യേശു മാതാവിനെ അപമാനിച്ചുവോ? (Did Jesus Humiliate His Mother?)

അന്ധമായ ‘മറിയാം വിരോധം’ കൊണ്ടുനടക്കുന്ന ചില നവീന സഹോദരങ്ങളുടെ ആരോപണങ്ങള്‍ വളരെ വിചിത്രമാണ്! യേശു തമ്പുരാന്‍ തന്റെ മാതാവിനെ പല വാക്കുകള്‍ കൊണ്ട് അപമാനിച്ചുവെന്നും താഴ്ത്തികെട്ടി എന്നും ബഹുമാനം കൊടുത്തില്ല എന്നുമാണ് അവരുടെ ആരോപണം. അതുകൊണ്ട് തന്നെ, യേശുകൊടുക്കാത്ത ബഹുമാനമാണ് അപ്പോസ്തോലിക സഭ മാതാവിന് കൊടുക്കുന്നത് എന്നാണു അവരുടെ വാദം. ഈ വാദമുഖങ്ങളെ ബൈബിളിന്റെ മൂലഭാഷയുടെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ ലേഖനത്തില്‍.

സ്ത്രീയേ !!

യേശു തമ്പുരാന്‍ രണ്ടു പ്രാവശ്യം തന്റെ മാതാവിനെ ‘സ്ത്രീയേ’ എന്ന് അഭിസംബോധന ചെയ്തിട്ടുണ്ട് – ഒന്ന് കാനായിലെ കല്യാണ വിരുന്നില്‍ വച്ചും (യോഹ 2:4), മറ്റൊന്ന് ക്രൂശിന്റെ ചുവട്ടിലും (യോഹ 19:26). ഇവിടെ അമ്മയെ കേവലം ‘സ്ത്രീയേ’ (woman) എന്നാണു വിളിക്കുന്നതു, ‘മാതാവേ’ എന്ന് പോലുമല്ല. അതുകൊണ്ട് വിശ്വാസികള്‍ മറിയത്തെ ‘മാതാവ്’ എന്ന് വിളിക്കുന്നത്‌ തെറ്റാണ്. യേശു പോലും  ‘മാതാവേ’ എന്ന് വിളിച്ചില്ലല്ലോ. ഇങ്ങനെ പോകുന്നു നവീന സഹോദരങ്ങളുടെ വാദങ്ങള്‍!

പലപ്പോഴും ഇത്തരം വാദമുഖങ്ങള്‍ ഉയര്‍ത്തുന്നവര്‍ ഉപയോഗിക്കുന്നത് ബൈബിളിന്റെ മലയാളം പരിഭാഷയും ഇംഗ്ലീഷ് പരിഭാഷയും ആണ്. രണ്ടു പരിഭാഷകളും നോക്കിയാല്‍ അവരുടെ ആശയങ്ങള്‍ ഒരുപക്ഷെ സത്യമാണെന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ബൈബിളിന്റെ മൂലഭാഷ പരിശോധിക്കുകയാണ് ഉത്തമം. മൂലഭാഷയായി γύναι (gynai – ഗുനെയ്) എന്ന പദമാണ്. ഗ്രീക്ക് സാഹിത്യത്തില്‍ വലിയ ബഹുമാനം കൊടുക്കേണ്ട സ്ത്രീകളെ വിളിക്കുവാന്‍ ഉപയോഗിക്കുന്ന വാക്കാണിത്. മഹാറാണിമാരെ പോലും ഈ വാക്കുകൊണ്ടാണ്‌ സംബോധന ചെയ്യുക. ഇത് ഈജിപ്ഷ്യന്‍ റാണിയായ ക്ലീയോപാട്രയെ റോമ ചക്രവര്‍ത്തിയായ അഗസ്റ്റസ് സംബോധന ചെയ്യുന്നത് ഈ പദം വച്ചാണ് എന്ന് ഹോമറിന്റെ ‘ഇലിയഡില്‍’ രേഖപ്പെടുതിയിരിക്കുന്നു. യഹൂദ ചരിത്രകാരനായ ജോസീഫസിന്റെ വിവരണം അനുസരിച്ച് ഫെറോറാസ് തന്റെ പ്രിയപത്നിയെ വിളിക്കുന്നത്‌ ഈ പദം ഉപയോഗിച്ചാണ് (Antiquities 17:17). ചുരുക്കത്തില്‍ ‘ഗുനെയ്’ എന്ന ഈ പദം വലിയ ബഹുമാനത്തില്‍ യേശു വിളിക്കുന്നതാണ്. അല്ലാതെ നവീന സഹോദരങ്ങള്‍ വിചാരിക്കുന്നതുപോലെ നാട്ടു ഭാഷയില്‍ ‘എടി പെണ്ണെ’ എന്ന അര്‍ഥത്തില്‍ അല്ല.

ഈ വിഷയത്തില്‍ രണ്ടു പ്രമുഖ protestant പണ്ഡിതരുടെ അഭിപ്രായവും നമുക്ക് ശ്രദ്ധിക്കാം.

“The word Woman (gynai) is also misleading. It sounds to us very rough and abrupt. But it is the same word as Jesus used on the Cross to address Mary as he left her to the care of John (John 19:26). In Homer it is the title by which Odysseus addresses Penelope, his well-loved wife. It is the title by which Augustus, the Roman Emperor, addressed Cleopatra, the famous Egyptian queen. So far from being a rough and discourteous way of address, it was a title of respect. We have no way of speaking in English which exactly renders it; but it is better to translate it Lady which gives at least the courtesy in it” (William Barclay, The Gospel of John, revised edition, vol. 1, p. 98).

Jesus’ reply to Mary was not so abrupt as it seems. ‘Woman’ (gynai) was a polite form of address. Jesus used it when he spoke to his mother from the cross (19:26) and also when he spoke to Mary Magdalene after the Resurrection (20:15)” (Protestant Expositor’s Bible Commentary, publisher – Zondervan, vol. 9, p. 42).

ചുരുക്കത്തില്‍ ഈ പദത്തിന്റെ യഥാര്‍ത്ഥ സന്ദര്‍ഭോചിത ഭാഷാന്തരം മലയാളത്തില്‍ “മഹിതേ” എന്നായിരിക്കണം. ഇംഗ്ലീഷില്‍ madam, lady എന്നൊക്കെ ആയിരിക്കണം. അതുകൊണ്ട് തന്നെ യേശു ഏറ്റവും ബഹുമാനത്തോടെ തന്നെയാണ് മാതാവിനെ സംബോധന ചെയ്തത്.

യേശു തമ്പുരാന്‍ മാതാവിനെ ‘സ്ത്രീ’ എന്ന് വിളിക്കുന്നതില്‍ ചില ദൈവശാസ്ത്ര അര്‍ഥങ്ങള്‍കൂടി ഉണ്ട്. ഉല്‍പ്പത്തി 3:15-ല്‍ ഉള്ള പ്രവചനത്തില്‍ സര്‍പ്പത്തിന്റെ തല ചതയ്ക്കുന്ന സ്ത്രീയുടെ സന്തതി ക്രിസ്തുവാണ്‌. ആ പ്രവചനനിവൃത്തി സംഭവിക്കുന്ന ‘സ്ത്രീ’ ആണ് മറിയാം. ഈ വിഷയം അനുവാചകരെ അറിയിക്കാന്‍ ആണ് യോഹന്നാന്‍ ശ്ലീഹ ഇപ്രകാരം യേശു മാതാവിനെ രണ്ടു പ്രാവശ്യം ‘സ്ത്രീ’ എന്ന് വിളിച്ചതായി രേഖപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ് പുത്രന്‍ തമ്പുരാന്‍ ‘സ്ത്രീ’യില്‍ നിന്ന് ജനിച്ചവനായി നിയോഗിക്കപ്പെട്ടു എന്ന് പൌലോസ് ശ്ലീഹാ പറയുന്നത് (ഗലാ 4:4). രണ്ടാം ആദാം യേശു (1 കോരി 15:22) ആണെങ്കില്‍ അവള്‍ രണ്ടാം ഹവ്വ ആണ്. ‘ഹാവാ’ എന്ന വാക്കിന് ജീവനുള്ളവരുടെ മാതാവ് എന്നര്‍ഥം. കുരിശിലെ വചനത്തിലൂടെ ‘സ്ത്രീ’ ജീവനുള്ള മുഴുവിശ്വാസികളുടെയും മാതാവായി തീരുന്നു!

എനിക്കും നിനക്കും തമ്മില്‍ എന്ത് ബന്ധം??

യേശു തമ്പുരാന്‍ മറിയാമിനോട് പറഞ്ഞത്  “സ്ത്രീയേ, എനിക്കും നിനക്കും തമ്മിൽ എന്തു” (യോഹ 2:4). ഇവിടെ അര്‍ഥം ആക്കുന്നത് എനിക്കും നിനക്കും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളത് എന്നാണ്. ഇതേ വാക്യം ഇതേ അപമാനകരമായ അര്‍ഥത്തില്‍ മറ്റു പലരും പറഞ്ഞിട്ടുണ്ട്: സെരഫാത്തിലെ വിധവ എലിയാവിനോടും (1 രാജാ 17:18) എലീശാ ഇസ്രായേല്‍ രാജാവായ യാഹോശാഫാത്തിനോടും (2 രാജാ 3:13); ഈജിപ്തിലെ രാജാവായ നെഖോ യോശീയായോടും (2 ദിന 35:21) ഗദരയിലെ ഭൂതബാധിതന്‍ യേശുവിനോടും (മര്‍ക്കോ  5:7; ലൂക്കോ 8:28). അതുകൊണ്ട് യേശു പറഞ്ഞത് തനിക്കും മാതാവുമായി ഒരു ബന്ധവുമില്ല എന്ന അര്‍ത്ഥത്തില്‍ ആണ്. ഇതാണ് നവീന സഹോദരങ്ങളുടെ വാദം.

ഈ വാക്കുകളുടെ മൂല ഭാഷയില്‍ നമുക്ക് പരിശോധിക്കാം. Τί ἐμοὶ καὶ σοί, γύναι? (Ti emoi kai soi, Gynai?) എന്നാണ് ഗ്രീക്കില്‍ ഈ വാചകം. ഇതില്‍ gynai എന്നുള്ള വാക്ക് നാം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ആദ്യ ഭാഗം എടുക്കാം.

Τί (എന്ത് / What) ἐμοὶ (എനിക്ക് /to me) καὶ (ഉം/ and) σοί (നിനക്ക് / to you). ഇത് പദാനുപദം തര്‍ജ്ജമ ചെയ്‌താല്‍ “എനിക്കും നിനക്കും എന്ത്?” എന്ന് ലഭിക്കും. സുറിയാനിയില്‍ ഇത് “മൊ ലീ വ് ലേക്”; ‘എനിക്കും നിനക്കും എന്ത്’ എന്ന് തന്നെ അര്‍ഥം. അപ്പോള്‍ Bible Society of India (BSI) ബൈബിളില്‍ ഉള്ള “തമ്മില്‍” എവിടെ പോയി? അത് മന:പൂര്‍വ്വം മലയാളം പരിഭാഷയില്‍ ചേര്‍ത്തതാണ് എന്ന് കണക്കു കൂട്ടുകയെ നിവൃത്തിയുള്ളൂ. മലയാളികളായ ക്രിസ്ത്യാനികളുടെ വിശ്വാസത്തെ തകര്‍ക്കുവാനും തെറ്റിധരിപ്പിക്കുവാനും വേണ്ടി മന:പൂര്‍വം കൈകടത്തല്‍ നടത്തിയാണ് BSI പരിഭാഷ തയ്യാറാക്കിയിരിക്കുന്നത് എന്ന് നിസംശയം പറയാം. ആ വലയില്‍ പെട്ടുപോയവരെ വളരെ സഹതാപത്തോടെ കാര്‍മല്‍ ടീം കാണുന്നു.

യേശു പറഞ്ഞത് ‘എനിക്കും നിനക്കും എന്ത്?’ എന്ന് മാത്രമാണ്. അല്ലാതെ നവീന കൂട്ടങ്ങള്‍ ആരോപിക്കുന്നത് പോലെ ‘എനിക്കും നിനക്കും തമ്മില്‍ എന്ത്?’ അതായത് ‘എനിക്കും നിനക്കും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളത്?’ എന്നല്ല. ഒരു തെരുവ് ഗുണ്ട പോലും തന്റെ മാതാവിനോട് ‘എനിക്കും നിനക്കും തമ്മില്‍ എന്ത് ബന്ധം?’ എന്ന് ചോദിക്കില്ല. യേശു അത് തന്നെ ഉദരത്തില്‍ ചുമന്ന, മുപ്പതു വര്‍ഷം തന്നോട് കൂടെ ഉണ്ടായിരുന്ന തന്റെ പ്രിയ മാതാവിനോട് ചോദിക്കുമോ?

‘എനിക്കും നിനക്കും എന്ത് ?’ എന്നുള്ള ശൈലി ചില അവസരങ്ങളില്‍ പരുഷമായി ഉപയോഗിക്കാറുണ്ട് എന്നത് നിഷേധിക്കുന്നില്ല (ഉദാ: മര്‍ക്കോ  5:7; ലൂക്കോ 8:28). എന്നാല്‍ പരുഷമല്ലാതെയും ഈ ശൈലി ഉപയോഗിക്കാം. ഈ ശൈലി ഉപയോഗിക്കുന്ന ആളിന്റെ സ്വഭാവവും സന്ദര്‍ഭവും അനുസരിച്ച് ആണ് തീവ്രത നിര്‍ണയിക്കേണ്ടത്. ഉദാഹരണത്തിന് ഭൂതബാധിതന്‍ യേശുവിനോട് വളരെ പരുഷമായായിരിക്കും ഇത് ചോതിചിട്ടുണ്ടാകുക. ഈജിപ്തിലെ രാജാവ് ഇസ്രായേല്‍ രാജാവിനോട് അപേക്ഷയുടെ ശബ്ദത്തില്‍ ആണ് ഇതേ വാക്യം ചോദിച്ചത് (2 ദിന 35:21). എന്നാല്‍ സര്‍വശക്തനായ സര്‍വസംപൂര്‍ണനായ യേശു തമ്പുരാനില്‍ നിന്ന് സ്വന്തം മാതാവിനോട് ഒരിക്കലും പരുഷമായി സംസാരിച്ചു എന്ന് കരുതാന്‍ വഴിയില്ല. അതുകൊണ്ട് തന്നെ ഈ അവസരത്തില്‍ യേശു പറഞ്ഞ വാക്കുകളുടെ അര്‍ഥം ‘ഇപ്പോള്‍ എനിക്കും നിനക്കും ഇതില്‍ എന്ത് കാര്യം?’ എന്ന അര്‍ഥത്തില്‍ മാത്രമാണ്, പരുഷമായല്ല എന്ന് വളരെ വ്യക്തമാണ്. ഈ അര്‍ത്ഥമാണ് നിസ്സായിലെ ഗ്രീഗോറിയോസും ഈ വാക്യത്തിനു കൊടുക്കുന്നത്.

എന്നെ ചുമന്ന ഉദരവും ഞാന്‍ കുടിച്ച മുലകളും ഭാഗ്യമുള്ളവയല്ല!!

“ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. അതിന്നു അവൻ: ‘അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ’ എന്നു പറഞ്ഞു.” (ലൂക്കോ 11: 27-28). ഇതാണ് യേശു മാതാവിനെ താഴ്ത്തിക്കെട്ടി എന്ന് ആരോപിക്കാന്‍ പുത്തന്‍ പഠിപ്പിക്കലുകാര്‍ ഉപയോഗിക്കുന്ന മറ്റൊരു വാക്യം. ഇവിടെ “അല്ല” എന്ന് പറയുന്നതുകൊണ്ട് മാതാവ് ഭാഗ്യമുള്ളവള്‍ ആണെന്നുള്ള സ്ത്രീയുടെ പുകഴ്ത്തല്‍ യേശു നിഷേധിച്ചു എന്നാണ് അവര്‍ കണ്ടെത്തുന്നത്.

ഈ വചനവും മൂലഭാഷയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം. ഇവിടെ “അല്ല” എന്ന് BSI ബൈബിളില്‍ കാണുന്ന വാക്കിന് ഗ്രീക്ക് ഭാഷയില്‍ കാണുന്നത് Μενοῦν (Menoun) എന്നതാണ്. ഇത് ഗ്രീക്കിലെ രണ്ടു വാക്കുകള്‍ ചേര്‍ന്നുള്ള ഒരു പദമാണ്. μέν (men) എന്നാല്‍ indeed, verily, truly (തീര്‍ച്ചയായും, വളരെ ശരി) എന്നൊക്കെ അര്‍ഥം. οὖν (oun) എന്നാല്‍ therefore, now then (അതുകൊണ്ട്) എന്നര്‍ഥം. ചേര്‍ന്ന് വരുന്ന അര്‍ഥം “indeed therefore” (തീര്‍ച്ചയായും അതുകൊണ്ട്) എന്നാണ്.

ചില സന്ദര്‍ഭങ്ങളില്‍ μενοῦν (menoun), μενοῦνγε (menounge) മുതലായ വാക്കുകള്‍ “Yes in contrast” (അതെ എന്നാല്‍ വിപരീതമായി) എന്ന അര്‍ഥം വരാറുണ്ട്. എന്നാല്‍ ഗ്രീക്കില്‍ ഇത് ഉപയോഗിക്കുമ്പോള്‍ ആദ്യം വരുന്നവയെ നിഷേധിച്ചല്ല അതിനടുത്ത വാക്യം സമര്‍ഥിക്കുന്നത്. ഉദാ: “എങ്കിലും എനിക്കു ലാഭമായിരുന്നതു ഒക്കെയും ഞാൻ ക്രിസ്തു നിമിത്തം ചേതം എന്നു എണ്ണിയിരിക്കുന്നു. അത്രയുമല്ല (μενοῦνγε)  എന്റെ കർത്താവായ ക്രിസ്തുയേശുവിനെക്കുറിച്ചുള്ള പരിജ്ഞാനത്തിന്റെ ശ്രേഷ്ഠതനിമിത്തം ഞാൻ ഇപ്പോഴും എല്ലാം ചേതം എന്നു എണ്ണുന്നു.” (ഫിലി 3:7,8). ഇവിടെ പൗലോസ്‌ ആദ്യത്തേത് നിഷേധിക്കാതെ തന്നെ രണ്ടാമത്തെ കാര്യം പറയുന്നു.

ഇവിടെയും യേശു സ്ത്രീ പറഞ്ഞ കാര്യത്തെ നിഷേധിക്കുന്നില്ല എന്ന് വ്യക്തമാണ്. അര്‍ത്ഥവ്യക്തതയോട് കൂടി ലൂക്കോ 11: 27-28 മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തെണ്ടത് ഇങ്ങനെയായിരുന്നു: “ഇതു പറയുമ്പോൾ പുരുഷാരത്തിൽ ഒരു സ്ത്രീ ഉച്ചത്തിൽ അവനോടു: നിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു. അതിന്നു അവൻ: ‘തീര്‍ച്ചയായും; മാത്രമല്ല അതുകൊണ്ട് ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവർ അത്രേ ഭാഗ്യവാന്മാർ’ എന്നു പറഞ്ഞു.”. ഇംഗ്ലീഷ് നോക്കിയാലും ‘Yea rather’  (Yes rather) എന്നാണ് പല പ്രസിദ്ധ പരിഭാഷകളിലും കാണുന്നത്.

‘ഉദരവും മുലകളും’ എന്നുള്ള എബ്രായ ശൈലി സ്ത്രീകളുടെ സ്വത്വത്തെ സൂചിപ്പിക്കുന്നു. ഇവിടെ യേശുക്രിസ്തു മാതാവ് ഭാഗ്യവതി എന്ന് ഉറപ്പിച്ചു പറയുന്നു.  തന്നെ ഉദരത്തില്‍ ചുമന്നത് കൊണ്ടും താന്‍ മുല കുടിച്ചത് കൊണ്ടും മാത്രമല്ല മാതാവ് ഭാഗ്യവതി. ദൈവത്തിന്റെ വചനം കേട്ട് അത് പ്രമാണിച്ചത് കൊണ്ടും മറിയാം ഭാഗ്യവതി തന്നെ. ദൈവവചനം കേട്ട് അനുസരിക്കുന്നവര്‍ മറിയാമിനെപ്പോലെ ഭാഗ്യം സിദ്ധിക്കുന്നു എന്ന് കര്‍ത്താവ് കല്‍പ്പിക്കുന്നു. ഇവിടെ നവീന സമൂഹങ്ങള്‍ തെറ്റിധരിപ്പിക്കപ്പെട്ടപോലെ മാതാവിനെ യേശു താഴ്ത്തിക്കെട്ടുന്നില്ല. മറിച്ച് “എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് കീര്‍ത്തിക്കും” (ലൂക്കോ 1:48) എന്ന മാതാവിന്റെ പ്രവചനം അതേ തലമുറയില്‍ ആ സ്ത്രീയുടെയും യേശുവിന്റെയും നാവാല്‍ നിറവേറി തുടങ്ങുകയായിരുന്നു!

അത് എന്റെ അമ്മയല്ല!!

“അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. അതു പറഞ്ഞവനോടു അവൻ: ‘എന്റെ അമ്മ ആർ എന്റെ സഹോദരന്മാർ ആർ’ എന്നു ചോദിച്ചു. ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ‘ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു’ എന്നു പറഞ്ഞു.” (മത്താ 12: 47- 50). ഇതേ സംഭവം മര്‍ക്കോ 3:31-35; ലൂക്കോ 8:19-21 വാക്യങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവിടെ മാതാവിനെ ക്രിസ്തു കണക്കിലെടുത്തില്ല, അഥവാ അംഗീകരിച്ചില്ല എന്ന് പുത്തന്‍ പഠിപ്പിക്കലുകാര്‍ ആരോപിക്കുന്നു.

ഇവിടെ ദൈവരാജ്യത്തില്‍ ഉള്ളവരുടെ പ്രാധാന്യം എടുത്തുകാട്ടുന്നതിനേക്കാള്‍ ഉപരി മറ്റൊരു അര്‍ത്ഥവും കൊടുക്കുവാന്‍ സാധ്യമല്ല. “ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” (ഗലാ 3:26). മാത്രമല്ല, ഇതിനു മുന്‍പുള്ള വാക്യങ്ങള്‍ (മര്‍ക്കോ 3:21) അനുസരിച്ച് അവന്റെ ചാര്‍ച്ചക്കാര്‍ തനിക്കു ബുദ്ധിഭ്രമം ഉണ്ടെന്നു ആരോപിച്ചിരുന്നു. ഇതിന്റെ വെളിച്ചത്തില്‍ ആണ് അവിശ്വസിക്കുന്ന സ്വന്തം സഹോദരങ്ങളെക്കാള്‍ തനിക്കു വേണ്ടപ്പെട്ടത്‌ തന്നില്‍ വിശ്വസിക്കുന്ന ആളുകളോടാണ് എന്ന നിലയില്‍ അവിടുന്ന് അരുളി ചെയ്യുന്നത്. മാത്രമല്ല, യേശുക്രിസ്തു തന്റെ മാതാവിനെ തള്ളിപ്പറയുന്ന രീതിയില്‍ അധ:പതിച്ചു എന്ന് വിചാരിക്കുവാനും തരമില്ല. കാരണം ഇതിനു ശേഷം തന്റെ മാതാവിനെ കരുതലോടെ തന്റെ ശിഷ്യനെ യേശു ഏല്‍പ്പിച്ചു കൊടുക്കുന്നുണ്ട്. അവള്‍ പിന്നീട് സഭയുടെ ഭാഗവുമാകുന്നു. (അപ്പൊ 1:14). അതുകൊണ്ട് ഇവിടെ ദൈവരാജ്യത്തില്‍ ഉള്ളവരുടെ പ്രാധാന്യം വ്യക്തമാക്കുന്നതിനേക്കാള്‍ ഉപരി മാതാവിനെ തള്ളിക്കളഞ്ഞു എന്ന് ആരോപിക്കുന്നതില്‍ ഒരു കഴമ്പുമില്ല. പൌരസ്ത്യ പാരമ്പര്യത്തില്‍ മാതാവിന്റെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് വി. കുര്‍ബാന മദ്ധ്യേ വായിക്കുന്ന വേദഭാഗവുമാണ് ഇത് എന്നറിയുമ്പോള്‍ ഈ വാക്യങ്ങളെ സഭ എങ്ങനെ നോക്കി കാണുന്നു എന്ന് വ്യക്തമാകും.

ഉപസംഹാരം

യേശു മാതാവിനെ ബഹുമാനിച്ചില്ല, പകരം താഴ്ത്തിക്കെട്ടുകയും അപമാനിക്കുകയും പരുഷവാക്കുകളാല്‍ സംബോധന ചെയ്യുകയും ചെയ്തു എന്ന നവീന സമൂഹങ്ങളുടെ ആരോപണങ്ങള്‍ ബൈബിളിന്റെ ഗ്രീക്ക് മൂലഭാഷയുടെ വെളിച്ചത്തില്‍ പരിശോധിക്കുകയായിരുന്നു നാം. വളരെ വ്യക്തമായും മാതാവിന് ലഭിക്കേണ്ട അംഗീകാരം യേശു തമ്പുരാന്‍ നല്‍കി എന്ന് വളരെ വ്യക്തമായും നാം മനസ്സിലാക്കുന്നു. നമുക്കും ചേര്‍ന്ന് തമ്പുരാനെ പെറ്റ ആ കന്യകയെ പ്രകീര്‍ത്തിക്കാം: “അമ്മേ നീ ഭാഗ്യവതി!”.