ആസക്തികള്‍കൊണ്ട് ജീവിതം നിറയ്ക്കുന്നവര്‍…

“അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാല്‍ വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞു നടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു: ഇറങ്ങിപ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും. തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായി കാണുന്നു. അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.” (ലൂക്കോ 11:24-26)

ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പോലും പലപ്പോഴും പിശാച് എന്ന് കേട്ടാല്‍ തമാശയാണ്. അങ്ങിനെ ഒന്നില്ല എന്ന് വിശ്വസിക്കാനാണ് എല്ലാവര്‍ക്കും താല്‍പര്യം. എന്നാല്‍, ദൈവവചനം പിശാചിനെക്കുറിച്ചും പൈശാചിക ശക്തികളെക്കുറിച്ചും വളരെ വ്യക്തമായ അവബോധം നമുക്ക് നല്‍കുന്നുണ്ട്. യേശു തന്നെ നിരവധി തവണ പിശാചിന്റെ പേരെടുത്തു പറഞ്ഞ് അവനെതിരായുള്ള മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. യേശു ഒട്ടേറെപ്പേരെ രോഗങ്ങളില്‍നിന്നും സുഖപ്പെടുത്തിയത് അവരുടെമേലുള്ള ദുരാത്മാക്കളെ പുറത്താക്കിയാണ്. ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ ശാപങ്ങളിലൊന്നാണ് പിശാചും അവന്റെ കൂട്ടാളികളായ മറ്റ് അശുദ്ധാത്മാക്കളും വെറും സങ്കല്‍പം മാത്രമാണെന്ന ധാരണ.

നമ്മുടെ ലൌകീക തൃഷ്ണകളെ പ്രീതിപ്പെടുത്തുന്നതിനായി നമ്മെ വിവിധ പാപങ്ങളിലേക്ക് നയിക്കുന്നത് വിവിധ അശുദ്ധാത്മാക്കളാണ്. മറ്റുള്ളവര്‍ പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സ്വതവേ മടികാട്ടുന്നത് മനുഷ്യസ്വഭാവത്തിന്റെ ഒരു ഭാഗമാണ്, പ്രവര്‍ത്തിക്കുന്നത് പാപമാണെങ്കില്‍പോലും. ഇതറിയാവുന്ന ദുരാത്മാക്കള്‍ അവരെക്കുറിച്ചോ അവര്‍ നല്കുന്ന ദുഷ്ടപ്രേരണകളെക്കുറിച്ചോ മനുഷ്യര്‍ക്ക്‌ ഒരിക്കലും സ്വയം വെളിപ്പെടുത്തുന്നില്ല. നമ്മുടെ പാപങ്ങളിലൂടെ നമ്മുടെ ആത്മാവില്‍ ഇടം കണ്ടെത്തുന്ന അവര്‍ ക്രമേണ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുന്നു. വിവിധ രോഗങ്ങളിലൂടെയും ദുസ്വഭാവങ്ങളിലൂടെയും ആസക്തികളിലൂടെയും ഒക്കെ നമ്മില്‍ പ്രവര്‍ത്തിക്കുന്ന അവയെ തിരിച്ചറിയാനും അവയില്‍നിന്നും രക്ഷനേടാനും പരിശുദ്ധാത്മാവിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

ഈ വചനഭാഗത്തില്‍ യേശു ചൂണ്ടിക്കാട്ടുന്നത് അശുദ്ധാത്മാക്കള്‍ വിട്ടുപോയ ഒരു വ്യക്തിയുടെ അവസ്ഥയെക്കുറിച്ച് ആണ്. വെള്ളമില്ലാത്തതും ജീവനില്ലാത്തതുമായ വരണ്ട സ്ഥലങ്ങളില്‍ അലഞ്ഞുനടക്കുന്ന അശുദ്ധാത്മാവിന് വേണ്ടത് ആശ്വാസമാണ്. അശുദ്ധാത്മാക്കള്‍ക്ക് ഒരിക്കലും ആശ്വസിക്കാന്‍ കഴിയുന്നില്ല; അസ്വസ്ഥചിത്തതയോടെ സദാ വെറിപിടിച്ചു പാഞ്ഞുനടക്കുന്നവരാണ് അവര്‍. ശാന്തതക്കായി വിശ്രമമില്ലാതെ നെട്ടോട്ടമോടുന്ന വിരോധാഭാസത്തിന് ഉടമകളാണ് അവര്‍. പലപ്പോഴും നമ്മുടെ അവസ്ഥയും ഇതില്‍നിന്നും ഭിന്നമല്ല. ജീവിതത്തില്‍ ശാന്തിയും സുരക്ഷിതത്വവും സമാധാനവുമൊക്കെ വേണമെന്ന ആഗ്രഹംമൂലം സദാ ആകുലരാകുന്ന ഒട്ടേറെപ്പേര്‍ നമ്മുടെ ഇടയിലുണ്ട്. സന്തോഷം കണ്ടെത്താനുള്ള നെട്ടോട്ടത്തില്‍ മന:സമാധാനം ബലികൊടുക്കുന്ന നമുക്ക് പലപ്പോഴും വളരെ വൈകി മാത്രം മനസ്സിലാകുന്ന ഒരു വസ്തുതയാണ്, സമാധാനവും സന്തോഷവുമൊക്കെ നമ്മള്‍ അന്വേഷിച്ചു കണ്ടെത്തുകയല്ല, അവ നമ്മെയാണ് കണ്ടെത്തുക എന്നത്. ദൈവമൊരാള്‍ മാത്രമാണ് എല്ലാ ആശ്വാസത്തിന്റെയും ഉറവിടം. അശുദ്ധാത്മാക്കള്‍ ഒരിക്കലും ദൈവസന്നിധിയില്‍ എത്തപ്പെടുന്നില്ല, അതിനാല്‍ അവര്‍ക്ക് ഒരിക്കലും സമാധാനം ലഭിക്കുന്നില്ല. അശുദ്ധാത്മാക്കളുടെ സ്വാധീനത്തിലകപ്പെട്ടു സന്തോഷം തേടി പാപങ്ങളില്‍നിന്നും പാപങ്ങളിലേക്ക് കൂപ്പുകുത്തുന്ന മനുഷ്യന്റെ സ്ഥിതി മറിച്ചല്ല.  എന്നാല്‍, ഏതുസമയവും നമുക്ക് രക്ഷകനായ യേശുവിലൂടെ ദൈവസന്നിധിയില്‍ ശരണം തേടാന്‍ സാധിക്കും. ദൈവത്തില്‍നിന്നു ദാനമായി സമാധാനവും സന്തോഷവും സ്വീകരിക്കുവാനും ആകും.

പലപ്പോഴും ജീവിതത്തില്‍നിന്നു തിന്മയുടെ സ്വാധീനങ്ങളും ദുശീലങ്ങളും പറിച്ചുമാറ്റുന്നതില്‍ മാത്രമാണ് നമ്മള്‍ ശ്രദ്ധ വയ്ക്കുന്നത്. എന്നാല്‍ ആസക്തികളും ബലഹീനതകളും ഒഴിഞ്ഞുപോകുമ്പോള്‍ നമ്മുടെ മനസ്സില്‍ വല്ലാത്ത ഒരു ശൂന്യത സാധാരണ അനുഭവപ്പെടാറുണ്ട്. നഷ്ടബോധത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ ശൂന്യതയാണ് പലരെയും ഉപേക്ഷിച്ച ദുശീലങ്ങള്‍ പുനരാരംഭിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.

നമ്മെ വിട്ടുപോയ ദുരാത്മാവ്‌ (ആസക്തികള്‍) നമ്മിലേക്ക്‌ തിരികെ വരാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. ദുഷ്പ്രേരണകള്‍ക്ക് അടിപ്പെട്ട് വീണ്ടും പാപത്തിന്റെ വഴിയിലേക്ക് തിരിഞ്ഞാല്‍ പൂര്‍വാധികം ശക്തിയോടെ ദുരാത്മാക്കള്‍ നമ്മെ ആക്രമിക്കും. മനുഷ്യമനസ്സിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നു മനുഷ്യരായ നമുക്കറിയില്ല. അതുകൊണ്ടുതന്നെ നമ്മുടെ അറിവില്‍ ഈ ലോകത്ത് ലഭ്യമായ ഒന്നും ഉപയോഗിച്ച് മനസ്സിന്റെ ശൂന്യത അകറ്റാനോ തൃപ്തിപ്പെടുത്താനോ നമുക്കാവില്ല.

പണ്ടൊരു ഗുരു ശിഷ്യരോട് പറഞ്ഞപോലെ, എന്തെങ്കിലും കൊണ്ട് നിങ്ങളുടെ മുറികളെ നിറയ്ക്കുക, എങ്കില്‍ നിങ്ങള്‍ പരീക്ഷ ജയിച്ചു. ഒരുവന്‍ തന്റെ പണം മുടക്കി വയ്ക്കോലും ചകിരിയും കൊണ്ട് തന്റെ മുറി നിറയ്ക്കാന്‍ തുടങ്ങി. കയ്യിലുള്ള പണം തീര്‍ന്നത് മാത്രം മിച്ചം! രണ്ടാമന്‍ തന്റെ മുറിയുടെ ജനാലകള്‍ ആദ്യം തുറന്നു. മുറിയാകെ പ്രകാശം കൊണ്ട് നിറഞ്ഞു! വീണ്ടും അവിടെ ഒരു ചന്ദനത്തിരി കത്തിച്ചു. മുറിയാകെ സൌരഭ്യം കൊണ്ടുനിറഞ്ഞു. വീണ്ടും അവന്‍ അവിടെ നിന്നുകൊണ്ട് ദൈവത്തെ മധുരമായി പാടി പുകഴ്ത്തുവാന്‍ തുടങ്ങി. മുറിയാകെ സംഗീതം കൊണ്ട് നിറഞ്ഞു. നമ്മുടെ ഒഴിഞ്ഞ ജീവിതങ്ങളെ നിറയ്ക്കുവാന്‍ ദൈവത്തിന്റെ പ്രകാശം കൊണ്ടും സൌരഭ്യം കൊണ്ടും സംഗീതം കൊണ്ടും മാത്രമേ സാധിക്കൂ. എന്നിട്ടും വയ്ക്കൊലുകളെക്കൊണ്ടും പാഴ് വസ്തുക്കളെക്കൊണ്ടും തൃപ്തി ലഭിക്കാള്‍ ആഗ്രഹിക്കുന്നു നമ്മള്‍! തൃപ്തരാകില്ല താനും!! വചനം പറയുന്നു: “എന്തെന്നാല്‍, എന്റെ ജനം രണ്ടു തിന്‍മകള്‍ പ്രവര്‍ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര്‍ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാന്‍ കഴിവില്ലാത്ത പൊട്ടക്കിണറുകള്‍ കുഴിക്കുകയുംചെയ്തു.” (യിരെ 2:13)

അതിരുകളില്ലാത്ത ദൈവസ്നേഹത്തിനു മാത്രമേ മനസ്സിന്റെ ശൂന്യത അകറ്റി നമുക്ക് സന്തോഷവും സമാധാനവും നല്‍കുവാന്‍ സാധിക്കുകയുള്ളൂ. നല്ലതും പരിപൂര്‍ണ്ണവും സത്യവും ജീവദായകവുമായ ദൈവാത്മാവിനാല്‍ നമ്മുടെ മനസ്സിനെയും ആത്മാവിനെയും നിറച്ച് എല്ലാ ദുഷ്ടാരൂപികളുടെ പ്രലോഭനങ്ങളില്‍നിന്നും പ്രവര്‍ത്തനങ്ങളില്‍നിന്നും കാത്തുപരിപാലിക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.

കടപ്പാട്: ജോയിക്കുട്ടി ആല്‍ബി പെരേര