കഴുത്തില്‍ തിരികല്ലു കെട്ടണോ??? (ധ്യാനചിന്ത)

“അവന്‍ ശിഷ്യരോടു പറഞ്ഞു: ദുഷ്പ്രേരണകള്‍ ഉണ്ടാകാതിരിക്കുക അസാദ്ധ്യം. എന്നാല്‍, ആര്‍മൂലം അവ ഉണ്ടാകുന്നുവോ അവനു ദുരിതം! ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്‍കുന്നതിനേക്കാള്‍ നല്ലത് കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ എറിയപ്പെടുന്നതാണ്.” (ലൂക്കാ 17:1-2)

വളരെ ക്രൂരമായ ശിക്ഷാരീതികളില്‍ ക്രൂശീകരണം പോലെ ഒന്നാണ് കഴുത്തില്‍ ഭാരമുള്ള എന്തെങ്കിലും ബന്ധിപ്പിച്ച് വെള്ളത്തില്‍ ഏറിയപ്പെടുക എന്നത്. എത്ര നീന്തലറിയാവുന്ന വ്യക്തിയും നിസ്സഹായതയോടെ മരണത്തിനു പിടികൊടുക്കുന്ന ആ അനുഭവമാണ് മറ്റുള്ളവര്‍ക്ക് പാപം ചെയ്യാന്‍ പ്രേരണനല്‍കുന്നതിലും ഭേദപ്പെട്ടത് എന്നതാണ് യേശുവിന്റെ താക്കീത്.

നമ്മുടെ അനുദിന ജീവിതത്തിലെ വാക്കുകളും പ്രവൃത്തികളും നമ്മുടെ ചുറ്റുമുള്ളവരെ എപ്രകാരം സ്വാധീനിക്കുന്നു എന്ന് ആത്മാര്‍ത്ഥമായി ചിന്തിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നമ്മുടെ നിത്യരക്ഷക്കായി പരിശ്രമിക്കുന്നതിനോടൊപ്പം മറ്റുള്ളവരുടെ സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയില്‍ വിഘാതമാകാതിരിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയും ഈ വാക്കുകളിലൂടെ യേശു നമുക്ക് വ്യക്തമാക്കി തരുന്നു.

എന്തൊക്കെ പ്രവര്‍ത്തികളാണ് ഒരു വ്യക്തിയെ മറ്റുള്ളവര്‍ക്ക് ദുഷ്പ്രേരണ നല്‍കുന്നവനാക്കി മാറ്റുന്നത്? മറ്റുള്ളവരുടെ അജ്ഞതയെയും ബലഹീനതകളെയും നിസ്സഹായാവസ്ഥയും മുതലെടുക്കുന്ന ഏതൊരു പ്രവര്‍ത്തിയും ദുഷ്പ്രേരണ ആണ്. ചെറിയ കുട്ടികളുടെ മുന്‍പില്‍ വച്ചു മുതിര്‍ന്നവര്‍ മദ്യപിക്കുന്നതും മാന്യമല്ലാത്ത വസ്ത്രധാരണവും കൈക്കൂലി ചോദിക്കുന്നതും കൊടുക്കുന്നതും എന്ന് വേണ്ട, മറ്റുള്ളവരെ പാപത്തിലേക്ക് നയിക്കുന്ന രീതിയിലുള്ള ഏതൊരു പ്രവൃത്തിയും ഈ വിഭാഗത്തില്‍ പെടുത്താം. നമ്മുടെ എന്തെങ്കിലും സ്വകാര്യലാഭത്തിനായി മറ്റുള്ളവരെ ചൂഷണം ചെയ്യുമ്പോള്‍ മാത്രമല്ല, മറ്റുള്ളവരുടെ ഇല്ലായ്മകള്‍ നമുക്കുള്ളതിലൂടെ പെരുപ്പിച്ചു കാട്ടിയും നാം അവര്‍ക്ക് ദുഷ്പ്രേരണ നല്‍കുകയാണ്.

നമ്മുടെ നേട്ടങ്ങളും സമ്പത്തും അനാവശ്യമായ ആര്‍ഭാടത്തിനായി നാം പലപ്പോഴും ഉപയോഗിക്കുന്നു. നാമതിനു നല്‍കുന്ന ന്യായീകരണം, നമ്മുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം നമ്മള്‍ ആസ്വദിക്കുകയാണ് എന്നാണ്. എന്നാല്‍, ഇത്തരമൊരു ന്യായീകരണത്തിന് മുതിരുന്ന നമ്മള്‍ നമ്മുടെ വിജയത്തിനു പിന്നില്‍ അദൃശ്യമായി പ്രവര്‍ത്തിച്ച ദൈവത്തിന്റെ കരങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. തനിക്കുള്ള സമൃദ്ധിയാണ് തന്റെ ചുറ്റുമുള്ളവരുടെ ദാരിദ്ര്യം ഇല്ലായ്മചെയ്യാനുള്ള ദൈവത്തിന്റെ മാര്‍ഗ്ഗം എന്ന യാഥാര്‍ത്ഥ്യം മറന്ന് ആഡംബരങ്ങളില്‍ മുഴുകുന്നവര്‍, ഇല്ലായ്മകള്‍മൂലം മറ്റുള്ളവര്‍ അനുഭവിക്കുന്ന വേദനയോടൊപ്പം അവര്‍ക്ക് അപകര്‍ഷതാബോധം, ആത്മനിന്ദ തുടങ്ങിയ മാനസിക മുറിവുകള്‍ നല്‍കുന്നവരായി മാറുന്നു.

അഭിമാനത്തിന് ഏല്‍ക്കുന്ന നിരന്തരമായ ക്ഷതങ്ങള്‍ അവരെ നിരാശയിലേക്ക് തള്ളിയിട്ടേക്കാം. അങ്ങിനെ അത് അവരെ ദൈവത്തില്‍ നിന്നകറ്റിയേക്കാം. ഏതു വിധേനയും പണമുണ്ടാക്കാനും, അതിനായി എത്ര മ്ലേച്ചമായ പ്രവര്‍ത്തിയും ചെയ്യാനുമെല്ലാം ചിലപ്പോഴെല്ലാം നമ്മുടെ ജീവിതശൈലി മറ്റുള്ളവര്‍ക്ക് പ്രചോദനമായെന്നു വരാം!

ലേഖകന് അറിയാവുന്ന ഒരു വ്യക്തിയുടെ ജീവിതം ഇങ്ങനെയാണ്: ഡിഗ്രീ കഴിഞ്ഞു ഒരു ജോലിക്കുവേണ്ടി പലയിടത്തും അലഞ്ഞു നിരാശനായി ഒടുവില്‍ മയക്കുമരുന്ന് വില്ക്കുന്ന ഒരു സങ്കത്തില്‍ എത്തിപ്പെടുകയും, അവസാനം ആജീവനാന്തം തടവില്‍ കഴിയാന്‍ ഇടയാവുകയും ആണുണ്ടായത്. ഒരു ഡിഗ്രീ കഴിഞ്ഞ വ്യക്തിക്ക് എത്രയോ ജോലികള്‍ ചെയ്യാനാകും. എന്നാല്‍ തന്റെ പ്രായത്തിലുള്ളവരോട് ചേര്‍ന്ന ആഡംബര ജീവിതം സ്വപ്നം കണ്ടതുകൊണ്ടാണ് ഇങ്ങനെ ഒരു അവസ്ഥ ആ വ്യതിയുടെ ജീവിതത്തില്‍ ഉണ്ടായത്. ഒന്ന് ചിന്തിച്ചാല്‍ നമ്മുടെ ആഡംബര ജീവിത്തങ്ങള്‍ ഒരു ഉതപ്പായി മാറുന്നില്ലേ?

ലോകത്തിന്റെ ആഡംബരങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാന്‍ പലപ്പോഴും നമുക്ക് കഴിയാതെ പോകുന്നതിനു കാരണം ഇഹലോകജീവിതം മറ്റൊരു ജീവിതത്തിലേക്കുള്ള വഴിയാണ് എന്ന സത്യം നമ്മില്‍ വേരുപിടിക്കാത്തതുമൂലമാണ്. ദൈവത്തില്‍നിന്നും അകന്നുള്ള ഒരു ജീവിതമാണ് ഈ ലോകത്തില്‍ നമ്മള്‍ ആഗ്രഹിക്കുന്നതെങ്കില്‍, നമ്മുടെ മരണശേഷവും നമ്മുടെ ആഗ്രഹത്തെ ഒരുപക്ഷെ ദൈവം അനുവദിച്ചാല്‍!? നമ്മുടെ നിത്യത ദൈവസാമീപ്യം ഇല്ലാത്ത നിത്യനരകത്തില്‍ ആണെങ്കില്‍?? മനുഷ്യര്‍ക്കിഷ്ടമുള്ളതെല്ലാം ചെയ്യുന്നതില്‍നിന്നും അവരെ പിന്തിരിപ്പിക്കുന്നതിനായി മനുഷ്യര്‍തന്നെ കെട്ടിച്ചമച്ച ഒരു സാങ്കല്പിക സ്ഥലമായി നരകത്തെ കരുതുന്നവര്‍ കുറവല്ല. എന്നാല്‍, യേശു നിരവധി തവണ ആവര്‍ത്തിക്കുന്ന ഒന്നാണ് നരകവും അവിടെ അനുഭവിക്കേണ്ടിവരുന്ന യാതനകളെക്കുറിച്ചുമുള്ള മുന്നറിയിപ്പുകള്‍.

കഴുത്തില്‍ തിരികല്ലുകെട്ടി കടലില്‍ എറിയപ്പെടുന്ന മനുഷ്യന്‍ അനുഭവിക്കുന്ന ഭീകരമായ അവസ്ഥയാണ് മറ്റുള്ളവരെ പാപത്തിനു പ്രേരിപ്പിക്കുകവഴി ആത്മാവിനെ നരകത്തിനു വിട്ടുകൊടുക്കുന്ന മനുഷ്യന്റെ അവസ്ഥയെക്കാള്‍ ഭേദം എന്ന് നാം ധ്യാനിക്കുന്ന വചനഭാഗം വിവക്ഷിക്കുന്നുണ്ട്.

നരകം ഒരു യാഥാര്‍ത്ഥ്യമാണെന്ന തിരിച്ചറിവ്, മാരകപാപങ്ങളില്‍നിന്നും അകന്നുനില്‍ക്കാനും മറ്റുള്ളവരെ പാപത്തിലേക്ക് നയിക്കുന്ന നമ്മുടെ സ്വഭാവത്തിലെ ന്യൂനതകള്‍ മനസ്സിലാക്കി പരിഹരിക്കാനും നമ്മെ സഹായിക്കും. മറ്റുള്ളവരെ ദൈവത്തില്‍നിന്നും അകറ്റുമ്പോള്‍ അല്ല, ദൈവത്തില്‍നിന്നും അകന്നു ജീവിക്കുന്നവരെ നമ്മുടെ ജീവിതംകൊണ്ട് അവിടുത്തെ സന്നിധിയിലേക്ക് അടുപ്പിക്കുന്പോഴാണ് നമ്മള്‍ ക്രിസ്തീയ ജീവിതം നയിക്കുന്നവരാകുന്നത്. ലോകത്തിന്റെ പ്രവണതകളെ വെറുത്തുപേക്ഷിച്ച് ദൈവത്തിനു പ്രീതികരമായ ജീവിതം നയിക്കാനുള്ള കൃപക്കായി പ്രാര്‍ത്ഥിക്കാം.

കടപ്പാട്: ജോയിക്കുട്ടി ആല്‍ബി പെരേര