‘യഹോവ’ എന്ന ദൈവനാമവും അപ്പോസ്തോലിക സഭകളും (The divine name ‘Jehovah’ and Apostolic Churches)

യേശു നാമക്കാരും (Oneness Pentecostals) യഹോവ സാക്ഷികളും (Jehowah’s Witnesses) മെസ്സിയാനിക ജൂതന്മാരും (Messianic Jews) ഏറ്റു  പിടിക്കുന്ന ഒരു  വിചിത്ര വാദമാണ് ഈ ലേഖനത്തിന്റെ വിഷയം. അവരുടെ വാദം അനുസരിച്ച് ‘യഹോവ’ എന്ന ഒരേയൊരു പുണ്യ നാമമാണ് ദൈവത്തിന്റെത്. പഴയ നിയമം പരിഭാഷപ്പെടുത്തുമ്പോള്‍ ‘യഹോവ’ എന്ന പദത്തിന് പകരം ‘കര്‍ത്താവ്’/Lord എന്നൊക്കെ പരിഭാഷപ്പെടുത്തുന്നത് തെറ്റാണ് എന്നതാണ് അവരുടെ വാദം. യഹോവ സാക്ഷികള്‍ ആകട്ടെ, പുതിയ നിയമത്തില്‍ കര്‍ത്താവ് എന്ന് വരുന്ന സ്ഥലത്ത് എല്ലാം ‘യഹോവ’ എന്ന് ഉള്ള അവരുടെ പ്രത്യേക പരിഭാഷ ഉപയോഗിക്കുന്നു. ഇത് ഏറ്റു പിടിച്ചുകൊണ്ടു ഇപ്പോള്‍ കേരളത്തിലെ ബ്രദറന്‍കാരും പെന്തകൊസ്തുകാരും മറ്റുചില വിഘടിത വിഭാഗക്കാരും മുന്നോട്ടു വന്നു തുടങ്ങിയിട്ടുണ്ട്.  മാത്രമല്ല, യേശുക്രിസ്തുവിനെ അവര്‍ ‘യാഹോവശുവ ക്രിസ്തു’ എന്നുവരെ ആക്കികളഞ്ഞു! ഇതൊക്കെ വിശ്വാസികളില്‍ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന്റെ നിജസ്ഥിതിയെ പരിശോധിക്കുകയാണ് നാം ഈ ലേഖനത്തിലൂടെ.

യഹോവ എന്ന നാമം

ഹീബ്രു പഴയ നിയമത്തില്‍ പ്രസ്തുത പേര്‍ കാണുന്നത് יהוה എന്നാണു. ഹീബ്രുവിലെ യോദ്-ഹെ-വാവ്-ഹെ എന്നാ അക്ഷരങ്ങള്‍ ആണത്. YHWH എന്ന് ഇംഗ്ലീഷില്‍ നമുക്കതിനെ വായിക്കാം. Tetragramaton (നാലക്ഷരി നാമം) എന്നാണു ഇതിനെ പണ്ഡിതന്മാര്‍ വിളിക്കുക. “താന്‍ ആയിരിക്കുന്നവന്‍”, “സ്വയംഭൂവായവന്‍” എന്നൊക്കെ ഇതിനു അര്‍ഥം കൊടുക്കാറുണ്ട്. ആദിമ ഹീബ്രുവില്‍ സ്വരാക്ഷര പുള്ളികള്‍ ഇല്ല, സ്വരാക്ഷരങ്ങളും ഇല്ല. ഉദാഹരണത്തിന് മലയാളത്തില്‍ സ്വരചിഹ്നങ്ങള്‍ ഉണ്ടായിരുന്നില്ല എങ്കില്‍ “കരള” എന്ന് എഴുതുന്നത്‌ ആയി കേരളം, കൈരളി, കുരള എന്നിങ്ങനെ വത്യസ്തമായി വായിക്കാം. എങ്ങനെ വായിക്കുന്നു എന്നത് വാക്യത്തിന്റെ സന്ദര്‍ഭം അനുസരിച്ച് ആയിരിക്കും. ഇന്നും സാധാരണ സുറിയാനിയിലും, അറബി ഭാഷയിലും മറ്റും സ്വരചിഹ്നങ്ങള്‍ ഉപയോഗിക്കുന്നില്ല. എഴുതിയില്ലെങ്കിലും അവര്‍ക്ക് അത് ഉച്ചരിക്കാന്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. അതുപോലെ ആദിമ യഹൂദര്‍ക്ക് YHWH എങ്ങനെ ഉച്ചരിക്കണം എന്നതിനെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല.

എന്നാല്‍ പിന്നീട് ഈ YHWH എന്ന നാമം അതിവിശുധമാണെന്നും ഇത് മനുഷ്യന്റെ അശുദ്ധ വായകൊണ്ട് ഉച്ചരിച്ചുകൂടാ എന്നുമുള്ള വിശ്വാസം യഹൂദരില്‍ രൂഡമൂലമായി.  എവിടെയൊക്കെ YHWH വരുന്നോ അവിടെയൊക്കെ ‘അദോനായ്’ (കര്‍ത്താവ് എന്ന് മലയാള പരിഭാഷ) എന്ന് ഉച്ചരിക്കാന്‍ തുടങ്ങി. തലമുറകള്‍ പിന്നിട്ടപ്പോള്‍ YHWH ന്റെ യഥാര്‍ത്ഥ ഉച്ചാരണം എന്താണെന്ന് ആളുകള്‍ മറന്നു പോയി. ഇന്ന് ലോകത്തില്‍ ഉള്ള ആര്‍ക്കും ഈ വാക്കിന്റെ ശരിയായ ഉച്ചാരണം അറിയില്ല. യഹോവ, യാഹ്വേ, യിഹൂവ, യൂഹൂവ, യിഹാവ, യെഹീവ എന്നിങ്ങനെ ഏതു വേണമെങ്കിലും ആകാം. ‘അദോനായ്’ എന്നതിന്റെ സ്വരാക്ഷരങ്ങള്‍ ‘അ-ഓ-അ’ ചേര്‍ത്ത് ‘യഹോവ’ എന്ന ഉച്ചാരണം ആണ് പ്രസിദ്ധമായി ഉള്ളത്. (ഈ ഉച്ചാരണം ക്രിസ്തുവര്‍ഷം പന്ത്രണ്ടാം നൂറ്റാണ്ടിലോ മറ്റോ രൂപപ്പെടുത്തി എടുത്തതാണ്). യാഹ്’വെ എന്ന് ഉച്ചരിക്കുന്നവരും വിരളമല്ല. എന്തായാലും ഇതിന്റെ ശരിയായ ഉച്ചാരണം പറയാന്‍ ലോകത്തിലെ ആര്‍ക്കും ഇന്ന് കഴിവില്ല. ‘യഹോവ’ എന്ന ഉച്ചാരണം പല യഹൂദ പണ്ഡിതന്‍മാരും വരെ വ്യക്തമായ തെളിവുകളോടെ തള്ളിക്കളഞ്ഞിട്ടുണ്ട്.

യഹൂദന്മാരുടെ ആദ്യത്തെ അഞ്ചു പുസ്തകത്തിനു പകരം ശമാര്യാക്കാര്‍ക്ക് ഉള്ള പുസ്തകം ആണ് Samaritan Pentateuch. ഇതില്‍ യഹൂദന്മാരുടെ YHWH വരുന്നിടത്ത് എല്ലാം ശമര്യാക്കാര്‍ ഉച്ചരിച്ചിരുന്നത് YABE എന്നാണ്.

സെപ്ത്വജിന്ത് പരിഭാഷയും പുതിയ നിയമവും

ക്രിസ്തുവിനു മുന്‍പ് രണ്ടാം നൂറ്റാണ്ടില്‍ ഉണ്ടായ ഗ്രീക്ക് പഴയനിയമ പരിഭാഷയെ ആണ് Septuagint എന്ന് വിളിക്കുന്നത്‌. ഗ്രീക്ക് അറിയാവുന്ന യഹൂദര്‍ യേശുവിന്റെ കാലത്ത് ഉപയോഗിച്ചിരുന്നത് Septuagint ആയിരുന്നു. ഈ ഗ്രീക്ക് പഴയനിയമം ആണ് ഇന്നുള്ള യഹൂദന്മാര്‍ ഉപയോഗിക്കുന്ന ഹീബ്രു പഴയനിയമത്തെക്കാള്‍ വിശ്വാസ്യം. അതുകൊണ്ട് അപ്പോസ്തോലിക സഭകള്‍ എല്ലാം സെപ്ത്വജിന്ത് പഴയനിയമം ആണ് ആധികാരികമായി കാണുന്നത്. കൂടുതല്‍ അറിവിനായി ഈ ലേഖനം വായിക്കുക: വേദപുസ്തകം – ചരിത്രവും ക്രോഡീകരണവും: ഭാഗം 2. സെപ്ത്വജിന്തില്‍ YHWH എന്ന് വരുന്ന സന്ദര്‍ഭങ്ങളില്‍ എല്ലാം ഉപയോഗിക്കുന്നത് Kyrios (കര്‍ത്താവ്) എന്നാണ്. YHWH എന്ന് ഉപയോഗിക്കുന്ന അപൂര്‍വ്വം ചില സെപ്ത്വജിന്ത് കയ്യെഴുത്ത് പ്രതികള്‍ മാത്രമേ നമുക്ക് ലഭ്യമായിട്ടുള്ളൂ. (POxy 3522, LXXIEJ 12, POxy 5101 etc.) അതുകൊണ്ടുതന്നെ അപ്പോസ്തോലിക സഭകള്‍ എല്ലാം YHWH എന്നുള്ളതിന് Kyrios എന്നതിന്റെ തുല്യാര്‍ത്ഥകമായ പദങ്ങള്‍ ഉപയോഗിക്കുന്നു. മലയാളത്തില്‍ നാം Kyrios എന്നത് “കര്‍ത്താവ്” എന്ന് പരിഭാഷപ്പെടുത്തുന്നു. “പ്രഭു” എന്നോ “നാഥന്‍” എന്നോ പരിഭാഷപ്പെടുത്തുന്നതിലും തെറ്റില്ല. സുറിയാനിയില്‍ “മൊര്‍യോ” എന്ന് ഉപയോഗിക്കുന്നു.

പുതിയ നിയമത്തിന്റെ മൂല ഭാഷയായി ക്രിസ്ത്യാനികള്‍ കരുതുന്നത് ഗ്രീക്ക് ആണ്. (സുറിയാനി ആണ് എന്ന് കരുതുന്ന ചുരുക്കം ചില ആളുകളും ഉണ്ട് എന്നത് മറക്കുന്നില്ല.). പഴയനിയമത്തിലെ പല വാക്യങ്ങളും യേശു തമ്പുരാന്‍ ഉദ്ധരിക്കുമ്പോള്‍ YHWH എന്ന് ഉപയോഗിച്ച സ്ഥലത്ത് Kyrios (കര്‍ത്താവ്) എന്നത് തന്നെയാണ് ഉപയോഗിക്കുന്നത്. ഉദാ: “കര്‍ത്താവ് എന്റെ കര്‍ത്താവിനോടു അരുളി ചെയ്തു” (Matthew 22:44). സുറിയാനിയിലും ഇതില്‍ ‘മൊര്‍യോ’ (കര്‍ത്താവ്) ‘മോറാന്‍’ (എന്റെ കര്‍ത്താവ്) എന്ന വാക്കുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതായത് പഴയ നിയമ ഉദ്ധരണികള്‍ എല്ലാം പുതിയ നിയമത്തില്‍ ഉപയോഗിക്കുന്നത് Septuagint -ല്‍ നിന്നാണ് എന്ന് വ്യക്തം. അതുകൊണ്ടുതന്നെ പൌലോസ് പോലുള്ള അപ്പോസ്തോലന്മാര്‍ ഒരിക്കല്‍ പോലും YHWH എന്ന് ഉപയോഗിച്ചില്ല. പകരം Kyrios (കര്‍ത്താവ്) എന്ന് തന്നെയാണ് ഉപയോഗിച്ചത്. പുതിയ നിയമത്തിന്റെ ഭൂരിഭാഗം കയ്യെഴുത്ത് പ്രതികളിലും Kyrios എന്ന് തന്നെയാന്‍ ഉപയോഗം. യഹൂദ ആഭിമുഖ്യമുള്ള അപൂര്‍വ്വം ചില പുതിയ നിയമ കയ്യെഴുത്ത് പ്രതികളിലും YHWH എന്ന് കൊടുത്തിട്ടുണ്ടെങ്കിലും അവര്‍ വായനയില്‍ അത് ഉച്ചരിചിരുന്നില്ല എന്ന് ഊഹിക്കാവുന്നതാണ്.

ആദിമ പിതാക്കന്മാര്‍

ആദിമ പിതാക്കന്മാരും YHWH എന്ന് ഉപയോഗിക്കുന്നില്ല. പകരം Kyrios എന്ന് തന്നെ എഴുതി കാണുന്നു. ചില സന്ദര്‍ഭങ്ങളില്‍ ദിവ്യനാമം എന്താണ് എന്ന് പറയുമ്പോള്‍ YHWH എന്നതിന് പകരം സമാന വാക്കുകള്‍  ഉപയോഗിക്കുന്നു.  YHWH എന്ന പേര് അവര്‍ അത്ര പ്രധാനമായി കണ്ടില്ല എന്നാണു മനസ്സിലാക്കേണ്ടത്. വിവിധ പിതാക്കന്മാര്‍ ഉപയോഗിക്കുന്ന പേരുകള്‍ നോക്കാം.

ചില ഗ്രീക്ക് ജെറോം ഒക്കെ വളരെ വിരളമായി YHWH എന്ന് തന്നെ ഉപയോഗിക്കുന്നു. (Jerome, Epistle 25). എങ്കിലും അദ്ദേഹം അത് ഉച്ചരിക്കുന്നില്ല. ജെറോമിന്റെ ബൈബിള്‍ പരിഭാഷയില്‍ അദ്ദേഹം ‘കര്‍ത്താവ്’ എന്നര്‍ത്ഥം വരുന്ന ലത്തീന്‍ പദമാണ് ഉപയോഗിക്കുന്നത്. ചില ആദിമ ക്രൈസ്തവ ഗ്രീക്ക് കൃതികളില്‍ PIPI എന്ന് കാണുന്നു. “പിപി” എന്ന് ഉച്ചരിക്കുകയും ചെയ്തിരുന്നു! יהוה എന്നത് ഗ്രീക്ക് അക്ഷരം ഉപയോഗിച്ചു എഴുതിയപ്പോള്‍ വരുത്തിയ തെറ്റാണ് ഇത്. എന്തായാലും ആദിമ ക്രൈസ്തവര്‍ക്കും YHWH ഉടെ യഥാര്‍ത്ഥ ഉച്ചാരണം അറിയില്ലായിരുന്നു!

പിന്നെ എന്താണ് ദൈവത്തിന്റെ നാമം?

മോശ ദൈവത്തോട് പേര് ചോദിക്കുമ്പോള്‍ പറയുന്നത് ഇങ്ങനെയാണ്: “അവന്റെ നാമം എന്തെന്നു അവര്‍ എന്നോടു ചോദിച്ചാല്‍ ഞാന്‍ അവരോടു എന്തു പറയേണം എന്നു ചോദിച്ചു. അതിന്നു ദൈവം മോശെയോടു: ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു; ഞാന്‍ ആകുന്നു എന്നുള്ളവന്‍ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേല്‍മക്കളോടു പറയേണം എന്നു കല്പിച്ചു.” (പുറ 3:13,14). ഇവിടെ ദൈവം തന്റെ പേര് വെളിപ്പെടുത്തുന്നില്ല എന്നുള്ളത് ഓര്‍ക്കണം. എന്നാല്‍ പിന്നീട് ദൈവം പല പേരുകളില്‍ തന്നെ വെളിപ്പെടുത്തുന്നു: എല്‍ ശദ്ദായ് (ഉല്പ 17:1), എല്‍ എല്യോന്‍ (ഉല്പ 14:18), അദോനായി (ഉല്പ 15:2 etc.), അബ്രഹാമിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവം (പുറ 3:15) YHWH (പുറ 6:3), YHWH-നിസ്സി (പുറ 17:15), എല്‍ ഓലം (ഉല്പ 21:33) എന്നിങ്ങനെ ഇരുപതിലധികം പേരുകള്‍ പഴയ നിയമത്തില്‍ ദൈവത്തിനുണ്ട്. അതിനാല്‍ ദൈവത്തിന്റെ ഒരേ ഒരു പേരല്ല YHWH എന്നുള്ളത്.

എങ്കില്‍ പിന്നെ എന്താണ് ദൈവത്തിന്റെ നാമം? ദൈവം പൂര്‍ണമായി തന്നെതന്നെ വെളിപ്പെടുത്തിയ യേശുക്രിസ്തുവിലേക്ക് തന്നെ നോക്കാം. ഒരു യഹൂദന്‍ എന്ന നിലയില്‍ യേശുക്രിസ്തു ദൈവത്തെ YHWH എന്നോ അദോനായി എന്നോ വിശേഷിപ്പിക്കാന്‍ ഇഷ്ടപ്പെട്ടില്ല. പകരം അവിടുന്ന് ദൈവത്തെ വിളിക്കുന്നത്‌ ലോകത്തിലെ ഏറ്റവും മധുരമേറിയ ഒരു വാക്ക് കൊണ്ടാണ്: “അബ്ബാ” (പിതാവ്). അപ്പോസ്തോലന്മാരെയും അങ്ങനെ വിളിക്കാന്‍ പഠിപ്പിച്ചു. അതും ഒരു പേരല്ല. പേരിനേക്കാള്‍ ഒരു വിശേഷണം തന്നെയാണ്. ദൈവത്തിന്റെ സ്വഭാവം അതിന്റെ പൂര്‍ണതയില്‍ പ്രകടിപ്പിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല വിശേഷണം ആണ് “അബ്ബാ”. പിന്നീട് അവിടുന്ന് ദൈവത്തെ സംബോധന ചെയ്യുന്നത് “എലോയ്” (എന്റെ ദൈവം) എന്നാണ്. അവിടെ ദൈവത്തിന്റെ YHWH എന്ന വിശേഷണം ഉപയോഗിക്കുന്നില്ല. പുതിയ നിയമ ലേഖനങ്ങള്‍ പരിശോധിച്ചാല്‍ അപ്പോസ്തോലന്മാരും “പിതാവ്” എന്ന പേരില്‍ ദൈവത്തെ വിളിക്കാനാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്.

ദൈവത്തിനു പേരില്ലാതെ എങ്ങനെ?

‘യഹോവ’ അനുകൂലക്കാരുടെ മറ്റൊരു വാദമാണ് ഇനി ചര്‍ച്ച ചെയ്യാന്‍ പോകുന്നത്. പലപ്രാവശ്യം ബൈബിളില്‍ ദൈവം ‘തന്റെ നാമം’ സ്ഥാപിക്കും, പ്രസ്താവിക്കും എന്നിങ്ങനെ പറയുന്നുണ്ട്. (1 Kings 9:3, 1 Chronicles 22:8, Psalms 89:24 etc.). യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലും ‘നിന്റെ നാമം പരിശുദ്ധമാക്കപ്പെടെണമേ’ എന്നാണു. നാമം അറിയാതെ എങ്ങനെ അത് പരിശുദ്ധമാക്കപ്പെടാന്‍ നമ്മള്‍ പ്രാര്‍ഥിക്കും എന്നതാണ് വാദം!

ഇവിടെ ‘ദൈവത്തിന്റെ നാമം’ എന്നാല്‍ നാം നമ്മുടെ പേരുകള്‍ ഉച്ചരിക്കുന്നത് പോലെ ഉള്ള ഒന്നല്ല. ദൈവത്തിന്റെ നാമം എന്നാല്‍ അവന്റെ സാന്നിധ്യമാണ്. പേരിനേക്കാള്‍ ഉപരി ഉള്ള അവന്റെ മഹത്വവും സ്നേഹവും ആണ് വിവക്ഷ.  “നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരില്‍ ആകുവാനും ഞാന്‍ അവരില്‍ ആകുവാനും ഞാന്‍ നിന്‍റെ നാമം അവര്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.” (യോഹ.17:26) എന്ന് പറയുന്നു എങ്കിലും അവന്‍ ഒരിക്കല്‍ പോലും ദൈവത്തെ YHWH എന്ന് വിളിച്ചില്ല – വെളിപ്പെടുത്തിയില്ല – എന്ന് നാം കണ്ടു. ‘പേര്‍ വെളിപ്പെടുത്തി’ എന്നാല്‍ വ്യക്തിത്വം വെളിപ്പെടുത്തി എന്നര്‍ത്ഥം. ഏതെങ്കിലും ഒരു പേരില്‍ ഒതുക്കാവുന്നതല്ല ദൈവത്തിന്റെ വ്യക്തിത്വം. അത് ഒരു പേര് ഉച്ചരിക്കുന്നതിലൂടെ ദൈവത്തെ ഒരു വ്യക്തിക്ക് മനസ്സിലാകാന്‍ ഒരു തരവുമില്ല. പ്രാര്‍ഥനയും ഗഹനമായ ധ്യാനവും ദൈവവചന മനനവും ദൈവത്തെ അപൂര്‍ണമായെങ്കിലും മനസ്സിലാക്കാന്‍ ആവശ്യമുണ്ട്.

എന്തുകൊണ്ട് അപ്പോസ്തോലിക സഭകള്‍ ‘യഹോവ’ ഉപയോഗിക്കുന്നില്ല?

അപ്പോസ്തോലിക സഭകള്‍ തങ്ങളുടെ ബൈബിള്‍ പരിഭാഷകളിലും ആരാധനയിലും ‘യഹോവ’ എന്ന് ദൈവത്തെ വിളിക്കുന്നില്ല. താഴെ പറയുന്നതാണ് അതിനുള്ള കാരണങ്ങള്‍.

1. തെറ്റായ ഉച്ചാരണം: ‘യഹോവ’ എന്നത് തന്നെ അടിസ്ഥാനപരമായി തെറ്റായ ഉച്ചാരണം ആണ്. തെറ്റായ ഉച്ചാരണത്തോടെ  തന്നെ ദൈവത്തെ വിളിച്ചേ തീരൂ എന്ന് നിര്‍ബന്ധം പിടിക്കുന്നില്ല.

2. ഒരു ഒരു നാമമല്ല : ദൈവത്തിന്റെ വിശേഷണങ്ങളില്‍ ഒന്ന് മാത്രമാണ് YHWH എന്നുള്ളത്. അതുകൊണ്ട് ഒരു പ്രത്യേക പേര് മാത്രമേ ദൈവത്തിനു ഉള്ളൂ എന്ന് ബൈബിള്‍ ഉപയോഗിച്ചു തെളിയിക്കുവാന്‍ സാധ്യമല്ല.

3. ക്രിസ്തീയത ദൈവസങ്കല്‍പ്പം യഹൂദരുടെതില്‍ നിന്നും വ്യത്യസ്തമാണ് (Theological Reason) യഹോവ എന്നുള്ളത് എബ്രായ ദൈവസങ്കല്‍പ്പത്തിന്റെ പേരാണ്. എന്നാല്‍ എബ്രായ ദൈവസങ്കല്‍പ്പം അല്ല ക്രിസ്തീയ ദൈവസങ്കല്‍പ്പം. അതുകൊണ്ട് തന്നെ “യഹോവ” എന്ന് വിളിക്കുന്നതിനേക്കാള്‍ “കര്‍ത്താവ്” (മോറാന്‍) എന്നോ “പിതാവ്” എന്നോ വിളിക്കുന്നതാണ് സാര്‍വലൌകീകനായ ദൈവത്തെ വിശേഷിപ്പിക്കാന്‍ കൂടുതല്‍ നല്ലത്. “പിതാവ്” എന്ന് വിളിക്കുന്നതാണ് ദൈവത്തിന്റെ സ്വഭാവത്തെ കൂടുതല്‍ വെളിപ്പെടുത്തുന്നത് എന്ന് യേശു ക്രിസ്തു പഠിപ്പിച്ചു. യേശു തമ്പുരാന്‍ പ്രാര്‍ഥിക്കാന്‍ പഠിപ്പിച്ചത് “സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ യഹോവേ ..” എന്നല്ല.

4. എല്ലാ നാമത്തിലും മീതെ ഉള്ളത് ‘യേശു’ എന്ന നാമമാണ് അഥവാ വ്യക്തിയാണ് (Christological Reason) : നമ്മുടെ ദൈവത്തിന്റെ പേര് ‘യേശു’ എന്നതാണ്. “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാന്‍ ആകാശത്തിന്‍ കീഴില്‍ മനുഷ്യരുടെ ഇടയില്‍ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” (അപ്പൊ 4:12). “അതുകൊണ്ടു ദൈവവും അവനെ ഏറ്റവും ഉയര്‍ത്തി സകലനാമത്തിന്നും മേലായ നാമം നല്കി” (ഫിലി 2:9).

ആദിമ വിശ്വാസ പ്രമാണം AD 325-ല്‍ നിഖ്യായില്‍ വച്ചു രൂപപ്പെടുത്തുമ്പോള്‍ ദൈവത്തെ സംബോധന ചെയ്യുന്നത് “സര്‍വശക്തിയുള്ള പിതാവായി ആകാശത്തിന്റെയും ഭൂമിയുടെയും കാണപ്പെടുന്നവയും കാണപ്പെടാത്തവായുമായ സകലത്തിന്റെയും സ്രഷ്ടാവായ സത്യ ഏക ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു.” എന്നാണ്. അവിടെ YHWH എന്ന പദം വരുന്നില്ല. ദൈവത്തെ ‘യഹോവ’ എന്ന് വിളിക്കുന്ന ഒരു പാരമ്പര്യവും ക്രിസ്ത്യാനികളായ നമുക്കില്ല. ‘യഹോവ’ എന്ന പരിഭാഷയുള്ള ബൈബിളോ മറ്റോ പരസ്യമായി വായിക്കുമ്പോള്‍ അത് ഉച്ചരിക്കാതെ ‘കര്‍ത്താവ്’ എന്ന് ഉച്ചരിക്കാന്‍ കാര്‍മല്‍ ടീം ആഹ്വാനം ചെയ്യുന്നു.

കത്തോലിക്കാ സഭയില്‍ YHWH എന്നതിന്റെ ഉപയോഗം ബൈബിള്‍ പരിഭാഷകളിലും ആരാധനയിലും ഉപയോഗിക്കുന്നത് ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ കല്‍പ്പന മൂലം നിരോധിച്ചു എന്നതും സ്മരണാര്‍ഹമാണ്.

ഉപസംഹാരം

YHWH എന്ന പേര് ദൈവത്തിന്റെ ഒരു വിശേഷണവും അതിന്റെ യഥാര്‍ത്ഥ ഉച്ചാരണം അജ്ഞാതവുമാണ്. യേശുക്രിസ്തു ദൈവത്തെ വിളിക്കുവാന്‍ ഒരിക്കല്‍ പോലും ആ പദം ഉപയോഗിക്കുന്നില്ല. എബ്രായ ദൈവസങ്കല്‍പ്പത്തെക്കാള്‍ വ്യത്യസ്തമാണ് ക്രിസ്തീയ ദൈവസങ്കല്‍പ്പം എന്നതുകൊണ്ട്‌ ദൈവത്തെ ‘പിതാവ്’ എന്നോ ‘കര്‍ത്താവ്’ എന്നോ വിളിക്കുന്നതാണ് ആദിമ സഭയുടെ പാരമ്പര്യം. ആദിമ വിശ്വാസപ്രമാണത്തിലും ആ പേര് കാണുന്നില്ല. അപ്പോസ്തോലിക സഭകള്‍ ആ പാരമ്പര്യം ഇന്നും പിന്തുടരുന്നു. YHWH എന്ന പേര് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടെന്നല്ല, പ്രത്യുത, ആ പേര് ക്രിസ്തീയ ദൈവങ്കല്‍പ്പത്തെ മുഴുവനായി വെളിവാക്കാന്‍ പര്യാപ്തമല്ല. പിതാവായ ദൈവത്തിന്റെ സ്നേഹവും ഏകാജാതന്റെ കൃപയും പരിശുദ്ധ റൂഹായുടെ സംബന്ധവും ആവാസവും നമ്മോടൊപ്പം ഉണ്ടായിരിക്കട്ടെ!