ടെ.