അലെക്സാന്ത്രിയായിലെ മോര്‍ ക്ലീമീസ് (St. Clement of Alexandria)

അലക്സാന്ത്രിയയിലെ വേദപാഠശാലയിൽ അദ്ധ്യാപകനായിരുന്ന ക്രിസ്തീയചിന്തകനും വിശുധനുമായിരുന്നു അലക്സാന്ത്രിയയിലെ മോര്‍ ക്ലീമീസ് എന്നറിയപ്പെടുന്ന Titus Flavius Clemens. പൊതുവായി ഇദ്ദേഹം Clement of Alexandria എന്ന് അറിയപ്പെടുന്നു. പേഗൻ ധാർമ്മികതയിൽ നിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തിതനായ അദ്ദേഹം പുരാതന യവനദർശനവും സാഹിത്യവുമായി പരിചയമുണ്ടായിരുന്ന വിദ്യാസമ്പന്നൻ ആയിരുന്നു. ക്ലെമന്റിന്റെ ശിഷ്യന്മാരിൽ സഭാചിന്തകനായ ഒരിഗൻ, യെരുശലേമിലെ മോര്‍ അലക്സാന്ത്രിയോസ് എന്നിവർ ഉൾപ്പെടുന്നു.

ലഖുജീവചരിത്രം

ക്ലെമന്റിന്റെ ജനനത്തിന്റെ സ്ഥലകാലങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ മാത്രമേയുള്ളു. അദ്ദേഹം പൊതുവർഷം 150-നടുത്ത് ജനിച്ചെന്ന് ഊഹിക്കപ്പെടുന്നു. ജന്മസ്ഥലം ആഥൻസ് ആയിരുന്നെന്ന് എപ്പിഫാനസ് സ്കോളാസ്റ്റിക്കസ് പറയുന്നെങ്കിലും അലക്സാണ്ഡ്രിയയിൽ ജനിച്ചതായുള്ള മറ്റൊരു പാരമ്പര്യവുമുണ്ട്. പേഗൻ മാതാപിതാക്കളിൽ ജനിച്ച ക്ലെമന്റ് പിന്നീട് ക്രിസ്ത്യാനിയായിതീരുകയാണ് ഉണ്ടായത്.

യുവപ്രായത്തിൽ, സാന്മാർഗ്ഗികമായി അധപതിച്ചതെന്ന് താൻ കരുതിയ പേഗൻ ധാർമ്മികതക്കു പകരം ക്രിസ്തീയ സത്യവിശ്വാസത്തെ തെരഞ്ഞെടുത്ത ക്ലെമന്റ്, ഗ്രീസിലും ഏഷ്യാമൈനറിലും പലസ്തീനയിലും ഈജിപ്തിലും സഞ്ചരിച്ചു. ഈ യാത്രകളുടെ ലക്ഷ്യം, മതപരമായ അറിവു സമ്പാദിക്കുക ആയിരുന്നു. ഗ്രീസിൽ അദ്ദേഹം ഒരു യവനചിന്തകനെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. അത് ആഥൻസിലെ അഥെനാഗോറസ് ആയിരിക്കാം; പൗരസ്ത്യദേശത്ത് അദ്ദേഹത്തിന്റെ ഗുരുക്കളായിരുന്നത് രണ്ടാം നൂറ്റാണ്ടിലെ ക്രിസ്തീയലേഖകൻ അസീറിയാക്കാരൻ തേഷനും (Tatian), യഹൂദപശ്ചാത്തലത്തിൽ നിന്നു വന്ന കേസറിയായിലെ മെത്രാപ്പോലീത്ത  മോര്‍ തിയോഫിലസും ആയിരുന്നിരിക്കാം.

പൊതുവർഷം 180-നടുത്ത് അലക്സാണ്ട്രിയയിലെത്തിയ ക്ലെമന്റ്, അവിടത്തെ വേദപാഠശാലയിൽ അദ്ധ്യാപകനായിരുന്ന പന്തേനൂസിനെ കണ്ടുമുട്ടി. പന്തേനൂസിനു കീഴിൽ പഠനം നടത്തിയ ക്ലെമന്റിനെ പൊതുവർഷം 189-നു മുൻപ് റോമിലെ മെത്രാപ്പോലീത്ത ആയിരുന്ന ജൂലിയൻ പൗരോഹിത്യത്തിലെക്കുയർത്തി. ഇതിനപ്പുറം ക്ലെമന്റിന്റെ ജീവിതത്തെക്കുറിച്ച് മറ്റൊരു വിവരവും ലഭ്യമല്ല. അദ്ദേഹത്തിന്റെ ലിഖിതങ്ങളിലെ സൂചനകൾ വച്ച് ക്ലെമന്റ് വിവാഹിതനായിരുന്നു എന്ന ഊഹമുണ്ട്. അമിതാഹാരത്തെ വിമർശിച്ചിരുന്നെങ്കിലും ക്ലെമന്റ് മാംസം ആഹരിക്കുന്നതിനെ എതിർത്തിരുന്നില്ല.

റോമൻ ചക്രവർത്തി സെപ്തിമിയസ് സെവേറസിന്റെ പീഡനകാലത്ത് (പൊതുവർഷം 202-03) ക്ലെമന്റ് അലസ്കാണ്ട്രിയ വിട്ടുപോയി. യെരുശലേമിലെ അലക്സാന്ത്രിയോസ്, പൊതുവർഷം 211-ൽ അന്ത്യോഖ്യായിലെ സഭക്കെഴുതിയ ഒരു കത്തിൽ അദ്ദേഹത്തെ പ്രശംസിക്കുന്നതിനാൽ, അക്കാലത്ത് അദ്ദേഹം കപ്പദോക്കിയയിൽ ആയിരുന്നിരിക്കാം എന്ന് അനുമാനമുണ്ട്. ക്ലെമന്റ് എന്ന്, എവിടെ മരിച്ചു എന്നു വ്യക്തമല്ല. ഏതായാലും പൊതുവർഷം 215-ലോ, 216-ലോ യെരുശലേമിലെ അലക്സാന്ത്രിയോസ്, ഒരിജന് എഴുതിയ ഒരു കത്തിൽ, ക്ലമന്റ് മരിച്ചു കഴിഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ ഓര്മ നവംബർ 23 നു സഭ കൊണ്ടാടുന്നു.

പ്രധാന രചനകൾ

ക്ലെമന്റിന്റെ പ്രധാനമായ മൂന്നു രചനകൾ പൂർണ്ണരൂപത്തിൽ ലഭ്യമാണ്. അവ ഒരുമിച്ച് ഒരു ഗ്രന്ഥത്രയമായി പരിഗണിക്കപ്പെടുന്നു. ആ കൃതികൾ താഴെപ്പറയുന്നവയാണ്:

  • പൊതുവർഷം 195-നടുത്തെഴുതിയ Protrepticus അല്ലെങ്കിൽ ‘പ്രബോധനങ്ങൾ’
  • 198-നടുത്തെഴുതിയ Paedagogus അല്ലെങ്കിൽ ‘അദ്ധ്യാപകൻ’
  • 203-നടുത്തെഴുതിയ Stromata അല്ലെങ്കിൽ ‘പലവക’

ഇതര ഗ്രന്ഥം ആണ് ‘ധനവാന്മാർക്കു മോക്ഷരാജ്യം’ (Who is the Rich Man That Shall Be Saved?). അദ്ദേഹത്തിന്റെതായ അപൂര്‍ണ കൃതികളുടെ ശേഖരവും (Fragments) ലഭ്യമാണ്.

പ്രബോധനങ്ങൾ

ഗ്രീസിലെ പേഗൻ ധാർമ്മികതയുടെ അനുയായികളോട് ക്രിസ്തീയവിശ്വാസം സ്വീകരിക്കാനുള്ള ആഹ്വാനമാണ്. അതിൽ ക്ലെമന്റ്, ഗ്രെക്കോ-റോമൻ പുരാവൃത്തങ്ങളിലും ദൈവശാസ്ത്രത്തിലും ഉള്ള തന്റെ അഗാധമായ അറിവു പ്രകടമാക്കുന്നു. ധാർമ്മികതയെ മാനുഷികതയുടെ ഒരു ഭാഗമായി വിശദീകരിക്കാനുള്ള ക്ലെമന്റിന്റെ ശ്രമം ആ കൃതിയുടെ പ്രധാന്യം വർദ്ധിപ്പിക്കുന്നു.ഹ്രസ്വമായ ദാർശനികവിചാരത്തിനു ശേഷം അത് യവനധാർമ്മികതയുടെ ചരിത്രത്തിലെ ഏഴു ഘട്ടങ്ങളായി തിരിച്ച് വിവരിക്കുന്നു. പേഗൻ ധാർമ്മികതയുടെ ആരാധനാമൂർത്തികൾ കപടവും, സാന്മാർഗദൃഷ്ടിയിൽ മോശം മാതൃകകളും ആണെന്ന് ക്ലെമന്റ് കരുതി. പേഗൻ മതത്തിലെ നിഗൂഢതകളെ അദ്ദേഹം ബാലിശമായ അന്ധവിശ്വാസങ്ങളായി കണക്കാക്കി. പേഗൻ ദൈവമായ ഓർഫിയസിന്റെ ആരാധനയിലെ ഗാനങ്ങളെ അദ്ദേഹം പേഗൻ അന്ധവിശ്വാസത്തിന്റെ പ്രതീകമായി ചിത്രീകരിക്കുകയും ക്രിസ്തീയവിശ്വാസത്തിലെ ‘ദൈവികവചനത്തിന്’ (ലോഗോസ്) അതുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള മഹിമകൾ എടുത്തു പറയുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ക്രിസ്തീയതയിലെക്കുള്ള പരിവർത്തനത്തിലൂടെ മാത്രമേ മനുഷ്യന് സാർവർത്രികസത്യമായ ദൈവവചനത്തിൽ പങ്കുപറ്റാനാവുകയുള്ളു.

ഗുരുനാഥൻ

മനുഷ്യരാശിയുടെ മുഴുവൻ ഗുരുനാഥനായി യേശുവിനെ ചിത്രീകരിക്കുന്ന ഈ രചന, ക്രിസ്ത്യാനികളെ ദൈവമക്കളായും അവതരിപ്പിക്കുന്നു. കേവലം പ്രബോധനപരമായ കൃതിയല്ല ഇത്. ക്രിസ്തുവിന്റെ സ്നേഹത്തോട് ക്രിസ്ത്യാനികൾ ആത്മാർത്ഥതയോടെ ഏതുവിധം പ്രതികരിക്കണമെന്ന് കാണിക്കുകയാണ് ഗ്രന്ഥകാരന്റെ ലക്ഷ്യം.

മനുഷ്യരെപ്പോലെ ദൈവസാദൃശ്യത്തിൽ ഉരുവാക്കപ്പെട്ടവനാണു ക്രിസ്തു. എങ്കിലും ദൈവപിതാവിന്റെ ഛായ പങ്കുപറ്റുന്നത് ക്രിസ്തു മാത്രമാണ്. ക്രിസ്തു പാപരഹിതനും നിർവികാരനും ആയിരിക്കയാൽ, ക്രിസ്തുവിനെ അനുകരിക്കാനുള്ള ശ്രമത്തിൽ നമുക്ക് മുക്തി പ്രാപിക്കാനാകും. ക്ലെമന്റിന്റെ അഭിപ്രായത്തിൽ പാപം അനിച്ഛാപൂർവം സംഭവിക്കുന്നതും അതിനാൽ തന്നെ യുക്തിഹീനവും ആണ്. പാപത്തിൽ നിന്നുള്ള മോചനം സാദ്ധ്യമാകുന്നത് ദൈവവചനമായ ‘ലോഗോസ്’ വഴിയാണ്. പാപത്തിൽ നിന്ന് നമ്മെ അകറ്റുന്നതിൽ പ്രകടമാകുന്ന ദൈവകാരുണ്യം, മനുഷ്യവർഗ്ഗത്തോടു മുഴുവനുമുള്ള ദൈവപ്രേമത്തിന്റെ പ്രകടനമാണ്.

ദൈവത്തിന്റെ രക്ഷ മനുഷ്യവർഗ്ഗത്തെ ഒന്നോടെ പുണർന്നു നിൽക്കുന്നതാണെന്നു വാദിച്ച ക്ലെമന്റ്, സമ്പൂർണ്ണമായ സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി നിലകൊണ്ടു. വിശുദ്ധകുർബ്ബാനയെ അദ്ദേഹം ദൈവപിതാവിന്റെ മുലപ്പാൽ എന്നാണു വിശേഷിപ്പിക്കുന്നത്. സഭാനേതൃത്വത്തിൽ സ്ത്രീകളുടെ സജ്ജീവപങ്കാളിത്തത്തെ പിന്തുണക്കുന്ന അദ്ദേഹം നേതൃഗുണത്തിൽ തിളങ്ങിയ മഹിളകളുടെ ഉദാഹരണങ്ങൾ ബൈബിളിലും ക്ലാസിക്കൽ യവനചരിത്രത്തിലും നിന്ന് നിരത്തുന്നു.

ക്രിസ്തീയജീവിതത്തിനു മാർഗദർശകമാകുന്ന പല പ്രായോഗികനിയമങ്ങളും ഈ കൃതിയുടെ രണ്ടാം ഭാഗത്ത് ക്ലെമന്റ് നൽകുന്നുണ്ട്. കണക്കറ്റ ഭക്ഷണാസക്തിയെ വിമർശിക്കുന്ന അദ്ദേഹം ഭക്ഷണമേശയിൽ നല്ല ശീലങ്ങൾ പാലിക്കണമെന്നും നിർദ്ദേശിക്കുന്നു. ക്രിസ്തീയമായ ഏകദൈവവിശ്വാസത്തിൽ അടങ്ങിയ ലാളിത്യത്തിനു ചേരും വിധമുള്ള ലളിതജീവിതത്തെയാണ് അദ്ദേഹം പിന്തുണച്ചത്. വീട്ടലങ്കാരങ്ങളിലും വസ്ത്രധാരണത്തിലുമുള്ള ആഡംബരത്തേയും സംഗീതത്തോടും പരിമളദ്രവ്യങ്ങളോടുമുള്ള അമിതപ്രേമത്തേയും അദ്ദേഹം എതിർത്തു. എന്നാൽ ലോകസുഖങ്ങളുടെ സമ്പൂർണ്ണപരിത്യാഗത്തിനും അദ്ദേഹം എതിരായിരുന്നു. സന്തുഷ്ടരായിരുന്നും സഹഭോജനങ്ങളിൽ ഏർപ്പെട്ടും ദൈവികസൃഷ്ടിയിൽ ആഹ്ലാദിക്കാൻ ക്രിസ്ത്യാനികൾക്ക് ചുമതലയുണ്ടെന്ന് അദ്ദേഹം കരുതി.

പലവക

ക്ലെമെന്റിന്റെ മറ്റു കൃതികളുമായുള്ള താരതമ്യത്തിൽ ഇതു ക്രമരഹിതമാണ്. ഈ കൃതി എട്ടു ഭാഗങ്ങൾ അടങ്ങിയതാണെന്ന് കേസറിയായിലെ യൂസീബിയസ് പറയുന്നെങ്കിലും, അതിന്റെ ഖണ്ഡങ്ങളെന്ന് ഉറപ്പുപറയാവുന്നതായി ഏഴെണ്ണം മാത്രമാണ് നിലവിലുള്ളത്.

തന്റെ മറ്റു രചനകളിലെന്നപോലെ ഇതിലും ക്ലെമന്റ്, യഹൂദർക്ക് പഞ്ചഗ്രന്ഥി എന്ന പോലെ യവനർക്ക് തത്ത്വചിന്ത ആദ്യജ്ഞാനമായിരുന്നു എന്നു വാദിക്കുന്നു. വിശ്വാസവും യുക്തിയും പ്രാധാനമാണെന്നു പറയുന്ന ക്ലെമന്റ്, ദൈവികമായ ജ്ഞാനത്തിന്റെ പ്രാപ്തിക്ക് വിശ്വാസം ഒഴിച്ചുകൂടാത്തതായതിനാൽ, ദൈവഭയത്തിന്റെ പ്രാധാന്യം എടുത്തു പറയുന്നു. ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ വേലക്കാരനായ ക്രിസ്ത്യാനി, തന്റെ തന്നെയും അയൽക്കാരന്റേയും പാപമുക്തിയുടെ ചുമതല പേറുന്നവനാണ്. ഈ കൃതി സമാപിക്കുന്നത്, അക്കാലത്തെ സഭയിൽ ഉണ്ടായിരുന്ന വിഭാഗീയതകളുടേയും വേദവ്യതിചലനങ്ങളുടേയും ദീർഘമായ വിമർശനത്തിലാണ്.