മറിയം ദൈവമാതാവോ? (Is Mary the Mother of God?)

യേശു ക്രിസ്തുവിന്റെ അമ്മയായ മറിയാമിനെ ശ്ലൈഹീക സഭകള്‍ ‘ദൈവമാതാവ്’ എന്ന് സംബോധന ചെയ്യുന്നത് ചില ക്രിസ്തീയ മൌലീകവാദികള്‍ എതിര്‍ക്കുകയും വിമര്‍ശിക്കുകയും ചെയ്യാറുണ്ട്. എന്തുകൊണ്ടാണ് അപ്പോസ്തോലിക സഭകള്‍ മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ എന്ന് വിവരിക്കുകയാണ് ഈ ലേഖനത്തിലൂടെ.

നവീനസഭക്കാരുടെ വാദങ്ങള്‍

യേശു ദൈവം ആയതുകൊണ്ടും അനാദിയില്‍ ഉണ്ടായിരുന്നതുകൊണ്ടും ദൈവത്തിനു ജനനമോ മരണമോ ഇല്ല. അതുകൊണ്ട് തന്നെ മാതാവും ഇല്ല എന്ന് ചിലര്‍ വാദിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായം അനുസരിച്ച് പുത്രന്‍ അനാദിയില്‍ ജനിച്ചത് മാതാവില്ലാതെ ആണ്. അതുകൊണ്ട് മറിയത്തെ ദൈവമാതാവ് എന്ന് വിളിച്ചുകൂടാ, യേശുവിന്റെ മാതാവ് എന്നേ വിളിക്കാവൂ എന്നാണു അവരുടെ പക്ഷം. മറ്റുചിലര്‍ വാദിക്കുന്നത് യേശുവിന്റെ ‘മനുഷ്യത്വത്തിന് ‘ മാത്രമേ മറിയം മാതാവായിരുന്നുള്ളൂ എന്നതാണ്. മറിയാമിനെ ‘ദൈവമാതാവ്’ എന്ന് വിളിച്ചാല്‍ അവള്‍ക്കു ദൈവത്തെക്കാള്‍ പ്രാധാന്യം കൈവരുമോ എന്നൊരു ഭയപ്പാടും ചില നവീന സഹോദരങ്ങള്‍ക്ക്‌ ഉണ്ട് എന്നതും വിസ്മരിക്കുന്നില്ല. ചുരുക്കം ചിലരാകട്ടെ, പ്രാകൃത റോമിലെ അമ്മദൈവ സങ്കല്‍പ്പത്തില്‍ നിന്നാണ് ക്രിസ്തീയത ‘ദൈവമാതാവ്’ എന്ന വിശ്വാസം സ്വീകരിച്ചത് എന്ന കുത്സിത ബുധികളുടെ പ്രചാരണം അന്ധമായി വിശ്വസിക്കുന്നു. ചുരുക്കത്തില്‍ മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ ബൈബിളിന് എതിരാണെന്ന് ക്രിസ്തീയ മൌലീകവാദികള്‍ പ്രഖ്യാപിക്കുകയും പ്രചരിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു.

ശ്ലൈഹീക സഭകളുടെ വിശ്വാസം

സാമാന്യ യുക്തി

ബൈബിള്‍ മറിയാമിനെ ‘യേശുവിന്റെ മാതാവ്’ എന്ന് പലപ്രാവശ്യം വിശേഷിപ്പിക്കുന്നു. (മത്താ 1:18 ; 2:11; 2:13; 12:46; ലൂക്കോ 2:342:51 etc.) യേശു ദൈവമാണെങ്കില്‍ യേശുവിന്റെ മാതാവായ മറിയം ദൈവമാതാവ് തന്നെയാണെന്നു ആദ്യം നാം മനസ്സിലാക്കണം. മറിയം ദൈവമാതാവ് അല്ലെങ്കില്‍ യേശുവിന്റെ ദൈവത്വത്തെ നിഷേധിക്കുകയാണ്. സാമാന്യ യുക്തിയാല്‍ ഇക്കാര്യം മനസ്സിലാക്കാം.

ബൈബിള്‍ പഠിപ്പിക്കുന്നത്‌

“എലീശബെത്ത് പരിശുദ്ധാത്മാവു നിറഞ്ഞവളായി, ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതു: സ്ത്രീകളില്‍ നീ അനുഗ്രഹിക്കപ്പെട്ടവള്‍; നിന്റെ ഗര്‍ഭ ഫലവും അനുഗ്രഹിക്കപ്പെട്ടതു: എന്റെ കര്‍ത്താവിന്റെ മാതാവു എന്റെ അടുക്കല്‍ വരുന്ന മാനം എനിക്കു എവിടെ നിന്നു ഉണ്ടായി.” (ലൂക്കോ 1 : 41 – 43 )

എലിസബത്ത് പരിശുധാത്മാവില്‍ നിറഞ്ഞു മറിയമിനെക്കുരിച്ചു പറയുന്നു “കര്‍ത്താവിന്റെ മാതാവ്” എന്ന്. മൂല ഭാഷയായ ഗ്രീക്കില്‍ കര്‍ത്താവ്‌ (തമ്പുരാന്‍) എന്നതിനുള്ള പദം “kyrios” (കൂറിയോസ്) എന്നതാണ്. ഈ kyrios എന്ന പദം തന്നെ ആണ്  പഴയനിയമ ഗ്രീക്ക് പരിഭാഷയില്‍ (Septuagint)  “യഹോവ” (YHWH) എന്ന ദൈവനാമത്തെ പരിഭാഷപ്പെടുത്താന്‍ ഉപയോഗിക്കുന്നത്. പുതിയ നിയമകര്‍ത്താക്കള്‍ പഴയനിയമത്തില്‍ നിന്ന് ഉദ്ധരിക്കുമ്പോള്‍ ‘യഹോവ’ എന്ന ദൈവനാമത്തിനു പകരം ഉപയോഗിക്കുന്നത് ഇതേ ‘കൂറിയോസ്’ (കര്‍ത്താവ്) എന്ന പദമാണ്. അങ്ങനെയെങ്കില്‍ “കര്‍ത്താവിന്റെ അമ്മ” എന്ന് പരിശുദ്ധാത്മാവ്  വിശേഷിപ്പിക്കുക വഴി “യഹോവയുടെ മാതാവ്” അഥവാ “ദൈവമാതാവ്” എന്ന് തന്നെ ആണ് പ്രഘോഷിക്കുന്നത്. ആദിമ സഭയുടെ അടിസ്ഥാനവിശ്വാസത്തെ ആണ് ഇത് വിളിച്ചോതുന്നത്‌.

നെസ്തോറും എഫേസൂസ് സുന്നഹദോസും

ഇനി യേശുവിന്റെ മനുഷ്യത്വത്തിന് മാത്രമേ മറിയം മാതാവായി തീര്‍ന്നുള്ളൂ എന്ന നവീനസഹോദരങ്ങളുടെ വാദം കണക്കിലെടുക്കാം. ഇങ്ങനെ ഒരു വാദഗതി ‘നെസ്തോര്‍’ എന്നൊരാള്‍ അഞ്ചാം നൂറ്റാണ്ടില്‍ ഉയര്‍ത്തി. നെസ്തോര്‍ പറഞ്ഞത് ക്രിസ്തുവില്‍ രണ്ടു വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നു: വചനം (Logos)എന്ന ദൈവത്വവും  യേശു എന്ന മനുഷ്യത്വവും. അതുകൊണ്ട് മറിയം ഉദരത്തില്‍ കൈക്കൊണ്ടത് മനുഷ്യനായ യേശുവിനെ ആണ്. മറിയം മാതാവായി തീര്‍ന്നത് അവതാരം ചെയ്ത ക്രിസ്തുവിന് ആണ്, ആരംഭമില്ലാത്ത വചനത്തിന് അല്ല. ‘വചനം’ ക്രിസ്തുവില്‍ പാപം ചെയ്ത മനുഷ്യാത്മാവിന്റെ ഭാഗത്തു കുടിയേറി. അയാള്‍ പറഞ്ഞത് മറിയത്തെ ‘ക്രിസ്തുവിന്റെ മാതാവ്’ (Christotokos) എന്ന് പറയാം; ദൈവമാതാവ് (Theotokos) എന്ന് പറയാന്‍ സാധിക്കില്ല എന്നായിരുന്നു. ഏതാണ്ട് ഇതേ വിശ്വാസമാണ് ഇന്നത്തെ പല നവീന സഹോദരങ്ങളും കൈക്കൊണ്ടിരിക്കുന്നത്.

ഇതിനെതിരെ എഫെസൂസില്‍ കൂടിയ സുന്നഹദോസ് (AD 431) നെസ്തോറിയന്‍ വിശ്വാസത്തെ വേദവിപരീതമായി പ്രഖ്യാപിച്ചു. നെസ്തോറിയന്‍ വിശ്വാസം അനുസരിച്ച് ക്രിസ്തുവില്‍ രണ്ടു വ്യക്തിത്വങ്ങള്‍ ഉണ്ട് എന്നുള്ളത് അപ്പോസ്തോലിക വിശ്വാസം അല്ല. ക്രിസ്തുവില്‍ ഒരു വ്യക്തിത്വമേ ഉള്ളൂ. ആ ക്രിസ്തു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആകുന്നു. അതുകൊണ്ട് തന്നെ പൂര്‍ണ ദൈവത്തെ പ്രസവിച്ച  മറിയത്തെ ദൈവമാതാവ് (Theotokos) എന്ന് തന്നെയാണ് വിളിക്കേണ്ടത് എന്ന് സുന്നഹദോസ് വ്യക്തമായ തെളിവുകളോടെ പഠിപ്പിച്ചു.

നവീന സഹോദരങ്ങളുടെ തെറ്റിധാരണകളും അതിനുള്ള നിവാരണവും

പൌരസ്ത്യര്‍ ക്രിസ്തുവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്: “ആദിയില്‍ മാതാവില്ലാതെ പിതാവില്‍ നിന്ന് ജനിക്കുകയും കാലത്തികവില്‍ ശാരീരിക പിതാവില്ലാതെ മാതാവില്‍ നിന്ന് ജനിക്കുകയും ചെയ്തവന്‍” (വിശുദ്ധ കുര്‍ബാന തക്സാ – പ്രുമിയോന്‍). സഭാപിതാവായ അത്താനാസിയോസ് ഇത് കുറച്ചു കൂടി വ്യക്തമാക്കുന്നുണ്ട്: “വചനം ഉയരത്തില്‍ പിതാവില്‍ നിന്ന്  അവാച്യമായും വ്യാഖ്യാനാതീതമായും ദുര്‍ഹ്രഹമായും നിത്യമായും ജനിച്ചു. ആ വചനം തന്നെ കാലത്തികവില്‍ ഇവിടെ ഇങ്ങു താഴെ ദൈവമാതാവായ മറിയാമില്‍ നിന്നും ജനിച്ചു”. ഇത് വായിക്കുമ്പോള്‍ ഒരുപക്ഷെ കാര്യങ്ങള്‍ വ്യക്തമാകും.

പുത്രനായ വചനം ആദിയില്‍ പിതാവില്‍ നിന്ന് ജനിച്ചു എന്നത് സത്യം തന്നെ. എന്നാല്‍ കാലത്തികവില്‍ അവന്‍ ശരീരം സ്വീകരിക്കുമ്പോള്‍ ആ മുഴുവന്‍ ജഡവും (flesh) തന്റെ മാതാവില്‍ നിന്നാണ്; കാരണം അവനു ശാരീരിക പിതാവില്ലായിരുന്നു. അവന്‍ പീഡ ഏറ്റതും സ്വര്‍ഗാരോഹണം ചെയ്തതുമായ ശരീരം പൂര്‍ണമായും സ്വീകരിച്ചത് തന്റെ മാതാവില്‍ നിന്നാണ്. “യേശു ജഡത്തില്‍ മനുഷ്യന്‍, ആത്മാവില്‍ ദൈവം” എന്നല്ല സത്യവിശ്വാസം. അത് നെസ്തോറിയന്‍ വേദവിപരീതത്തോടും ‘ദൈവമായ വചനം മനുഷ്യനായ യേശുവില്‍ ഇറങ്ങി വസിച്ചു’ എന്ന Adoptionism എന്ന വേദവിപരീതത്തോടും അടുത്ത് നില്കുന്നു. അവന്‍ ജഡത്തിലും ആത്മാവിലും പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനും ആണ് എന്നതാണ് സത്യവിശ്വാസം. അതായത് അവന്റെ ജഡത്തിലും ദൈവത്വം ഉണ്ട് ആത്മാവില്‍ മനുഷ്യത്വവും ഉണ്ട്. യേശു ക്രിസ്തു പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ ഒരു വ്യക്തിയാണ്. അവന്റെ ദൈവത്വം ഇന്ന ഭാഗം, മനുഷ്യത്വം ഇന്ന ഭാഗം എന്ന് തിരിച്ചു കൂടാ. അതുകൊണ്ട്, ദൈവമായ ക്രിസ്തു തന്റെ ദൈവത്വമുള്ള ശരീരം ആരില്‍ നിന്ന് സ്വീകരിച്ചുവോ അവള്‍ ദൈവമാതാവു തന്നെയാണ് എന്ന് വ്യക്തം.

നവീന  സഹോദരങ്ങള്‍ തെറ്റിധരിക്കുന്നതു പോലെ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുമ്പോള്‍ അവള്‍ നിത്യതയില്‍ ദൈവമാതാവാണ് എന്ന അര്‍ഥത്തില്‍ അല്ല, കാലത്തികവില്‍ ദൈവമാതാവാണ് എന്നേ ഞങ്ങള്‍ അര്‍ഥം കൊടുക്കുന്നുള്ളൂ. അതുകൊണ്ട് ദൈവമാതാവാണ് എന്ന് വിശേഷിപ്പിക്കുക വഴി ദൈവത്തെക്കാള്‍ ഉപരിയായോ ദൈവത്തെക്കാള്‍ മുന്നെയോ ഒന്നും മാതാവിനെ ഞങ്ങള്‍ പ്രതിഷ്ഠിക്കുന്നില്ല. തന്നെക്കാള്‍ മുതിര്‍ന്നവനെ ആണ് മറിയാം പ്രസവിച്ചത് എന്ന വിശ്വാസം ഓര്‍ത്തോഡോക്സ് ആരാധനാക്രമങ്ങളില്‍, പ്രത്യേകിച്ച് ജനനപ്പെരുന്നാളിന്റെ നമസ്കാരത്തില്‍, ധാരാളം കാണാം.

മറിയാമിനെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുന്നവര്‍ ക്രിസ്തുവിന്റെ ദൈവത്വത്തെ ഏറ്റുപറയുന്നു. മറിയാമിനെ ദൈവമാതാവ് എന്ന് വിളിക്കുന്നത്‌ നിഷേധിക്കുന്നവര്‍ പരോക്ഷമായെങ്കിലും അവന്റെ ദൈവത്വത്തെ നിഷേധിക്കുന്നു.

സഭാപിതാക്കന്മാരുടെ വാക്കുകള്‍

ആദിമ സഭയുടെ വിശ്വാസം അറിയാന്‍ സഭാപിതാക്കന്മാരുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ മതി. റോമന്‍ വിശ്വാസത്തിലെ അമ്മദൈവ സങ്കല്‍പ്പത്തില്‍ നിന്നാണ് ‘ദൈവമാതാവ്’ എന്ന വിശ്വാസം ക്രിസ്തവതയില്‍ കടന്നു വന്നത് എന്ന മന:പൂര്‍വ്വം സൃഷ്ടിക്കപ്പെട്ട വ്യാജപ്രസ്താവന വിശ്വസിക്കുന്നവര്‍ക്കുള്ള മറുപടിയും ഇതില്‍ ഉണ്ട്. റോമിന് പുറത്തുള്ളവരും റോമരാജ്യത്തില്‍ ക്രിസ്തീയത ഔദ്യോഗിക മതം ആകുന്നതിനു (AD 380) മുന്‍പുള്ളവരുമായ പിതാക്കന്മാരുടെ വാക്കുകളും ഇതില്‍ ഉണ്ട്. ഏതാനും ചിലരുടെ വാക്കുകള്‍ മാത്രം ഉദ്ധരിക്കുന്നു.

ഐറേനിയസ് [A.D. 189]

“കന്യകയായ മറിയം ദൈവത്തിന്റെ വാക്കുകളോട് അനുസരണം കാണിച്ചതിനാല്‍ താന്‍ ദൈവത്തെ ഉദരത്തില്‍ വഹിക്കും എന്ന സുവാര്‍ത്ത  മാലാഖയില്‍ നിന്ന് കേള്‍ക്കുവാന്‍ ഇടയായിത്തീര്‍ന്നു” (Against Heresies, 5:19:1).

ഹിപ്പോളിറ്റസ് [A.D. 217]

അതുകൊണ്ട് അവര്‍ (പ്രവാചകര്‍) ദൈവം ഈ ലോകത്തിലേക്ക് ജഡം ധരിച്ച് വരുന്നതിനെയും മുന്‍കൂട്ടി പ്രസ്താവിച്ചു, നിര്‍മലയും ദൈവമാതാവുമായ മറിയത്തിലൂടെയുള്ള അവന്റെ ജനനവും വളര്‍ച്ചയും… ” (Discourse on the End of the World 1 ).

നിയോസിസറിയായിലെ അത്ഭുതപ്രവര്‍ത്തകനായ ഗ്രീഗോറിയോസ് [A.D. 262]

“വഴിപാടുകള്‍ പോലെ തന്നെ പെരുന്നാളുകളും കീര്‍ത്തന ആഘോഷങ്ങളും ദൈവത്തിനു സമര്‍പ്പിക്കേണ്ടത്‌ നമ്മുടെ കടമയാണ്. അതില്‍ ഒന്നാമത്തേത് ആണ് മാലാഖ ‘കൃപനിറഞ്ഞവളെ നിനക്ക് സമാധാനം’ എന്ന് അഭിസംബോധന ചെയ്ത ദൈവമാതാവായ മറിയാമിന്റെ അറിയിപ്പ് പെരുന്നാള്‍” (Four Homilies 1)

അലെക്സാന്ത്രിയായിലെ പത്രോസ് [A.D. 324]

മരിച്ചവരുടെ ഉയിര്‍പ്പിലും ഞങ്ങള്‍ വിശ്വസിക്കുന്നു. അതില്‍ ക്രിസ്തു ആദ്യഫലം. അവന്‍ ശരീരം സ്വീകരിച്ചത് കാഴ്ചയില്‍ മാത്രമല്ല, പ്രത്യുത യഥാര്‍ത്ഥമായും അത് ദൈവമാതാവായ മറിയാമില്‍ നിന്നാണ് (Letter to All Non-Egyptian Bishops 12).

അലെക്സാന്ത്രിയായിലെ അത്താനാസിയോസ് [A.D. 365]

“വചനം ഉയരത്തില്‍ പിതാവില്‍ നിന്ന്  അവാച്യമായും വ്യാഖ്യാനാതീതമായും ദുര്‍ഹ്രഹമായും നിത്യമായും ജനിച്ചു. ആ വചനം തന്നെ കാലത്തികവില്‍ ഇവിടെ ഇങ്ങു താഴെ ദൈവമാതാവായ മറിയാമില്‍ നിന്നും ജനിച്ചു ” (The Incarnation of the Word of God 8)

നാസിയാന്‍സിലെ ഗ്രീഗോറിയോസ്  [A.D. 382]

“ആരെങ്കിലും മറിയത്തെ ദൈവമാതാവ് എന്ന് അംഗീകരിച്ചില്ലെങ്കില്‍ അയാള്‍ ദൈവത്തില്‍നിന്ന് ഇതരനാണ്” (Letter to Cledonius the Priest 101 )

പ്രോട്ടെസ്റ്റന്റ് നേതാക്കളുടെ വാക്കുകള്‍


ആദിമ protestant നേതാക്കളും മറിയം ദൈവമാതാവാണ് എന്നത് നിഷേധിച്ചില്ല എന്നതാണ് രസകരമായ സംഗതി. വിസ്താരഭയത്താല്‍ ഏതാനും ചിലരുടെ ഏതാനും ചില വാക്കുകള്‍ മാത്രം ചൂണ്ടി കാട്ടുന്നു.

മാര്‍ട്ടിന്‍ ലൂതര്‍

A new lie about me is being circulated. I am supposed to have preached and written that Mary, the mother of God, was not a virgin either before or after the birth of Christ, but that she conceived Christ through Joseph, and had more children after that. (That Jesus Christ Was Born a Jew, 1523, Luther’s Works [LW], Vol. 45, 199)

[S]he is rightly called not only the mother of the man, but also the Mother of God. . . . it is certain that Mary is the Mother of the real and true God. (Sermon on John 14:16, 1539, LW, Vol. XXIV, 107)

ഹെന്റിച്ച് ബുള്ളിന്ഗര്‍

“The Virgin Mary . . . completely sanctified by the grace and blood of her only Son and abundantly endowed by the gift of the Holy Spirit and preferred to all . . . now lives happily with Christ in heaven and is called and remains ever-Virgin and Mother of God.” (from: Hilda Graef, Mary: A History of Doctrine and Devotion, combined edition of volumes 1 and 2, London: Sheed & Ward, 1965, vol. 2: 14-15)

 ജോണ്‍ കാല്‍വിന്‍

“She [Elizabeth] calls Mary the mother of her Lord This denotes a unity of person in the two natures of Christ; as if she had said, that he who was begotten a mortal man in the womb of Mary is, at the same time, the eternal God.” (Harmony of the Synoptic Gospels, comment under Luke 1:43; Calvini Opera, Corpus Reformatorum, Braunschweig-Berlin, 1863-1900, vol. 45, 35)

ഉപസംഹാരം

ക്രിസ്തീയ മൌലീകവാദികള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് പോലെ മറിയത്തെ ദൈവമാതാവ് എന്ന് വിശേഷിപ്പിക്കുക വഴി നിത്യതയില്‍ ദൈവത്തിന്റെ മാതാവാണ് എന്നോ ദൈവത്തെക്കാള്‍ ഉപരി ആണെന്നോ ഒന്നും അപ്പോസ്തോലിക സഭ വിശ്വസിക്കുന്നില്ല. ക്രിസ്തു എന്ന പൂര്‍ണ ദൈവവും പൂര്‍ണ മനുഷ്യനുമായ ഒരു വ്യക്തി മരിയാമില്‍ നിന്ന് ജനിച്ചതുകൊണ്ടു കാലത്തികവില്‍ അവള്‍ ദൈവമാതാവ് തന്നെയാണ്. അത് തന്നെ ആദിമ സഭാപിതാക്കന്മാരും പ്രോട്ടെസ്റ്റന്റ് നേതാക്കന്മാര്‍ പോലും പഠിപ്പിക്കുന്നു. മറിയത്തെ ദൈവമാതാവ് എന്ന് വിളിക്കുമ്പോള്‍ യേശുവിന്റെ ദൈവത്വത്തെ ഏറ്റു പറയുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്. തെറ്റിധാരണകള്‍ എല്ലാം മാറ്റി സത്യത്തെ മനനം ചെയ്ത് മറിയത്തെ ദൈവമാതാവ് എന്ന് അംഗീകരിക്കാന്‍ നവീന സഹോദരങ്ങളെ ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു.