മരണവുമായുള്ള ഉടമ്പടി (ധ്യാനചിന്ത)

മരണവുമായി അയാള്‍ നേരത്തെ ഒരു ഉടമ്പടിയുണ്ടാക്കിയിരുന്നു: മുന്നറിയിപ്പില്ലാതെ തന്നെ കൊണ്ടുപോകാന്‍ വരരുത്. അയാളുടെ നിബന്ധന മരണം സന്തോഷത്തോടെ സ്വീകരിച്ചു. അതിനാല്‍ മരണ ഭയമില്ലാതെ ആ മനുഷ്യന്‍ ജീവിതം തുടര്‍ന്നു. മുന്നറിയിപ്പു കിട്ടുമ്പോള്‍ വലത്തുഭാഗത്തെ കള്ളനെപ്പോലെ അനുതപിച്ച്, നല്ലൊരു കുമ്പസാരവും നടത്തി രക്ഷപ്പെടാമെന്നുള്ള ചിന്തയും ധൈര്യം പകര്‍ന്നു.

വര്‍ഷങ്ങള്‍ കടന്നുപോയി. മുന്നറിയിപ്പൊന്നും കിട്ടിയില്ല. എന്നാല്‍, പെട്ടെന്നൊരു ദിവസം മരണം അയാളെ കൊണ്ടുപോകാനെത്തി. പക്ഷേ, അയാള്‍ എതിര്‍ത്തു. ”ഇതു നീതിയല്ല, മുന്നറിയിപ്പില്ലാതെ എന്നെ കൊണ്ടുപോകാന്‍ വരില്ല എന്നു നിങ്ങള്‍ വാക്കു പറഞ്ഞതാണ്. നിങ്ങളുടെ മുന്നറിയിപ്പു കിട്ടാത്തതിനാല്‍ ഞാന്‍ ഒരുങ്ങിയിട്ടില്ല. എനിക്കിനിയും പലതും ചെയ്തു തീര്‍ക്കാനുണ്ട്…”

മരണം ശാന്തതയോടെ പറഞ്ഞു: ”സഹോദരാ, ഞാന്‍ ഒരനീതിയും ചെയ്യുന്നില്ല. ഞാന്‍ നിങ്ങളെ കൊണ്ടുപോകാന്‍ എത്താറായി എന്നതിനുള്ള മുന്നറിയിപ്പ് ദൈവം എത്രയോ മുന്‍പേ നിങ്ങള്‍ക്ക് നല്കിയിരുന്നു. നിങ്ങളുടെ തലമുടി നരച്ചു തുടങ്ങിയിട്ട് എത്രയോ നാളായി! നിങ്ങളുടെ ചര്‍മ്മത്തിന്റെ കാന്തി കുറയുന്നതും അതു ചുളിഞ്ഞു തുടങ്ങുന്നതും നിങ്ങള്‍ ശ്രദ്ധിച്ചില്ലേ? ഈ ശരീരത്തോട് വിടപറയാനുള്ള ദിവസങ്ങള്‍ അടുത്തുവരുന്നു എന്ന് ഈ അടയാളങ്ങള്‍ വിളിച്ചു പറഞ്ഞിട്ടും നിങ്ങള്‍ ഗൗനിച്ചില്ല. നിത്യതയ്ക്കായി ഒരുങ്ങുന്നതിനു പകരം, നരച്ച മുടി കറുപ്പിക്കാനും മുഖത്തെ ചുളിവുകള്‍ ഒളിച്ചുവയ്ക്കാനുമുള്ള വസ്തുക്കള്‍ തേടി സമയം നഷ്ടപ്പെടുത്തി. ഇനിയും സമയം ബാക്കിയില്ല. താങ്കള്‍ എന്നോടൊപ്പം വന്നേ തീരൂ…” ഇതു കേട്ടു തളര്‍ന്നുപോയ മനുഷ്യന്‍ നിസഹായതയിലും സങ്കടത്തിലും മരണത്തെ അനുഗമിച്ചു.

ഇവയെല്ലാം കണ്ടുകൊണ്ടിരുന്ന ഒരു ചെറുപ്പക്കാരന് വലിയ സന്തോഷമായി. കാരണം അവന്റെ യൗവനം ആരംഭിച്ചിട്ടേയുള്ളൂ. നല്ല കറുത്തിരുണ്ട മുടി. സുന്ദരമായ ചര്‍മ്മം. മരണം വരാന്‍ ഇനിയും ഒരുപാട് കാലം ബാക്കി. അതിനുമുന്‍പ് ‘അടിച്ചു പൊളിച്ച്” ജീവിക്കണം- അവന്‍ തീരുമാനമെടുത്തു.

പക്ഷേ, അടുത്ത ദിവസം സായാഹ്നത്തില്‍ അവനെ തേടിയും മരണമെത്തി. അപ്പോള്‍ യുവാവ് കയര്‍ത്തു: ”ഞാന്‍ നിങ്ങളുടെ കൂടെ വരില്ല. ഇന്നലെ വൃദ്ധന് നല്കിയ മുന്നറിയിപ്പുപോലെ യാതൊരു മുന്നറിയിപ്പും എനിക്കു കിട്ടിയിട്ടില്ല. എന്റെ മുടി ഇനിയും നരച്ചിട്ടില്ല, ചര്‍മ്മം ചുളുങ്ങിയിട്ടില്ല. നിങ്ങള്‍ വിവേചനം കാണിക്കുന്നത് ശരിയല്ല. എനിക്കിനിയും ജീവിക്കണം.”

ആ യുവാവിനെ നോക്കി മരണം പറഞ്ഞു: ”സഹോദരാ, ഞാനൊരു വിവേചനവും നിന്നോട് കാണിക്കുന്നില്ല. നിനക്കും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്കിയിരുന്നു. നിന്റെ കൂട്ടുകാരന്‍ ബൈക്കപകടത്തില്‍ മരിച്ചത് ഓര്‍ക്കുന്നില്ലേ? നിന്റെ തൊട്ടടുത്ത വീട്ടിലെ കുട്ടി പെട്ടെന്ന് പനി ബാധിച്ച് മരിച്ച സംഭവവും നീ മറന്നിട്ടില്ലല്ലോ. കഴിഞ്ഞ ദിവസങ്ങളില്‍ പത്രത്തിലൂടെ എത്രയോ വിദ്യാര്‍ത്ഥികളുടെ മരണവിവരം നീ വായിച്ചറിഞ്ഞു. അതെല്ലാം നിനക്കുള്ള മുന്നറിയിപ്പുകൂടിയായിരുന്നു. ഞാന്‍ എവിടെവച്ചും ഏതു സമയത്തും വരാം. അതിനാല്‍, നീയും ഒരുങ്ങിയിരിക്കണം എന്ന സന്ദേശമാണ് ഇതിലൂടെ നിനക്ക് ലഭിച്ചത്. അതിനാല്‍ നീയിപ്പോള്‍ എന്നോടൊപ്പം പുറപ്പെട്ടേ മതിയാകൂ.” സങ്കടത്തോടെ യുവാവും ഈ ലോകത്തോടു യാത്ര പറഞ്ഞു.

യേശു പറഞ്ഞു: ”സുഖലോലുപത, മദ്യാസക്തി, ജീവിതവ്യഗ്രത എന്നിവയാല്‍ നിങ്ങളുടെ മനസ് ദുര്‍ബലമാവുകയും, ആ ദിവസം ഒരു കെണിപോലെ പെട്ടെന്ന് നിങ്ങളുടെമേല്‍ വന്നുവീഴുകയും ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുവിന്‍” (ലൂക്കാ 21:34).

ലോകാന്ത്യത്തെക്കുറിച്ചുള്ള ഈ വചനങ്ങള്‍ ഓരോ മനുഷ്യന്റെയും അന്ത്യത്തിലും പ്രസക്തമാണ്. ഓരോ മരണവാര്‍ത്തയും നാം പങ്കെടുക്കുന്ന ഓരോ ശവസംസ്‌കാര ശുശ്രൂഷയും നിത്യതയ്ക്കായി ഒരുങ്ങുന്നതിനുള്ള മുന്നറിയിപ്പാണ്. എപ്പോഴും ഒരുക്കമുള്ളവരായി ജീവിക്കുക. എന്നാല്‍ മരണത്തെ ഭയപ്പെട്ടു കഴിയുകയല്ല പ്രത്യുത, ആയുസിന്റെ ഓരോ നിമിഷവും കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ്. നാളെ എനിക്ക് സ്‌നേഹിക്കുവാന്‍ അവസരം കിട്ടുമെന്ന് ഉറപ്പില്ല. അതിനാല്‍, ഇന്നു ഞാന്‍ സ്‌നേഹിക്കണം. നാളെ അധ്വാനിക്കുവാന്‍ ആരോഗ്യവും അവസരവും ഉണ്ടാകുമോയെന്ന് ഉറപ്പില്ല. അതിനാല്‍, ഇന്ന് നന്നായി അധ്വാനിക്കണം. നാളെ അനുതപിക്കാന്‍ പറ്റുമോ? നന്മ ചെയ്യാന്‍ പറ്റുമോ? ഉറപ്പില്ല, അതിനാല്‍ ദൈവം തന്ന ”ഇന്നിനെ” വെറുതെ ചെലവഴിക്കരുത്. ഓരോ ദിവസവും ഓരോ മണിക്കൂറും ജീവിതത്തിലെ അവസാനത്തെ മണിക്കൂറെന്ന നിലയില്‍, പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക, സ്‌നേഹിക്കുക. അതാണ് മരണത്തിനായുള്ള ഏറ്റവും നല്ല ഒരുക്കം.

കടപ്പാട്: ജോയിക്കുട്ടി ആല്‍ബി പെരേര