‘ബാറെക്മോര്‍’ എന്ന വാക്കിന്‍റെ അര്‍ത്ഥങ്ങള്‍ (Meanings of the Word – Barekmor)

ബാറെക്മോര്‍ എന്ന സുറിയാനി വാക്കിന് “കര്‍ത്താവേ വാഴ്ത്തണമേ” എന്ന അര്‍ഥമാണ് നാം സാധാരണ കേള്‍ക്കാറുള്ളത്. “ബാറെക്” എന്നാല്‍ വാഴ്ത്തുക (bless); “മോര്‍” എന്നാല്‍ കര്‍ത്താവ് (Lord), വലിയവന്‍, പ്രഭു എന്നൊക്കെ അര്‍ഥം. ഈ വാക്ക് ആരാധനയില്‍ ഉപയോഗിക്കുന്ന വിവിധ സന്ദര്‍ഭങ്ങളെപ്പറ്റി മനസിലാക്കിയാല്‍ കുറെക്കൂടി അര്‍ഥവത്തായി ഈ വാക്ക് ഉപയോഗിക്കാന്‍ നമുക്ക് സാധിക്കും.

സാധാരണ നമ്മള്‍ “മോര്‍” എന്നു വിളിക്കുന്നത് ദൈവത്തെ/യേശുതമ്പുരാനെ ആണ്. അതുകൊണ്ടു നമ്മുടെ ആരാധനയിലും മോര്‍ എന്ന പ്രയോഗം ദൈവത്തെ/യേശുതമ്പുരാനെ കുറിച്ചാണെന്ന് നാം ധരിച്ചു പോകും. എന്നാല്‍ വാസ്തവം അതല്ല. മോര്‍ (lord) എന്നു മനുഷ്യരെയും വിളിക്കാറുണ്ട്. മെത്രാപ്പോലീത്താമാരുടെ പേരില്‍ മോര്‍ ഉണ്ട്. മോര്‍ എന്ന പ്രയോഗത്തിന്‍റെ സ്ത്രീലിംഗമാണ് മൊര്‍ത്ത് (lady). വിശുദ്ധ കന്യകമറിയാമിനെ “മൊര്‍ത്ത്മറിയം” എന്നു വിളിക്കുന്നുണ്ടല്ലോ. ആരാധനയില്‍ സാധാരണ “ബാറക്മോര്‍” എന്ന പ്രയോഗത്തില്‍ സംബോധന ചെയ്യുന്നത് ആരാധനയിലെ പ്രധാന കാര്‍മികനെയാണ്. ഒന്നിലധികം കാര്‍മികരുള്ളപ്പോള്‍ ഒരാള്‍ മറ്റൊരാളെ “മോര്‍” എന്നു സംബോധന ചെയ്യാറുണ്ട്.

ആര് ആരോട് എപ്പോള്‍ ബാറെക്മോര്‍ പറയുന്നു എന്നതാണു ഓരോ സന്ദര്‍ഭത്തെക്കുറിച്ചും നമുക്ക് മനസിലാക്കാനുള്ളത്. ആരാധനയില്‍ പ്രധാനമായും അഞ്ചു സന്ദര്‍ഭങ്ങളിലാണ് ബാറെക്മോര്‍ പറയുന്നതു. ഓരോ സന്ദര്‍ഭത്തിലും ബാറെക്മോര്‍ പറയുമ്പോള്‍ വിവിധ അര്‍ത്ഥമാണ് ഉള്ളത്.

1. “ശുബഹോ ലാബോ …” ഇത്യാദിക്ക് മുന്‍പ്

“പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” (ശുബഹോ ലാബോ …) എന്ന ത്രിത്വസ്തുതിവചനം കാര്‍മികന്‍ പറയുന്നതിന് മുമ്പായി ജനം ബാറക്മോര്‍ പറയുന്നു.

“പിതാവിനു പുത്രന്‍ മൂലം പരിശുദ്ധാത്മാവിനാല്‍ സ്തുതി” എന്ന നാലാം നൂറ്റാണ്ടിലെ അറിയൂസ് പക്ഷക്കാരുടെ സ്തുതിവചനം പ്രചാരത്തിലായപ്പോള്‍, അതിനു ബദലായി, “പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി” (ശുബഹോ ലാബോ ലബ്രോ വ ല്റൂഹോ കാദീശോ) എന്നതാണു ശരിയായ സ്തുതിവചനം (orthodox) എന്നു പിതാക്കന്മാര്‍ പഠിപ്പിച്ചു. നമ്മുടെ വിശ്വാസത്തിനു ‘സ്തുതി ചൊവ്വാക്കപ്പെട്ട (ഓര്‍ത്തോഡോക്സ്) വിശ്വാസം’  എന്ന പേര് വരാന്‍ കാരണം ഈ സ്തുതിപ്പാണ്. Ortho എന്നാല്‍ നേരായ/ശരിയായ എന്നര്‍ഥം; doxa എന്നാല്‍ സ്തുതി. നമ്മുടെ എല്ലാ നമസ്കാരങ്ങള്‍ക്ക് മുന്‍പിലും ഗീതങ്ങള്‍ക്ക് ഇടയിലും വായനകള്‍ക്ക് അവസാനവും ഈ സ്തുതിപ്പ് കാണുവാന്‍ കഴിയും. പൊതുവായുള്ള പ്രാര്‍ഥനകളില്‍ പട്ടക്കാരന്‍ മാത്രം ഈ സ്തുതിപ്പ് ചൊല്ലുന്നു. ഈ സ്തുതിവചനത്തിന് ഇത്രമേല്‍ പ്രാധാന്യമുള്ളതുകൊണ്ടു ഇത് ചൊല്ലുമ്പോഴെല്ലാം പട്ടക്കാരന്‍ ജനത്തിന്റെ നേരെ പടിഞ്ഞാട്ടു തിരിഞ്ഞു കുരിശ് അടയാളം (റൂശ്മ) വരച്ചു ജനത്തെ അനുഗ്രഹിക്കുകയും, ജനം സ്വയം കുരിശ് വരച്ചു അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടാവണം അതിനു മുമ്പായി ‘ഗുരോ ഞങ്ങളെ വാഴ്ത്തണമേ/അനുഗ്രഹിക്കണമേ’ എന്ന അര്‍ഥത്തില്‍ ജനം ബാറെക്മോര്‍ എന്നു പറഞ്ഞിരുന്നത്.

2. കര്‍തൃപ്രാര്‍ത്ഥനയ്ക്കു മുന്‍പ്

കൌമായില്‍ പട്ടക്കാരന്‍ കര്‍ത്തൃപ്രാര്‍ഥന (സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ ഇത്യാദി) ചൊല്ലുന്നതിന് മുമ്പായി ജനം ബാറക്മോര്‍ പറയുന്നു. “നാഥാ അവിടുന്നു ഈ പ്രാര്‍ഥന ചൊല്ലി ഞങ്ങളെ അനുഗ്രഹിക്കണമേ” എന്ന അര്‍ഥമാണ് അതിനുള്ളത്. വിശുദ്ധ കുര്‍ബാനയില്‍ കര്‍ത്തൃപ്രാര്‍ഥന ചൊല്ലുന്ന സമയത്ത്, മറ്റൊരു പട്ടക്കാരനോ മെത്രാപ്പോലീത്തായോ സന്നിഹിതനാണെങ്കില്‍, അദ്ദേഹത്തെ പ്രധാന കാര്‍മികന്‍ ആ പ്രാര്‍ഥന ചൊല്ലാന്‍ ബാറക്മോര്‍ പറഞ്ഞു ക്ഷണിക്കാറുണ്ട്. “ആചാര്യാ, അവിടുന്നു ഈ പ്രാര്‍ഥന ചൊല്ലിത്തന്ന് ഞങ്ങളെ അനുഗ്രഹിച്ചാലും” എന്നാവും അപ്പോള്‍ അതിന്റെ അര്‍ത്ഥം.

3. ശുശ്രൂഷകന്‍ അറിയിപ്പ് നല്‍കുന്നതിന് മുന്‍പ്

ശുശ്രൂഷകന്‍ ജനത്തിന് ഒരു അറിയിപ്പ് നല്‍കുന്നതിന് മുമ്പായി ബാറക്മോര്‍ പറയുന്നു. ഉദാഹരണത്തിന്, “ബാറക്മോര്‍, ഭയത്തോടും വിറയലോടും നാം സൂക്ഷിക്കണം.”. “ആചാര്യാ, അങ്ങയുടെ അനുഗ്രഹത്തോടെ/അനുമതിയോടെ ഞാന്‍ ഈ അറിയിപ്പ് നല്‍കട്ടെ” എന്നു അനുവാദം ചോദിക്കുകയാണ് ഈ സന്ദര്‍ഭത്തില്‍ അര്‍ത്ഥം. കാര്‍മികനെ പ്രതിനിധാനം ചെയ്തു കൊണ്ട് കര്‍മികന് പകരമാണ് ശുശ്രൂഷകര്‍ ജനത്തിന് അറിയിപ്പുകള്‍ നല്‍കുന്നതും വേദപുസ്തകത്തില്‍ നിന്നു വായിക്കുന്നതും.

പഴയനിയമത്തില്‍ നിന്നും പുതിയ നിയമ ലേഖനങ്ങളില്‍ നിന്നും വായിക്കുന്നതിനു മുന്‍പും പിന്‍പുമായി ബാറക്മോര്‍ പറയുന്നു. മുന്‍പ് പറയുന്നതിന്റെ അര്‍ഥം “ആചാര്യാ, അങ്ങയുടെ അനുവാദത്തോടെ ഇത് ഞാന്‍ വായിക്കട്ടെ”. വായിച്ചതിനു ശേഷം പറയുന്നതിന്റെ അര്‍ത്ഥം ഇങ്ങനെ മനസിലാക്കാം: “ആചാര്യാ, ഈ വായന നടത്തുവാന്‍ എന്നെ അനുഗ്രഹിച്ചത്തിനു  നന്ദി”.

പുതിയ നിയമ ലേഖനങ്ങളില്‍ നിന്ന് വായിക്കുമ്പോള്‍ “ഹാബീബായ് ബാറക്മോര്‍”/”അഹായ് ബാറെക്മോര്‍” എന്ന് പറയുന്ന രീതിയാണ് നമുക്കുള്ളത്. “അഹായ്” എന്നാല്‍ ‘എന്റെ സഹോദരങ്ങളേ’ എന്നും “ഹാബീബായ്” എന്നാല്‍ ‘എന്റെ വാത്സല്യമുള്ളവരേ’ എന്നുമര്‍ത്ഥം. ജനങ്ങളോട് അനുവാദം/അനുഗ്രഹം ചോദിക്കുന്ന ധ്വനിയാണ് മുകളില്‍ പറഞ്ഞപോലെ വായിക്കുന്ന രീതിക്ക് ഉള്ളത്. ഇത് ശരിയല്ല. ഉദാഹരണത്തിന് അപ്പോസ്തോലന്മാരുടെ നടപടികളുടെ പുസ്തകത്തില്‍ നിന്നാണ് വായന എങ്കില്‍ ഇങ്ങനെ പ്രഖ്യാപിക്കുന്നതാണ് ശരിയായ രീതി: “ഹാബീബായ്, പരിശുദ്ധ ശ്ലീഹന്‍മാരുടെ നടപ്പുകളുടെപുസ്തകത്തില്‍ നിന്നും. ബാറക്മോര്‍”. പിന്നീട് ജനങ്ങളുടെ പ്രതിവാക്യത്തിനു ശേഷം വായന തുടങ്ങാം. പൌലോസിന്റെ ലേഖനങ്ങളില്‍ നിന്ന് വായിക്കുമ്പോഴും ഇതുപോലെ തന്നെ.

4. അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്നതിനു മുന്‍പ്

വിശുദ്ധ കുര്‍ബാനയില്‍ അപ്പവീഞ്ഞുകള്‍ വാഴ്ത്തുന്നതിനു (Words of Institution – താന്‍ ഏല്‍പ്പിക്കപ്പെട്ട രാത്രിയില്‍ തൃക്കരങ്ങളില്‍ അപ്പം എടുത്ത് ഇത്യാദി) മുന്‍പ് വേറെ പട്ടക്കാരനോ മേല്പ്പട്ടക്കാരനോ സന്നിഹിതന്‍ ആയിരിക്കുമ്പോള്‍ പ്രധാന കാര്‍മികന്‍ “ബാറെക്മോര്‍” പറയുന്നു. “ആചാര്യാ, അവിടുത്തെ അനുവാദത്തോട് കൂടി ഈ പരിശുദ്ധകര്‍മം ഞാന്‍ നിര്‍വഹിക്കട്ടെ” എന്നാണ് ഇവിടുത്തെ ധ്വനി.

ചില പള്ളികളില്‍ ഇതിനു മുന്‍പ് ശുശ്രൂഷക്കാര്‍ / ജനങ്ങള്‍ മുഴുവനും “ബാറെക്മോര്‍” എന്ന് പറയുന്ന രീതിയുണ്ട്. ഇത് സുറിയാനി ക്രമത്തില്‍ ഇല്ലെങ്കിലും ഇതര ഓര്‍ത്തോഡോക്സ് കുര്‍ബാന തക്സാകളില്‍ ഉണ്ട്. അവിടെ ശെമ്മാശന്‍ കാര്‍മികനോട് “പ്രഭോ അപ്പത്തെ വാഴ്ത്തിയാലും”, “പ്രഭോ കാസായെ വാഴ്ത്ത്തിയാലും” എന്ന് പറയുന്ന രീതിയാണ് ഉള്ളത്. അതിന്റെ ചുവടു പിടിച്ചായിരിക്കണം സുറിയാനി പാരമ്പര്യത്തിലും ജനങ്ങള്‍ “ബാറെക്മോര്‍” പറയുന്നത് വന്നത്. ഇവിടെ “ആചാര്യാ, ഞങ്ങളുടെ തലവനായി നിന്നുകൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി അപ്പത്തെ / കാസായെ വാഴ്ത്തിയാലും” എന്നതാണ് ധ്വനി.

5. പട്ടക്കാരന്റെ കരം ചുംബിക്കുമ്പോള്‍

ആരാധനയുടെ ഇടയിലും ഒടുവിലും മറ്റ് സന്ദര്‍ഭങ്ങളിലും നാം പട്ടക്കാരന്‍റെ കൈ ചുംബിക്കുന്നു/മുത്തുന്നു. ഈ സമയത്ത് “നാഥാ എന്നെ അനുഗ്രഹിക്കണമേ” എന്ന അര്‍ഥത്തില്‍ നമ്മള്‍ ബാറക്മോര്‍ പറയുകയും, അതിനു പട്ടക്കാരന്‍ “ദൈവം അനുഗ്രഹിക്കട്ടെ (ആലോഹോ ന്ബാറെക്)” എന്നു മറുപടി പറയുകയും ചെയ്യുന്നു. (കൂടുതല്‍ അറിയാന്‍: പട്ടക്കാരെയും മേല്‍പ്പട്ടക്കാരെയും അഭിവാദനം ചെയ്യേണ്ടത് എങ്ങനെ?)

കൂടുതല്‍ സുറിയാനി പദങ്ങളുടെ അര്‍ഥങ്ങള്‍ അറിയുവാന്‍ : ചില സുറിയാനി പദങ്ങളും അര്‍ത്ഥങ്ങളും

കടപ്പാട്: ജോണ്‍ കുന്നത്ത്