സനാതനധര്‍മം അഥവാ ഹിന്ദുമതം (Hinduism)

ലോകമതങ്ങളില്‍ വച്ച് ഏറ്റവും സങ്കീര്‍ണവും അദ്വിതീയവുമാണ് ഹിന്ദുമതം. മറ്റു മതങ്ങള്‍ക്ക് ഉള്ളതുപോലെ ഒരു സ്ഥാപകനെയോ തുടക്കമോ ചൂണ്ടിക്കാട്ടാന്‍ ആകില്ല. ഹൈന്ദവര്‍ തങ്ങളുടെ മതത്തെ നിത്യമായ മതം എന്ന അര്‍ഥത്തില്‍ ‘സനാതനധര്‍മം’ എന്ന് വിളിക്കാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ വിശ്വാസികള്‍ക്കും സ്വീകാര്യമായ വിധത്തില്‍ ഒരു ഏകീകൃത വിശ്വാസപ്രമാണമോ ഗ്രന്ഥമോ ഈ മതത്തിന് ഇല്ല. അനേക മതങ്ങളുടെ ഒരു സഖ്യം ആണ് യഥാര്‍ത്ഥത്തില്‍ ഹിന്ദുമതം. പരസ്പര വിരുദ്ധങ്ങളായ വിശ്വാസാചാരങ്ങള്‍ ഇതിലുണ്ട്. ബഹുദേവതാവാദം, ഏകദൈവവിശ്വാസം, സര്‍വ്വംദൈവംവാദം മുതലായവയ്ക്കെല്ലാം ഹിന്ദുമതത്തില്‍ സ്ഥാനമുണ്ട്. നിരീശ്വരവാദം പോലും ഹിന്ദുമതത്തിനു ഇതരമല്ല. ഹിന്ദുമതത്തിന്റെ ഈ വൈവിധ്യതയും സങ്കീര്‍ണതയും കൊണ്ട് ഇതിനെ പൂര്‍ണമായി മനസിലാക്കുക അത്ര എളുപ്പമല്ല. ക്രിസ്തവതയും ഇസ്ലാമും കഴിഞ്ഞാല്‍ ഏറ്റവും അധികം ആളുകള്‍ വിശ്വസിക്കുന്നതും ഹിന്ദുമതത്തില്‍ ആണ്.

ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ‘ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്.  ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘സപ്തസിന്ധു’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന ‘അൽ- ഹിന്ദ്’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്.

വിശുദ്ധ ഗ്രന്ഥങ്ങള്‍

ഹിന്ദുമതഗ്രന്ഥങ്ങളെ പൊതുവായി ശ്രുതി എന്നും സ്മൃതി എന്നും രണ്ടു ഗണങ്ങളായി തിരിക്കാം. ശ്രുതി എന്നാല്‍ കേള്‍ക്കപ്പെട്ടത്‌ എന്നാണ് അര്‍ഥം. ശ്രുതി മാനുഷീകമല്ല. ഇത് ഋഷിമാര്‍ കേട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കര്‍താര:] ശ്രുതി വിഭാഗത്തില്‍ ഉള്ള ഗ്രന്ഥങ്ങള്‍ക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങള്‍ ആണ് ശ്രുതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഋക്, യജു:, സാമം, അഥര്‍വം എന്നിവയാണ് വേദങ്ങള്‍. ഓരോ വേദത്തിനും നാല് ഭാഗങ്ങളുണ്ട്: സംഹിത, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുകള്‍.

സ്മൃതി എന്നതിന് ഓര്‍മിക്കപ്പെടുന്നത് എന്നര്‍ത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തില്‍ ശ്രുതിയും സ്മൃതിയും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തില്‍ പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയില്‍ പെടും. ഇവയില്‍ പ്രധാനം വേദാംഗങ്ങള്‍, ധര്‍മശാസ്ത്രങ്ങള്‍, ഇതിഹാസങ്ങള്‍, പുരാണങ്ങള്‍, ആഗമങ്ങള്‍, ദര്‍ശ‍നങ്ങള്‍ എന്നിവയാണ്.

വേദങ്ങള്‍

വേദങ്ങളെ തരം തിരിച്ചത് വ്യാസമഹര്‍ഷി ആണ്. നാലു വേദങ്ങളില്‍ ഏറ്റവും പ്രാചീനവും പ്രധാനവും ആണ് ഋഗ്വേദം. ഋഗ്വേദസംഹിത എന്നത് വിവിധ ദേവതകളെ സ്തുതിച്ചുകൊണ്ടുള്ള സൂക്തങ്ങളുടെ സമാഹാരമാണ്. ഋഗ്വേദസംഹിതയില്‍ 1017 സൂക്തങ്ങളും പതിനായിരത്തോളം ശ്ലോകങ്ങളും ഉണ്ട്. ഇവയെല്ലാം 10 മണ്ഡലങ്ങളായി വിഭജിച്ചിരിക്കുന്നു. പല നൂറ്റാണ്ടുകള്‍ കൊണ്ട് പല ഋഷിമാരാല്‍ വിരചിതമാണ് ഈ സൂക്തങ്ങള്‍. അഗ്നി, ഉഷസ്സ്, സൂര്യന്‍, സോമന്‍, ഇന്ദ്രന്‍, രുദ്രന്‍, വരുണന്‍ എന്നിവരാണ് പ്രധാന ദേവതകള്‍. ഒരു ദേവതയെ വര്‍ണിക്കുമ്പോള്‍ ആ സമയം മറ്റു ദേവതകളെ എല്ലാം മറന്ന് ആ ദേവന്‍ മാത്രമാണ് സര്‍വേശ്വരന്‍ എന്ന് സങ്കല്പ്പിക്കുന്ന രീതിയാണ് ഋഗ്വേദത്തില്‍ എന്ന് മാക്സ് മുള്ളര്‍ തന്റെ ഹെനോതീയിസം (Henotheism) എന്ന സിദ്ധാന്തത്തില്‍ അവകാശപ്പെടുന്നു. എങ്കിലും ഒരു വരിയില്‍ ഒരു ദേവന്‍ സര്വേശ്വരനായി സ്തുതിക്കപ്പെടുമ്പോള്‍ തന്നെ അടുത്ത വരിയില്‍ മറ്റൊരു ദേവനെ സ്തുതിക്കുന്ന ശ്ലോകങ്ങളും ഋഗ്വേദത്തില്‍ ഉണ്ട്. എകേശ്വരവാദത്തിലേക്ക് (Monotheism) തിരിയുന്ന സൂക്തങ്ങളും കുറവല്ല. ചിലേടത്ത് വിശ്വകര്‍മാവും, വേറെ ചിലേടത്ത് പ്രജാപതിയും മറ്റു ചില ഇടങ്ങളില്‍ ഹിരണ്യഗര്‍ഭനും ഈ ഏകദൈവസ്ഥാനം വഹിക്കുന്നു. ഉപനിഷത്തുകളില്‍ കാണുന്ന അദ്വൈതദര്‍ശനങ്ങളിലേക്ക് കൊണ്ടുപോകുന്ന ശ്ലോകങ്ങളും കുറവല്ല. യാഗങ്ങള്‍ ആണ് പ്രധാന ആരാധനാ സമ്പ്രദായം. പുനര്‍ജന്മ സിധാന്തത്തില്‍ വിശ്വസിച്ചിരുന്നതായി വ്യക്തമായ തെളിവുകള്‍ ഇല്ല. മൃഗങ്ങളെ യാഗം കഴിച്ചിരുന്ന ഇവര്‍ മാംസം ഭക്ഷിച്ചിരുന്നു. തപസ്സിനും മറ്റും പ്രാധാന്യം ഇല്ലായിരുന്നു. ജീവിതത്തിലെ നന്മ ആവോളം ആസ്വദിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു.

യജുര്‍വേദം എല്ലാ യജ്ഞങ്ങളിലും ഉപയോഗിക്കാന്‍ ഉള്ളതാണ്. കുറെ ഋഗ്വേദ മന്ത്രങ്ങള്‍ യജുര്‍വേദത്തില്‍ ഉണ്ടെങ്കിലും ഒരു സ്വതന്ത്ര കൃതിയായി ഗണിക്കപ്പെടുന്നു. യജുര്‍വേദത്തില്‍ രണ്ടു സമാഹാരങ്ങള്‍ ഉണ്ട് : കൃഷ്ണയജുര്‍വേദവും ശുക്ലയജുര്‍വേദവും. കൃഷ്ണ (കറുത്ത) യജുര്‍വേദത്തില്‍ പുരോഹിതന്‍ ഉരുവിടേണ്ട മന്ത്രങ്ങളോടൊപ്പം ചില നിര്‍ദേേശങ്ങളും ബ്രാഹ്മനങ്ങളും ഒക്കെ കൂടി കുഴഞ്ഞു കിടക്കുന്നു. ശുക്ല (വെളുത്ത) യജുര്‍വേദത്തില്‍ മന്ത്രങ്ങള്‍ മാത്രമേ ഉള്ളൂ.

യജ്ഞസമയത്ത് ഈണത്തില്‍ പാടുവാനുള്ള പാട്ട്പുസ്തകമാണ് സാമവേദസംഹിത. പൊതുവേ ഋഗ്വേദത്തിലെ ചില മന്ത്രങ്ങളുടെ ആവര്‍ത്തനം മാത്രമാണ് അത്. യജുര്‍വേദം പോലെ തന്നെ ബാഹ്യചടങ്ങുകള്‍ക്ക് പ്രാധാന്യം നല്കിയുള്ള ഒന്നാണ് സാമവേദവും.

ഈ മൂന്നു വേദങ്ങളെക്കാള്‍ ഭിന്നമായ ആശയമാണ് അഥര്‍വവേദത്തില്‍ ഉള്ളത്. അഥര്‍വമതവിശ്വാസങ്ങളില്‍ പലതും ഋഗ്വേദമതത്തെക്കാള്‍ പഴയതാണ് എന്ന് പറയപ്പെടുന്നു. മാന്ത്രികവിദ്യ, ആഭിചാരം, ക്ഷുദ്രം മുതലായവയാണ് പ്രതിപാദ്യ വിഷയം. ദുര്‍മാന്ത്രവാദവും സന്മന്ത്രവാദവും ഇതില്‍ ഉണ്ട്. ഏകദൈവ വിശ്വാസവും ചില ഇടങ്ങളില്‍ കാണാം. ബ്രഹ്മം എന്ന് പരമതത്വത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നു.

ബ്രാഹ്മണങ്ങള്‍

വേദങ്ങളുടെ ആദ്യ ഭാഗം സംഹിതയാണെങ്കില്‍ രണ്ടാം ഭാഗമാണ് ബ്രാഹ്മണങ്ങള്‍. യജ്ഞക്രിയകളുടെ വിശദാംശങ്ങള്‍ ആണ് ഇതില്‍. ഓരോ വേദസംഹിതയ്ക്കും ഒന്നോ അതിലധികമോ ബ്രാഹ്മണങ്ങള്‍ ഉണ്ട്. ഋഗ്വേദത്തിന് ഐതരേയം, കൌഷീതകി എന്നിവയും; കൃഷ്ണയജുര്‍വേദത്തിനു പഞ്ചവിംശം; ശുക്ലയജുര്‍വേദത്തിനു ഷഡ്വിംശം; ഗോപഥം അഥര്‍വവേദത്തിന്റെയും ബ്രാഹ്മണങ്ങള്‍ ആണ്. യജ്ഞത്തിന്റെ മാന്ത്രിക സിദ്ധികള്‍ വിവരിക്കുന്നു. യാഗകര്‍മങ്ങള്‍ കൊണ്ട് ദേവന്മാരെപോലും വിധേയരാക്കാം എന്നുള്ള ആശയങ്ങള്‍ കടന്നു വരുന്നു.

ആരണ്യകങ്ങള്‍

ബ്രാഹ്മണങ്ങളുടെ അനുബന്ധമെന്നവണ്ണം ഉള്ള ഭാഗങ്ങള്‍ ആണ് ആരണ്യകങ്ങള്‍. ഉള്ളടക്കം ബ്രാഹ്മണങ്ങളില്‍ നിന്ന് വിഭിന്നമാണ്. യജ്ഞങ്ങളുടെ ബാഹ്യകര്‍മങ്ങളെക്കാള്‍ ഉപാസനയ്ക്കാണ് പ്രാധാന്യം.

ഉപനിഷത്തുകള്‍

ആരണ്യകങ്ങളുടെ അവസാന ഭാഗങ്ങളാണ് ഉപനിഷത്തുകള്‍. രഹസ്യ ഉപദേശം എന്നാണു വാക്കിന്റെ അര്‍ഥം. വേദങ്ങളുടെ അവസാന ഭാഗങ്ങള്‍ ആയതുകൊണ്ട് ഉപനിഷത്തുകളെ വേദാന്തം എന്നും വിളിക്കും. നൂറ്റിയെട്ട് ഉപനിഷത്തുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ഇവയില്‍ പ്രധാനം ആയവ ശങ്കരാചാര്യര്‍ ഭാഷ്യമെഴുതിയ ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡഊക്യം, തൈത്തിരീയം, ഐതരേയം മുതലായവയാണ്. പരമസത്യമായ ബ്രഹ്മം ആണ് പ്രതിപാദ്യ വിഷയം. ബ്രഹ്മത്തിന്റെ പര്യായപദം ആണ് ‘ആത്മന്‍’. മനുഷ്യനിലെ അന്ത:സത്തയാണ് ഈ ആത്മന്‍ (ആത്മാവ്). മനുഷ്യനിലെ തത്ത്വവും ബ്രഹ്മവും രണ്ടല്ല, ഒന്നുതന്നെ. ‘അഹം ബ്രഹ്മാസ്മി’ (ഞാന്‍ തന്നെ ബ്രഹ്മം), ‘തത്വമസി’ (നീയും ആ ബ്രഹ്മം തന്നെ) എന്നീ വാക്യങ്ങള്‍ ആണ് ഉപനിഷത്തുകളുടെ സൂത്രവാക്യം. ബ്രഹ്മം പൂര്‍ണമാണ്. എന്നാല്‍ ബ്രഹ്മത്തെ ലോകത്തിന്റെ സ്രഷ്ടാവ്, സംരക്ഷകന്‍, സംഹാരകന്‍ എന്നൊന്നും പറഞ്ഞുകൂടാ. യഥാര്‍ത്ഥ സത്തയെ നമ്മില്‍ നിന്ന് മറയ്ക്കുന്നതാണ് ‘മായ’. വാസ്തവത്തില്‍ ബ്രഹ്മം എന്നതല്ലാതെ പ്രപഞ്ചത്തില്‍ മറ്റൊരു സത്തയില്ല. പുനര്‍ജന്മ സിദ്ധാന്തമാണ്‌ ഉപനിഷത്തുകളുടെ മറ്റൊരു പ്രധാന ഉപദേശം. മരണശേഷം ഏതൊരു ജീവിയുടെയും ആത്മാവ് ഈ ലോകത്തില്‍ ശരീരത്തോട് കൂടി വീണ്ടും ജനിക്കും. ഈ ജനനമരണ ചക്രമാണ് ‘സംസാരം’. സത്കര്‍മ‌ങ്ങളും ദുഷ്കര്‍മങ്ങളും ഒരുപോലെ പുനര്‍ജന്മത്തിന് ഹേതുവാണ്; യഥാക്രമം ശ്രേഷ്ഠജന്മത്തിനും നീചജന്മത്തിനും. ഒരാള്‍ അനുഭവിക്കുന്ന ദുഃഖങ്ങള്ക്കും വേദനകള്‍ക്കും കാരണം അവനവന്‍ തന്നെയാണ്. ഈ ജനിമൃതികളില്‍ നിന്ന് മോചനം നേടാന്‍ ബ്രഹ്മത്തെ അറിയണം (ജ്ഞാനം). അറിഞ്ഞാല്‍ ജീവാത്മാവ് പരമാത്മാവില്‍ വിലയം പ്രാപിക്കുകയും (മോക്ഷം) ചെയ്യും.

ഇതിഹാസങ്ങള്‍

വേദങ്ങളുടെ കര്‍ത്താക്കളായ ആര്യന്മാര്‍ മറ്റു ജനവിഭാഗങ്ങളുമായി ക്രമേണ സമ്പര്‍ക്കത്തില്‍ ആയി. വേദങ്ങളിലെ ആഴമേറിയ തത്വജ്ഞാനങ്ങള്‍ ഒന്നും സാമാന്യ ജനത്തിന്റെ ആത്മീയ തൃഷ്ണയെ തൃപ്തിപ്പെടുത്താന്‍ പറ്റിയില്ല. മാത്രവുമല്ല, വിവിധ ജന-ഗോത്ര വിഭാഗങ്ങളുടെ ഇടയില്‍ വിവിധങ്ങളായ ആരാധനാ മൂര്‍ത്തികള്‍ ഉണ്ടായിരുന്നു. പരമോന്നത ദേവനായി ആരെ ആരാധിക്കുന്നു എന്നതിന് അനുസരിച്ച് വൈഷ്ണവ മതം, ശൈവമതം, ശാക്തമതം എന്നീ സമ്പ്രദായങ്ങള്‍ അക്കാലത്ത് നിലവില്‍ വന്നു. ഇവര്‍ തമ്മില്‍ സ്പര്‍ദ്ധയും സാധാരണമായിരുന്നു. അവയെ എല്ലാം ഏകീകരിച്ചുകൊണ്ട് പതിയെ ആര്യമതം പരിവര്‍ത്തനത്തിനു വിധേയമായി. അങ്ങനെ രൂപം കൊണ്ടതാണ് ഇതിഹാസങ്ങളും പുരാണങ്ങളും. മഹാഭാരതവും രാമായണവും ആണ് പ്രധാന ഇതിഹാസങ്ങള്‍. ത്രിമൂര്‍ത്തി സിദ്ധാന്തം ഇതിഹാസങ്ങളില്‍ ആണ് ഉടലെടുക്കുന്നത്. ശൈവ-വൈഷ്ണവ മതങ്ങള്‍ തമ്മിലുള്ള ആശയസംഘടനങ്ങളെ ത്രിമൂര്‍ത്തീസിദ്ധാന്തം പരിഹരിച്ചു. ബ്രഹ്മാവ്‌ സ്രഷ്ടാവും, വിഷ്ണു പരിപാലകനും, ശിവന്‍ സംഹാരകനും ആയി വെളിപ്പെടുന്നു. രാമനും കൃഷ്ണനും വിഷ്ണുവിന്റെ അവതാരങ്ങള്‍ ആയി. വൈദീകമതത്തിലെ യാഗങ്ങളുടെ സ്ഥാനം ക്ഷേത്രങ്ങളും വിഗ്രഹങ്ങളും പൂജയും കൈയ്യടക്കി.

ഭഗവദ്ഗീത

ഇതിഹാസമായ മഹാഭാരതത്തിലെ ഒരു ഭാഗമാണ് ഭഗവദ്ഗീത. എങ്കിലും ഒരു സ്വതന്ത്രകൃതിയായി പരിഗണിക്കപ്പെടുന്നു. മഹാഭാരതയുദ്ധത്തില്‍ ശത്രുഭാഗത്ത് നില്ക്കു ന്ന ബന്ധുജനങ്ങളെ കണ്ടു തളരുന്ന അര്‍ജ്ജുനന് തേരാളിയായ ഭഗവാന്‍ കൃഷ്ണന്‍ കൊടുക്കുന്ന ഉപദേശ സമാഹാരമാണ് ഭഗവദ്ഗീത എന്ന രീതിയില്‍ അറിയപ്പെടുന്നത്. ഉപനിഷത്തുകള്‍ പശുക്കളും, കൃഷ്ണന്‍ കറവക്കാരനും ആണെങ്കില്‍ പാല്‍ ആണ് ഗീത എന്ന് പറയപ്പെടുന്നു. ഉപനിഷത്തുകളുടെയും അക്കാലത്ത് നിലവില്‍ ഉണ്ടായിരുന്ന പരസ്പര വിരുദ്ധമായ ചിന്താധാരകളെയും ഏകോപിപ്പിക്കാനുള്ള ശ്രമം ഗീതയില്‍ നടക്കുന്നുണ്ട്. നിര്‍ഗുഗണ ഈശ്വരവാദമായ അദ്വൈതവും സഗുണ ഈശ്വരവാദവും ഒരുപോലെ ചര്‍ച്ച ചെയ്യപ്പെടുന്നു. ബ്രഹ്മം തന്നെയാണ് കൃഷ്ണന്‍. മോക്ഷ പ്രാപ്തിക്കായി ഗീതയില്‍ നാല് മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെടുന്നു: കര്‍മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, ധ്യാനയോഗം എന്നിവയാണ് അവ. ഭിന്നവീക്ഷണങ്ങളില്‍ ഒന്നിനെയും തള്ളാതെ എല്ലാറ്റിനെയും ലക്ഷ്യപ്രാപ്തിക്കുള്ള മാര്‍ഗ്ഗമായി കാണാനുള്ള രീതി ഗീതയുടെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ഹിന്ദുക്കളില്‍ എല്ലാ വിഭാഗക്കാര്‍ക്കും ഗീത സ്വീകാര്യമായി തീര്‍ന്നു .

പുരാണങ്ങള്‍

ഇതിഹാസങ്ങളുടെ സ്വഭാവം ഉള്ളവയാണ് പുരാണങ്ങള്‍. അവ പതിനെട്ടെണ്ണം ഉണ്ട്. AD മൂന്നും ഏഴും നൂറ്റാണ്ടുകള്‍ക്കു ഇടയില്‍ വിരചിതമാണ് ഇവ. ആര്യമതം പൂര്‍ണമായി ഇന്നത്തെ ഹിന്ദുമതം ആയി പരിവര്‍ത്തനം ചെയ്യപ്പെടുന്ന കാലമാണ് പുരാണ കാലഘട്ടം. സാധാരണക്കാര്‍ക്ക് പൊതുവേ പുരാണങ്ങള്‍ സ്വീകാര്യമായി. ബ്രഹ്മാവ്‌, വിഷ്ണു, ശിവന്‍ മുതലായവരെയും അവതാരങ്ങളെയും പ്രകീര്‍തിക്കുന്നതാണ് പുരാണങ്ങള്‍.

പ്രധാന അവാന്തരവിഭാഗങ്ങള്‍

വൈഷ്ണവമതം

ഋഗ്വേദത്തില്‍ പൊതുവേ അപ്രധാനി ആയിരുന്ന വിഷ്ണു പിന്നീട് മുഖ്യസ്ഥാനം കൈക്കൊണ്ടു. ബ്രാഹ്മണങ്ങളില്‍ വിഷ്ണുവിന് പ്രാധാന്യമുണ്ട്. വൈഷ്ണവമതത്തിന് പ്രാധാന്യം കൈവരാന്‍ കാരണം ഭാഗവതമതസ്ഥാപകനായ ആര്യേതരനായ ശ്രീകൃഷ്ണന്‍ ആയിരുന്നു എന്ന് ഡോ. എസ്. രാധാകൃഷ്ണന്‍ പറയുന്നു. വൈഷ്ണവമതം വികാരതീവ്രമാണ്. അവതാരസിദ്ധാന്തം ഇതിന്റെ വിശ്വാസത്തിന്റെ ഭാഗമാണ്. വിഷ്ണുവിന് പൊതുവേ പത്ത് അവതാരങ്ങളുണ്ട് എന്ന് പറയപ്പെടുന്നു. പത്താമത്തെ അവതാരം ഇനി സംഭവിക്കാനുള്ള കല്ക്കിയാണ്. അവതാരങ്ങള്‍ പത്തേ ആകാവൂ എന്നില്ല. ഭാഗവതപുരാണം 24 അവതാരങ്ങളുടെ കണക്കു പറയുന്നുണ്ട്. ഇതര മതങ്ങളിലെ പുണ്യപുരുഷന്മാരെ എല്ലാം അവതാരങ്ങളായി ഗണിക്കാന്‍ ഹിന്ദുക്കള്‍ക്ക് ഒരു വിഷമവും ഇല്ല. ബുദ്ധനെയും ഗുരുനാനാക്കിനെയും ഒക്കെ അവതാരമായി കാണുന്നവരുണ്ട്. മൃഗാരാധകരെ പോലും സ്വീകരിച്ചതുകൊണ്ടാകണം മത്സ്യം, കൂര്‍മം, വരാഹം, മുതലായ അവതാരങ്ങള്‍ ഗണിക്കപ്പെട്ടത്‌. വിഷ്ണുവിനെ അല്ല, വിഷ്ണുവിന്റെ അവതാരങ്ങളില്‍ ഒരാളെ ആണ് വൈഷ്ണവ മതത്തില്‍ ഉള്ളവര്‍ സാധാരണ പൂജിക്കുന്നത്.

ശൈവമതം

ശിവനെ പരമോന്നത ദൈവമായി ആരാധിക്കുന്ന സമ്പ്രദായം. ആര്യവും ആര്യേതരവുമായ സംസ്കാരങ്ങളുടെ സമന്വയം ആണിത്. ഋഗ്വേദ ദേവതകളില്‍ ഒരാളായ രുദ്രനെ അര്യെതര ആരാധനാമൂര്‍ത്തിയുമായി സംയോജിപ്പിച്ചപ്പോള്‍ ശിവനെ ആര്യന്മാര്‍ക്കും സ്വീകാരകനായി. മംഗളകാരി എന്ന അര്‍ത്ഥത്തില്‍ ‘ശിവന്‍’ എന്ന ഋഗ്വേദദേവനെ രുദ്രനില്‍ കാണുവാന്‍ തുടങ്ങി. ശൈവമതത്തില്‍ സൃഷ്ടി, സ്ഥിതി, സംഹാരം എന്നതെല്ലാം നിറവേറ്റുന്നത് ശിവന്‍ തന്നെയാണ്. ഉഗ്രന്‍, കാലന്‍, ഭൈരവന്‍ എന്നതൊക്കെ ശിവന്റെ പേരാണ്. ലിംഗാരാധനക്കാരെക്കൂടി ഉള്‍പ്പെടുത്തി ശൈവമതം പുരോഗമിച്ചു. ശിവന്റെ സൃഷ്ടിഭാവത്തെ ലിംഗം വെളിപ്പെടുത്തുന്നു. ശിവനെ അര്‍ഥനാരീശ്വരനായി (പകുതി സ്ത്രീയും പകുതി പുരുഷനും) ചിത്രീകരിക്കാറുണ്ട്. ‘നമ:ശിവായ’ എന്ന പഞ്ചാക്ഷരീമന്ത്രം മുക്തിദായകമാണ്. ശൈവമതത്തിന്റെ ഒരു ശാഖയാണ് മഹാരാഷ്ട്രയില്‍ വളര്‍ന്ന വീരശൈവമതം (ലിംഗായതം). കശ്മീരിലും വളര്‍ന്ന ശൈവ മതത്തെ കാശ്മീരി ശൈവിസം എന്ന് വിളിക്കുന്നു.

ശാക്തമതം

ശക്തിയെ ഉപാസന ചെയ്യുന്നു ശാക്തമതഭക്തര്‍. ശക്തി സ്ത്രൈണ ദേവതയാണ്. ശൈവമതവുമായി ഇതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് ബന്ധമുണ്ട്. ശിവന്റെ പകുതി നാരീഭാവമാണ് ശക്തി. പുരുഷഭാവം നിഷ്ക്രിയമാനെങ്കില്‍ സ്ത്രീഭാവം സര്‍ഗശക്തിയാണ്. ഈ സമ്പ്രദായത്തില്‍ പേര് പോലെ സ്ത്രീത്വപ്രാധാന്യം ഇല്ല. ശിവന്റെ ശക്തി എന്നാണു പറയുക. പ്രപഞ്ചത്തിന്റെ സൃഷ്ടി, സ്ഥിതി, സംഹാരം എന്നിവ ശക്തിയുടെ പ്രഭാവമാണ്. പരമസത്യമാണ് ശക്തി. എല്ലാ ജീവജാലങ്ങളിലും ശക്തി സ്ഥിതി ചെയ്യുന്നു. ശിവന്‍ പോലും ശക്തിയുടെ ആജ്ഞാനുസരണം ആണ് പ്രവര്‍ത്തിക്കുന്നത്. ദേവി പരാശക്തി, ആദിശക്തി, പരമേശ്വരി, ജഗന്മാകതാവ്, ജഗദംബിക മുതലായ വിശേഷണങ്ങളില്‍ പൂജിക്കപ്പെടുന്നു. ദേവി പല പേരുകളില്‍ അറിയപ്പെടുന്നു. ദുര്‍ഗ്ഗ, കാളി, ഉമ, പാര്‍വതി, കുമാരി, ഭൈരവി, ഭുവനേശ്വരി, മാതംഗി, കമല, മാധവി, ഗൌരി, ശാരദ, രേണുക, ഭവാനി, മീനാക്ഷി, താര മുതലായവയെല്ലാം ദേവീനാമങ്ങളാണ്. ദുഷ്ടസംഹാരകയായും മാതൃസഹജമായ വാത്സല്യപൂര്‍ണയായും ദേവി വര്‍ണ്ണിക്കപ്പെടുന്നു. കുണ്ഡലിനീയോഗത്തിലും മൂലാധാരത്തില്‍ ഉറങ്ങിക്കിടക്കുന്ന ശക്തി ദേവിയാണ്.

ഷഡ്ദര്‍ശനങ്ങള്‍

ഭാരതീയ ദര്‍ശനശാഖകളെ രണ്ടു ഗണങ്ങളായി തിരിക്കാം: ആസ്തികം, നാസ്തികം. വേദങ്ങളുടെ പ്രാമാണികത അംഗീകരിക്കുന്ന ദര്‍ശനങ്ങള്‍ ആണ് ആസ്തികം. അല്ലാത്തവ നാസ്തികവും. അല്ലാതെ ഈശ്വരാസ്ഥിക്യവുമായി ഈ തരംതിരിക്കലിനു ബന്ധമില്ല. ചാര്‍വാകം, ജൈനം, ബൌദ്ധം മുതലായ ദര്‍ശനങ്ങള്‍ നാസ്തികങ്ങള്‍ ആണ്. ആസ്തിക ദര്‍ശനങ്ങള്‍ ആറെണ്ണം ഉണ്ട്: ന്യായം, വൈശേഷികം, സാംഖ്യം, യോഗം, പൂര്‍വമീമാംസ, വേദാന്തം.

ന്യായം – വൈശേഷികം

ചില വത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ രണ്ടു ദര്‍ശനങ്ങളെയും ഒരുമിച്ചു പരിഗണിക്കാം. രണ്ടും പരസ്പരം അംഗീകരിക്കുന്ന ദര്‍ശനങ്ങള്‍ ആണ്. ന്യായദര്‍ശനത്തിന്റെ പ്രാമാണിക രേഖ ഗൌതമന്റെ ന്യായസൂത്രവും വൈശേഷിക ദര്‍ശനത്തിന്റെത് കാണാദന്റെ വൈശേഷിക സൂത്രവുമാണ്. ആത്മാക്കളെ ശരീരം, ഇന്ദ്രിയം മുതലായവയില്‍ നിന്ന് മോചിപ്പിച്ചു മോക്ഷത്തിലേക്ക് നയിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ ദര്‍ശനങ്ങള്‍ വെളിപ്പെടുത്തുന്നു. തെളിവുകളെ നല്‍കി ഈശ്വരാസ്തിക്യം സ്ഥാപിക്കാന്‍ ന്യായദര്‍ശനം മുതിരുന്നുണ്ട്. ഈശ്വരന്‍ ഒന്നുമില്ലായ്മയില്‍ നിന്നല്ല സൃഷ്ടി നടത്തിയത്. ഈശ്വരന്റെ ഒപ്പം ലോകത്തിനു മുന്‍പേ പഞ്ചഭൂതങ്ങള്‍ (മൂലാണുക്കള്‍) ഉണ്ടായിരുന്നു. അവ സംയോജിപ്പിച്ചു ഈശ്വരന്‍ ലോകം സൃഷ്ടിച്ചു.

സാംഖ്യം

സംഖ്യദര്‍ശനത്തിന്റെ ഉപഞാതാവ്‌ കപിലന്‍ ആണ്. ഷഡ്ദര്‍ശനങ്ങളില്‍ ഏറ്റവും പഴക്കമുള്ളത്. പരമമായ അസ്ഥിത്വം പുരുഷന്‍ (ആത്മാവ്) – പ്രകൃതി എന്നിവയാണ്. ഇവ അന്യോന്യം വ്യത്യസ്തങ്ങളും നിരാശ്രയങ്ങളും ആണ്. പുരുഷന്‍ അവിഷയനും വികാരരഹിതനും നിഷ്ക്രിയനും ആണ്. പുരുഷന്‍ ഒന്നല്ല. അനേക പുരുഷന്മാര്‍ ഉണ്ട്. പ്രകൃതി അചേതനവും, ജഡവും നിത്യവും സക്രിയവുമാണ്. പ്രകൃതിയില്‍ ഇപ്പോഴും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. പ്രകൃതിയുടെ പരിണാമം കൊണ്ടാണ് പ്രപഞ്ചം ഉണ്ടാകുന്നത്. പ്രകൃതിയുടെ പരിണാമത്തില്‍ ഈശ്വരന് യാതൊരു പങ്കുമില്ല. സാംഖ്യം ഈശ്വരന്‍ ഉണ്ടെന്നുപോലും അംഗീകരിക്കുന്നില്ല. പ്രകൃതിയില്‍ നിന്ന് പുരുഷന്‍ തന്നെത്തന്നെ തിരിച്ചറിയുന്ന നിമിഷം സ്വതന്ത്രാവസ്ഥ പ്രാപിക്കുന്നു.

യോഗം

പതഞ്ജലിയുടെ യോഗസൂത്രമാണ് അടിസ്ഥാന ഗ്രന്ഥം. സംഖ്യദര്‍ശനത്തോടു സാമ്യമുള്ളതാണ് യോഗം. എന്നാല്‍ യോഗദര്‍ശനം ഈശ്വരാസ്തിക്യത്തില്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ മറ്റു പുരുഷന്മാരെപ്പോലെ ഒരു പുരുഷനാണ്. പക്ഷെ ഈശ്വരന്‍ മഹാപുരുഷനും പൂര്‍ണനും സര്‍വജ്ഞനുമാണ്. പ്രകൃതിയുടെ പരിണാമം നിയന്ത്രിക്കുന്നത്‌ പരമപുരുഷനാണ്. അഷ്ടാംഗയോഗം ശീലിച്ചാല്‍ പുരുഷന് പ്രകൃതിയോടുള്ള ബന്ധം അസ്തമിപ്പിച്ച് വിവേകജ്ഞാനം ഉണ്ടാക്കാം. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിവയാണ് അഷ്ടാംഗയോഗം.

പൂര്‍വമീമാംസ

ജൈമിനിയുടെ മീമാംസാസൂത്രമാണ് ഇതിന്റെ മൌലിക ഗ്രന്ഥം. വേദങ്ങള്‍ നിത്യമാണ്. എന്നാല്‍ ഈശ്വരനാല്‍ വിരചിതമല്ല. മീമാംസ ഈശ്വരനില്‍ വിശ്വസിക്കുന്നില്ല. വേദത്തില്‍ വിധിച്ചിരിക്കുന്ന കര്‍മങ്ങള്‍ ആണ് ധര്‍മം. അല്ലാത്തവ അധര്‍മങ്ങളും. ലോകം സൃഷ്ടി അല്ല. നിത്യമാണ്. ചാക്രികമായി സൃഷ്ടി – പ്രളയം സംഭവിച്ചുകൊണ്ടിരിക്കുന്നു. സൃഷ്ടി അല്ലാത്തതിനാല്‍ സൃഷ്ടിക്കുന്ന ഒരു ദൈവവുമില്ല. ആത്മാവിന്റെ ശുദ്ധാവസ്ഥ ആണ് മോക്ഷം.

വേദാന്തം

ഉപനിഷത്ത് ആധാരമാക്കിയുള്ള ദര്‍ശനങ്ങള്‍ ആണ് വേദാന്തം. ഉപനിഷത്തുക്കളും ബാദരായണന്റെ വേദാന്തസൂത്രവും ഭഗവദ്ഗീതയുമാണ് പ്രാമാണിക ഗ്രന്ഥങ്ങള്‍. രണ്ടു വേദാന്ത ശാഖകള്‍ ഉണ്ട്: അദ്വൈതവും, വിശിഷ്ടാദ്വൈതവും.

(a) അദ്വൈതം

ശങ്കരാചാര്യരുടെ (AD 788 – 820) ദര്‍ശനം. ബ്രഹ്മം മാത്രം സത്യം. ബാക്കി എല്ലാം മിഥ്യയാണ്‌. പ്രപഞ്ചം ബ്രഹ്മത്തിന്റെ നിഴലാണ്. ലോകം ഒരു തോന്നലാണ്. മായയാണ് സത്യത്തെ മറച്ച് മറ്റൊന്ന് തോന്നിക്കുന്നതു. ഈശ്വരന്‍ സഗുണബ്രഹ്മമാണ്. സര്‍വജ്ഞാനിയും സര്‍വവ്യാപിയുമായ ഈശ്വരനെ ഉപാസിക്കാം. ജീവാത്മാവും (ജീവികളുടെ ആത്മാവ്) പരമാത്മാവും (ഈശ്വരന്‍) വാസ്തവത്തില്‍ ഒന്നാണ്. അവിദ്യയാണ് ജീവാത്മാവിന്റെ ബന്ധനത്തിന് കാരണം. അവിദ്യ നശിച്ചാല്‍ ജീവാത്മാവും പരമാത്മാവും ഒന്നാണെന്ന് മനസ്സിലാകും. ഹിന്ദുമതത്തിന്റെ ആധുനിക വക്താക്കളില്‍ എല്ലാരും തന്നെ കൈക്കൊള്ളുന്നത് അദ്വൈതദര്‍ശനം ആണ്.

(b) വിശിഷ്ടാദ്വൈതം

രാമാനുജന്‍ (AD 1017-1137) ആവിഷ്കരിച്ചു. ബ്രഹ്മം നിര്‍ഗുണം അല്ല. ജീവാത്മാവും പരമാത്മാവും ഒന്നല്ല. ഈശ്വരന്‍, ചിത് (ആത്മാവ്), അചിത് (ദ്രവ്യം) എന്നിങ്ങനെ മൂന്നു തത്വങ്ങള്‍ ഉണ്ട്. മൂന്നും നിത്യമാനെങ്കിലും ചിതും അചിതും ഈശ്വരനെ ആശ്രയിച്ചാണ്‌ നിലനില്ക്കുഷന്നത്. ഈശ്വരന്‍ പൂര്‍ണതയും ചിത്തും അചിത്തും ഈശ്വരന്റെ അംശവും ആണ്. ഈശ്വരന്‍ വ്യക്തിയാണ്. അചിത്തിന്റെ പരിണാമം കൊണ്ടാണ് പ്രപഞ്ച വസ്തുക്കള്‍ ഉണ്ടാകുന്നത്. ആത്മാക്കള്‍ അനേകമുണ്ട്. ഈശ്വരനോട് കൂടിയിരിക്കുന്ന ആത്മാവ് സൃഷ്ടിയില്‍ ശരീരം ധരിക്കുന്നു. ഭക്തിയാണ് മോക്ഷമാര്‍ഗ്ഗം.

ആധുനിക ഹിന്ദുമതം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഹിന്ദുമതത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുളടഞ്ഞ കാലഘട്ടമായിരുന്നു. സതി, ശിശുവധം, മൃഗബലി, ശൈശവവിവാഹം, ദേവദാസീസമ്പ്രദായം, ജാതീവ്യവസ്ഥയുടെ അസമത്വം, അയിത്തം മുതലായവ കൊടികുത്തി വാണിരുന്നു. ബ്രിട്ടീഷ്കാരുടെയും ക്രിസ്ത്യന്‍ മിഷനറിമാരുടെയും നിരന്തര അപലപനത്താല്‍ പതിയെ ഹിന്ദുമതം നവീകരണത്തിനു വിധേയമായി. അതിനു ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനി ആണ് രാജാറാം മോഹന്‍ റോയി. അദ്ദേഹം സ്ഥാപിച്ച ബ്രഹ്മസമാജം പിന്നീട് രബീന്ദ്രനാഥ ടാഗോറിന്റെ ആദിബ്രഹ്മസമാജം എന്നും ചന്ദ്രസെന്നിന്റെ ഭാരതീയ ബ്രഹ്മസമാജം എന്നും രണ്ടായി പിരിഞ്ഞു. ആനിബസന്തിന്റെ തിയോസോഫിക്കല്‍ സൊസൈറ്റി, സ്വാമി ദയാനന്ദസരസ്വതിയുടെ ആര്യസമാജവും മറ്റു ചില നവോഥാന പ്രസ്ഥാനങ്ങള്‍ ആയിരുന്നു. സ്വാമി വിവേകാനന്ദന്‍, ഡോ. എസ്. രാധാകൃഷ്ണന്‍, ഗാന്ധിജി തുടങ്ങിയവര്‍ ആണ് മറ്റു നവോഥാന നായകര്‍. ഇവരെല്ലാരും പാരമ്പര്യ ഹിന്ദുമതം പുനര്‍വ്യാഖ്യാനിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു പുറത്ത് അമേരിക്കയിലും യൂറോപ്പിലും മറ്റും ഹിന്ദുമതം വേരുറപ്പിച്ചു കഴിഞ്ഞു.